സർവകലാശാല വൈസ് ചാൻസലർ നിയമനങ്ങളില്‍ ചാൻസലർക്ക് കൂടുതല്‍ അധികാരം നല്‍കുന്ന നിയമ പരിഷ്കാരത്തിന്റെ കരട് യുജിസി വിജ്ഞാപനം ചെയ്തു.വൈസ് ചാൻസലർമാരുടേയും അധ്യാപകരുടേയും അക്കാദമിക് സ്റ്റാഫുകളുടേയും നിയമനത്തിനും സ്ഥാനക്കയറ്റത്തിനുമുള്ള പരിഷ്കരിച്ച കരട് ചട്ടങ്ങളാണ് യുജിസി പുറത്തിറക്കിയത്.
വിസി നിയമനത്തിനുള്ള സെർച്ച് കമ്മിറ്റിയെ നിശ്ചിയിക്കുക ചാൻസലർ ആയിരിക്കുമെന്നു കരടില്‍ പറയുന്നു. കേരളത്തിലെ പ്രധാന സർവകലാശാലകളിലെല്ലാം ചാൻസലർ ഗവർണറായതിനാല്‍ ഫലത്തില്‍ വിസി നിയമനങ്ങളില്‍ ഗവർണർക്ക് കൂടുതല്‍ അധികാരങ്ങള്‍ ലഭിക്കും. 2018ലെ യുജിസി വിജ്ഞാപനത്തില്‍ വിസി നിയമനാധികാരം ആർക്കെന്നു കൃത്യമായി രേഖപ്പെടുത്തിയിരുന്നില്ല എന്നത് തർക്കത്തിനും കേസുകള്‍ക്കും കാരണമായിരിക്കെയാണ് യുജിസിയുടെ പരിഷ്കാരങ്ങള്‍.
കരടിലെ വ്യവസ്ഥയനുസരിച്ച് ചാൻസലർ നിർദ്ദേശിക്കുന്ന ആളാകും സെർച്ച് കമ്മിറ്റി ചെയർപേഴ്സൻ. രണ്ടാമത്തെ അംഗത്തെ യുജിസി ചെയർമാൻ നാമനിർദ്ദേശം ചെയ്യും. സിൻഡിക്കേറ്റ്, സെനറ്റ്, എക്സിക്യൂട്ടീവ് കൗണ്‍സില്‍, ബോർഡ് ഓഫ് മാനേജ്മെന്റ് എന്നിങ്ങനെയുള്ള സമിതികള്‍ക്ക് മൂന്നാമത്തെ അംഗത്തെ നിർദ്ദേശിക്കാം.അപേക്ഷകരില്‍ നിന്നു കമ്മിറ്റി നിർദ്ദേശിക്കുന്ന 3- 5 പേരില്‍ നിന്നു ഒരാളെ ചാൻസലർക്കു വിസിയായി നിയമിക്കാം. പുനർ നിയമനത്തിനും അനുമതിയുണ്ട്.
സർവകലാശാല വിസി നിയമനങ്ങളെ ചൊല്ലിയുള്ള ഗവർണർ- സർക്കാർ പോരുകള്‍ രൂക്ഷമായ സാഹചര്യത്തില്‍ കൂടിയാണ് പുതിയ കരട് ചട്ടം യുജിസി ഇറക്കിയത്. കേന്ദ്ര, സംസ്ഥാന സർവകലാശാലകള്‍ക്ക് പുതിയ ചട്ടം ബാധകമാണ്. ഇതിനു വിരുദ്ധമായി നടത്തുന്ന വിസി നിയമനം അസാധുവാകും.






