പ്ലസ്ടു കോഴ കേസില്‍ മുസ്ലിംലീഗ് നേതാവ് കെ.എം.ഷാജിക്കെതിരായ വിജിലൻസ് അന്വേഷണം റദ്ദാക്കിയതിന് എതിരെ സംസ്ഥാന സർക്കാർ നല്‍കിയ ഹർജി സുപ്രീംകോടതി തള്ളി. കള്ളപ്പണ നിരോധന നിയമവുമായി ബന്ധപ്പെട്ട് ഷാജിക്ക് എതിരെ എടുത്ത കേസ് ഹൈക്കോടതി റദ്ദാക്കിയതിനെതിരെ ഇഡി നല്‍കിയ ഹർജിയും സുപ്രീംകോടതി തള്ളി. എന്ത് തരം കേസാണ് ഇതെന്ന പരാമർശത്തോടെയാണ് ജസ്റ്റിസുമാരായ അഭയ് എസ് ഓക, അഗസ്റ്റിൻ ജോർജ് മസിഹ് എന്നിവർ അടങ്ങിയ ബെഞ്ച് ഹർജികള്‍ തള്ളിയത്.

കേസില്‍ ഇതുവരെ വിജിലൻസ് രേഖപ്പെടുത്തിയ 54 പേരുടെയും മൊഴികള്‍ പരിശോധിച്ച ശേഷമാണ് സുപ്രീംകോടതി ഹർജി തള്ളിയത്. മൊഴി നല്‍കിയവരില്‍ ഏതെങ്കിലും ഒരു വ്യക്തി ഷാജി പണം ആവശ്യപെട്ടിട്ടുണ്ടോ എന്നും പണം വാങ്ങിയോ എന്നും മൊഴി നല്‍കിയിട്ടുണ്ടോ എന്നും സുപ്രീംകോടതി ആരാഞ്ഞു. അത്തരം ഒരു മൊഴിയുണ്ടെങ്കില്‍ അത് കാണിക്കാൻ സംസ്ഥാന സർക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകരോട് സുപ്രീംകോടതി ആവശ്യപ്പെട്ടു. കേട്ടുകേള്‍വിയുടെ അടിസ്ഥാനത്തില്‍ പണം ആവശ്യപ്പെട്ടു, വാങ്ങി തുടങ്ങിയ മൊഴികളല്ല വേണ്ടതെന്നും കോടതി ചൂണ്ടിക്കാട്ടി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

എന്നാല്‍ അന്വേഷണം പൂർത്തിയായിട്ടില്ലെന്നും, കുറ്റപത്രം സമർപ്പിക്കാൻ അനുവദിക്കണമെന്നും സർക്കാർ ആവശ്യപ്പെട്ടു. വിചാരണാ കോടതിയാണ് ഷാജി കുറ്റക്കാരൻ ആണോ അല്ലയോ എന്ന് കണ്ടെത്തേണ്ടതെന്നും സർക്കാർ സുപ്രീംകോടതിയില്‍ വാദിച്ചു. എന്നാല്‍ ഈ ആവശ്യം അംഗീകരിച്ചാല്‍ ഏതൊരു രാഷ്ട്രീയക്കാരന് എതിരെയും ബാലിശമായ കേസ് രജിസ്റ്റർ ചെയ്യാൻ സർക്കാരുകള്‍ക്ക് അനുമതി നല്‍കുന്നതിന് തുല്യമാകുമെന്നും സുപ്രീംകോടതി വ്യക്തമാക്കി. തുടർന്നാണ് കേസ് റദ്ദാക്കിയ ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി ശരിവെച്ചത്. കള്ളപ്പണ നിരോധന നിയമവുമായി ബന്ധപ്പെട്ട് ഷാജിക്ക് എതിരെ എടുത്ത കേസ് ഹൈക്കോടതി റദ്ദാക്കിയതിനെതിരെ ഇ.ഡി നല്‍കിയ ഹർജിയും സുപ്രീംകോടതി തള്ളി.

2014-ല്‍ അഴീക്കോട് സ്കൂളിലെ പ്ലസ്ടു ബാച്ച്‌ അനുവദിക്കാൻ കെ.എം ഷാജി 25 ലക്ഷം രൂപ കോഴ വാങ്ങിയെന്ന പരാതിയിലാണ് വിജിലൻസ് കേസ് രജിസ്റ്റർ ചെയ്തിരുന്നത്. 2020-ല്‍ രജിസ്റ്റർ ചെയ്ത കേസ് നേരത്തെ കേരള ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഇതിനെതിരെ സംസ്ഥാന സർക്കാരാണ് സുപ്രീംകോടതിയെ സമീപിച്ചത്. സംസ്ഥാന സർക്കാരിന് വേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ നീരജ് കിഷൻ കൗളും, സ്റ്റാന്റിംഗ് കോണ്‍സല്‍ ഹർഷദ് വി. ഹമീദും ആണ് സുപ്രീം കോടതിയില്‍ ഹാജരായത്. കെ.എം. ഷാജിക്ക് വേണ്ടി സീനിയർ അഭിഭാഷകൻ നിഖില്‍ ഗോയല്‍, അഭിഭാഷകൻ ഹാരിസ് ബീരാൻ എന്നിവരാണ് ഹാജർ ആയത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക