പ്രേക്ഷക – നിരൂപക പ്രശംസ ഏറെ നേടി ആസിഫ് അലി ചിത്രം “രേഖാചിത്രം” തിയേറ്ററുകള്‍ പ്രദർശന വിജയം നേടുകയാണ്.രേഖാചിത്രത്തിലെ ഡിലീറ്റഡ് സീൻ പുറത്തുവിട്ട് അണിയറക്കാർ. അന്വേഷണത്തിന്റെ ഭാഗമായി ആസിഫ് അലിയുടെ കഥാപാത്രം ഒരു തയ്യല്‍ക്കാരിയുടെ അടുത്തെത്തുന്നതും അവരില്‍ നിന്ന് വിവരങ്ങള്‍ അറിയുന്നതുമാണ് രംഗം.
ഈ സീൻ ചിത്രത്തില്‍ നിന്ന് ഒഴിവാക്കുകയായിരുന്നു. ഈ സീനില്‍ അഭിനയിച്ച ജൂനിയർ ആർടിസ്റ്റിനെ ആസിഫ് അലി ആശ്വസിപ്പിച്ചത് സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.ഉദയംപേരൂർ പൂത്തോട്ടയുള്ള ഓട്ടോ ഡ്രൈവർ സുലേഖയാണ് ഒഴിവാക്കപ്പെട്ട രംഗത്തിന്റെ പേരില്‍ വാർത്തകളില്‍ നിറഞ്ഞു നിന്ന താരം. അഭിനയിച്ച സീൻ സിനിമയില്‍ നിന്നൊഴിവാക്കപ്പെട്ടതറിഞ്ഞ് തിയറ്ററില്‍ വച്ച് സുലേഖ പൊട്ടിക്കരയുകയായിരുന്നു.
താൻ അഭിനയിച്ച സീൻ സിനിമയില്‍ നിന്ന് ഒഴിവാക്കപ്പെട്ടത് അറിയാതെ സുഹൃത്തുക്കള്‍ക്കൊപ്പം സിനിമ കാണാൻ വന്നതായിരുന്നു സുലേഖ. എന്നാല്‍ ആ സീൻ ഇല്ലെന്ന് അറിഞ്ഞപ്പോള്‍ പൊട്ടിക്കരയുകയായിരുന്നു.
സുലേഖയുടെ കാര്യം ശ്രദ്ധയില്‍പ്പെട്ട സംവിധായകൻ ജോഫിൻ ടി ചാക്കോ അവരോടു ക്ഷമ ചോദിക്കുകയും അവർ അഭിനയിച്ച രംഗം പുറത്തു വിടുമെന്ന് അറിയിക്കുകയും ചെയ്തു. റിലീസ് ദിവസം തന്നെ സുലേഖയെ വിളിച്ചു വരുത്തിയ ആസിഫ് അലി അവരെ ആശ്വസിപ്പിക്കുകയും അടുത്തൊരു സിനിമയില്‍ അവസരം വാഗ്ദാനം ചെയ്യുകയും ചെയ്തു.
2025ൻ്റെ തുടക്കത്തില്‍ തന്നെ ഒരു ഗംഭീര വിജയഗാഥ ആരംഭിച്ചിരിക്കുകയാണ് ആസിഫ് അലി. അദ്ദേഹത്തിന്‍റെ ഈ വര്‍ഷത്തെ ആദ്യ റിലീസായ “രേഖാചിത്രം” ജനുവരി ഒൻപതിനാണ് തിയറ്ററുകളില്‍ എത്തിയത്. മലയാളത്തില്‍ അപൂര്‍വ്വമായ ഓള്‍ട്ടര്‍നേറ്റ് ഹിസ്റ്ററി എന്ന സബ് ജോണറില്‍ എത്തിയ ചിത്രം ഒരു മിസ്റ്ററി ക്രൈം ഡ്രാമ കൂടിയാണ്.
ദി പ്രീസ്റ്റിന് ശേഷം ജോഫിന്‍ ടി ചാക്കോ സംവിധാനം ചെയ്ത ചിത്രത്തില്‍ മലയാളം ഇന്നുവരെ കണ്ടിട്ടില്ലാത്ത ചില സര്‍പ്രൈസുകളുമുണ്ട്. പോസിറ്റീവ് മൗത്ത് പബ്ലിസിറ്റി നേടുന്നതില്‍ ആദ്യദിനം തന്നെ വിജയിച്ച ചിത്രം ബോക്സ് ഓഫീസിലും മികച്ച പ്രതികരണമാണ് നേടുന്നത്.
ആദ്യ ആഴ്ചയില്‍ തന്നെ മുടക്കുമുതലിൻറെ നാലിരട്ടിയാണ് ചിത്രത്തിന്റെ വേള്‍ഡ് വൈഡ് കളക്ഷൻ. 2025ലെ ആദ്യ ബ്ലോക്ക് ബസ്റ്റർ ഹിറ്റായി രേഖപ്പെടുത്തിയ രേഖാചിത്രം ആസിഫ് അലിയുടെ കരിയറില്‍ തന്നെ ഏറ്റവും മികച്ച ബോക്സ് ഓഫീസ് ഇനിഷ്യലാണ്. കാവ്യ ഫിലിം കമ്ബനി, ആൻ മെഗാ മീഡിയ എന്നീ ബാനറുകളില്‍ വേണു കുന്നപ്പിള്ളിയാണ് രേഖാചിത്രം നിർമ്മിച്ചത്.












