ഒപ്പം നായികമാരായി അഭിനയിച്ചവരെ കണ്ടപ്പോള്‍ നടൻ മധുവിന് സന്തോഷം.ഓർമ്മകള്‍ പഴയ കാലത്തിലേക്ക്.കഥയും കഥാപാത്രത്തേയും പറ്റിപ്പറഞ്ഞ് ഏറെ നേരം ചിരിച്ചു.
കെ.ആർ.വിജയ,റീന,ഹേമ ചൗധരി,സച്ചു (സരസ്വതി),ഉഷാ കുമാരി,ഭവാനി (ലിസ), ശോഭ(ചെമ്ബരത്തി), രാജശ്രീ (ഗ്രേസി), വഞ്ചിയൂർ രാധ എന്നിവരാണ് മധുവിന്റെ വീട്ടില്‍ എത്തിയത്. ഡബ്ബിംഗ് ആർട്ടിസ്റ്റും നടിയുമായ ഭാഗ്യലക്ഷ്മിയും ഒപ്പമുണ്ടായിരുന്നു. ചലച്ചിത്രമേളയോടനുബന്ധിച്ച് മുതിർന്ന അഭിനേത്രിമാരെ അദരിക്കുന്ന ചടങ്ങില്‍ പങ്കെടുക്കാൻ എത്തിയവരാണ് എല്ലാവരും.
ഇന്ന് വൈകിട്ട് 4.30ന് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടക്കുന്ന ‘മറക്കില്ലൊരിക്കലും’ എന്ന ചടങ്ങില്‍ മന്ത്രി സജി ചെറിയാനാണ് നടിമാരെ ആദരിക്കുന്നത്. ഇവരെ കൂടാതെ ടി.ആർ.ഓമന,വിധുബാല,കനകദുർഗ,ശാന്തികൃഷ്ണ,ശ്രീലത നമ്ബൂതിരി,സുരേഖ,ജലജ,മേനക,അനുപമ മോഹൻ,ശാന്തകുമാരി,മല്ലിക സുകുമാരൻ,വിനോദിനി,വനിത കൃഷ്ണചന്ദ്രൻ എന്നിവരെയും ആദരിക്കും.

















