മുംബൈ: ബുൽധാന ജില്ലയിലെ ഷെഗാവ് തഹസിൽ ബോണ്ട്‌ഗാവ് ഗ്രാമത്തിൽ നിന്നാണ് ആശങ്കപെടുത്തുന്ന രോഗ വിവരം വരുന്നത്.അടുത്തിടെ ഒരുപാട് പേർക്കാണ് മുടി കൊഴിച്ചിൽ അനുഭവപ്പെട്ടത്.ആദ്യം തലയോട്ടിയിൽ ചൊറിച്ചിൽ അനുഭവപെടുകയും പിന്നീട് ദിവസങ്ങൾക്കുള്ളിൽ മുടി മുഴുവൻ കൊഴിഞ്ഞു പോവുകയും ആണ് ചെയ്യുന്നത്. ബോണ്ട്ഗാവ്, കൽവാഡ്, ഹിംഗന എന്നിവിടങ്ങളിൽ നിന്നുള്ള 55-ലധികം നിവാസികളിൽ മുടി കൊഴിച്ചിൽ ഉണ്ടായത്.
അതേസമയം കൂടുതൽ കേസുകൾ ഉണ്ടാകുമെന്ന് ആരോഗ്യ ഉദ്യോഗസ്ഥർ ഭയപ്പെടുന്നുണ്ട്.ജനുവരി 2 ന്, മൂന്ന് സ്ത്രീകൾക്ക് കാര്യമായ മുടി കൊഴിച്ചിൽ നേരിടേണ്ടി വന്നതോടെയാണ് പ്രശ്നം ആരംഭിച്ചത്.സമാനമായ കൂടുതൽ കേസുകൾ ഉയർന്നുവന്നതോടെ, ബോണ്ട്ഗാവിലെ സർപഞ്ച് ജില്ലാ ആരോഗ്യ അധികാരികളെ അറിയിച്ചു.പ്രാദേശിക ആശുപത്രികളിൽ സഹായം തേടിയെങ്കിലും, മെഡിക്കൽ സ്റ്റാഫുകൾക്കിടയിൽ ആശയക്കുഴപ്പവും ധാരണയില്ലായ്മയും നിലനിന്നതിനാൽ ചികിത്സ വൈകുന്നതായും റിപ്പോർട്ടുകളുണ്ട്.
ആശങ്കാജനകമായ സാഹചര്യത്തിൽ സർക്കാർ ആരോഗ്യ ഉദ്യോഗസ്ഥർ അന്വേഷണം ആരംഭിച്ചു. വെള്ളം, മുടി, ചർമ്മം എന്നിവയുടെ സാമ്പിളുകൾ വിശകലനത്തിനായി ശേഖരിച്ചിട്ടുണ്ടെന്നും ജലത്തിൻ്റെ ഗുണനിലവാരത്തിൽ പ്രാഥമിക ശ്രദ്ധ നൽകിയിട്ടുണ്ടെന്നും ഡോ. ദീപാലി ഭയേക്കർ പങ്കുവെച്ചു.





