ഹിന്ദു, മുസ്‌ലിം വിഭാഗങ്ങളുടേത് പോലെ പോലെ സഭാ സ്വത്തുക്കള്‍ കൈകാര്യം ചെയ്യുന്നതിനും പ്രത്യേക ബോർഡ് രൂപീകരിക്കണമെന്ന മദ്രാസ് ഹൈക്കോടതിയുടെ നിര്‍ദേശത്തിനെതിരെ ക്രിസ്ത്യന്‍ സഭാ നേതാക്കള്‍.
വഖഫ് ബോര്‍ഡ് പോലെ സഭാ സ്വത്തുക്കള്‍ക്കായി പ്രത്യേക ബോര്‍ഡ് സ്ഥാപിക്കുന്നത് സംബന്ധിച്ച് നിര്‍ദേശം നല്‍കാന്‍ മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ചാണ് കേന്ദ്രസര്‍ക്കാറിനോടും തമിഴ്നാട് സര്‍ക്കാറിനോടും ആവശ്യപ്പെട്ടത്. പിന്നാലെയാണ് ക്രിസ്ത്യന്‍ സഭാ നേതാക്കള്‍ ആശങ്കയറിയിച്ച് രംഗത്ത് എത്തിയത്.
കന്യാകുമാരി ജില്ലയിലെ നാഗർകോവിലിലുള്ള സ്കോട്ട് ക്രിസ്ത്യൻ കോളജിലെ ജീവനക്കാരുടെ നിയമനവും ശമ്ബളവും സംബന്ധിച്ച തർക്കങ്ങളുമായി ബന്ധപ്പെട്ട കേസിലാണ് കോടതി ഇക്കാര്യം നിര്‍ദേശിച്ചത്. ഇവിടെ സഭയുടെ സ്വത്തുക്കളും ഫണ്ടുകളും വ്യക്തിപരമായ നേട്ടങ്ങള്‍ക്കായി ദുരുപയോഗം ചെയ്തതായും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.
“സഭയുടെ സ്വത്തുക്കളും ഫണ്ടുകളും ദുര്‍വിനിയോഗം ചെയ്യുന്നതായി പല കേസുകളില്‍ നിന്നും വ്യക്തമായതാണ്. ഈ പ്രശ്നം പരിഹരിക്കാൻ അഡ്മിനിസ്ട്രേറ്റർമാരെ നിയമിക്കാറാണ് പതിവ്. സ്വത്ത് തര്‍ക്കത്തിന് ശാശ്വത പരിഹാരത്തിനുള്ള സമയം അതിക്രമിച്ചിരിക്കുന്നു’- ജസ്റ്റിസ് സതീഷ് കുമാര്‍ പറഞ്ഞു.
‘ ക്രിസ്ത്യൻ സ്ഥാപനങ്ങള്‍ വിദ്യാഭ്യാസം, ആതുരാലയങ്ങള്‍ തുടങ്ങി വിവിധ പൊതുപ്രവർത്തനങ്ങള്‍ ചെയ്യുന്നുണ്ട് എന്നത് യാഥാര്‍ത്ഥ്യമാണ്. അതിനാല്‍ ഇവരുടെ ആസ്തികളും ഫണ്ടുകളും സംരക്ഷിക്കപ്പെടണം. ഹിന്ദു, ഇസ്‌ലാമിക ട്രസ്റ്റുകള്‍ നിയമപരമായ വ്യവസ്ഥകളാല്‍ നിയന്ത്രിക്കപ്പെടുന്നു. ഇവരെ സംരക്ഷിക്കാൻ എൻഡോവ്‌മെൻ്റ് വകുപ്പും വഖഫ് ബോർഡുമുണ്ട്. എന്നാല്‍ ക്രിസ്ത്യൻ സംഘടനകള്‍ക്ക് അത്തരമൊരു സമഗ്രമായ നിയന്ത്രണമില്ല”- ജസ്റ്റിസ് സതീഷ് കുമാര്‍ വ്യക്തമാക്കി.
സഭാ ഭരണസംവിധാനങ്ങളെ കൂടുതല്‍ ഉത്തരവാദിത്തമുള്ളവരാക്കേണ്ടതിൻ്റെ ആവശ്യകതയാണ് ജഡ്ജി ഊന്നിപ്പറഞ്ഞത്. പള്ളി സ്വത്തുക്കളുമായി ബന്ധപ്പെട്ട നിരവധി കേസുകള്‍ വിവിധ കോടതികളിലുള്ളതിനാല്‍ നിയമപരമായ പരിരക്ഷയുള്ള ഒരു ബോഡിയുടെ ആവശ്യകതയും മധുര ബെഞ്ച് വ്യക്തമാക്കുന്നു. നവംബര്‍ 18ന് കേസില്‍ കോടതി വീണ്ടും വാദം കേള്‍ക്കും.
അതേസമയം കോടതി നിർദേശത്തില്‍ ആശങ്കയറിയിച്ച് സഭാ നേതാക്കള്‍ രംഗത്ത് എത്തി. കോടതി നിര്‍ദേശത്തിലെ പ്രത്യാഘാതങ്ങളെക്കുറിച്ച് ഞങ്ങളുടെ നിയമവകുപ്പ് പരിശോധിക്കുന്നുണ്ടെന്ന് കാത്തലിക് ബിഷപ്പ് കോണ്‍ഫറൻസ് ഓഫ് ഇന്ത്യ (സിബിസിഐ) വക്താവ് ഫാദർ റോബിൻസണ്‍ റോഡ്രിഗസ് പറഞ്ഞു. എന്നാല്‍ ഹിന്ദു, മുസ്‌ലിം സംഘടനകളുടേത് പോലെ പള്ളിയുടെ സ്വത്തുകള്‍ സംഭാവനയായി ലഭിച്ചതല്ലെന്നും വാങ്ങിയതാണെന്നുമാണ് മധുര കോടതിയില്‍ പ്രാക്ടീസ് ചെയ്യുന്ന പുരോഹിതൻ ഫാദര്‍ സന്താനം വ്യക്തമാക്കിയത്. അതിനാല്‍ കോടതിയുടെ കണ്ടെത്തലുകള്‍ പൂര്‍ണമായും ശരിയല്ലെന്നും അദ്ദേഹം പറയുന്നു.
അതേസമയം സ്വത്തുക്കള്‍ ദുരുപയോഗം ചെയ്യുന്നതിനെതിരെ സഭാ നേതാക്കള്‍ക്ക് അദ്ദേഹം മുന്നറിയിപ്പ് നല്‍കുന്നുമുണ്ട്. ഇത്തരം സംഭവങ്ങളുണ്ടായാല്‍ ജുഡീഷ്യറി ഉള്‍പ്പെടെ ഇടപെടുമെന്നും അത്തരമൊരു സാഹചര്യം ഉണ്ടാക്കരുതെന്നും അദ്ദേഹം പറയുന്നു. കേരളത്തിലും മഹാരാഷ്ട്രയിലും ചില ക്രിസ്ത്യൻ സംഘടനകള്‍ പള്ളി സ്വത്തുക്കളെ നിയന്ത്രിക്കുന്ന നിയമങ്ങള്‍ക്കായി വളരെക്കാലമായി രംഗത്തുണ്ട്.
സിറോ മലബാര്‍ സഭയുടെ എറണാകുളം അങ്കമാലി അതിരൂപതയുടെ കീഴിലുണ്ടായിരുന്ന കാക്കനാട്, തൃക്കാക്കര, സീപോര്‍ട്ട് എയര്‍പോര്‍ട്ട് റോഡ്, മരട് എന്നിവിടങ്ങളിലെ ഭൂമി വില്‍പ്പന നടത്തിയതില്‍ സഭയ്ക്ക് കോടികളുടെ നഷ്ടമുണ്ടായെന്നാണ് ആരോപണം കേരളത്തില്‍ ചര്‍ച്ചയായിരുന്നു. വിപണി വിലയുടെ മൂന്നിലൊന്ന് തുകയ്ക്ക് നടത്തിയ ഇടപാടില്‍ കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ അഴിമതി ആരോപണം ഉയര്‍ന്നിരുന്നു. ഭൂമി ഇടപാടില്‍ ഗുരുതര സാമ്ബത്തിക ക്രമക്കേടെന്ന് നടന്നെന്ന് ആദായനികുതി വകുപ്പും കണ്ടെത്തിയിരുന്നു.
ക്രൈസ്തവ സഭാ സ്വത്തുക്കള്‍ സുതാര്യമായി കൈകാര്യം ചെയ്യുന്നതിന് ചര്‍ച്ച് ആക്‌ട് നടപ്പാക്കണമെന്ന് മലങ്കര ആക്ഷന്‍ കൗണ്‍സില്‍ ഫോര്‍ ചര്‍ച്ച് ആക്‌ട് അസോസിയേഷന്‍ (മക്കാബി ) ഭാരവാഹികള്‍ ആവശ്യപ്പെടുന്നുണ്ട്. റിലീജ്യസ് പ്രോപ്പര്‍ട്ടി ആക്ടിന്റെ അഭാവം മൂലമാണ് വിവിധ ക്രൈസ്തവ ദേവാലയങ്ങളില്‍ കോടതി വിധികളുടെ പേരില്‍ വിഷയങ്ങള്‍ ഉണ്ടാകുന്നതെന്നായിരുന്നു മക്കാബി വ്യക്തമാക്കിയിരുന്നത്.
2009 ല്‍ ജസ്റ്റിസ് വി. ആര്‍. കൃഷ്ണയ്യര്‍ ചെയര്‍മാനായി നിയമ പരിഷ്‌കരണ കമ്മീഷന്‍ സര്‍ക്കാരിന് ശുപാര്‍ശ ചെയ്ത കേരള ക്രിസ്ത്യന്‍ ചര്‍ച്ച് പ്രോപ്പര്‍ട്ടീസ് ആന്‍ഡ് ഇന്‍സ്റ്റിറ്റിയൂഷന്‍സ് ട്രസ്റ്റ് ബില്‍ നിയമമാക്കണമെന്നാണ് ഇവരുടെ ആവശ്യം. എന്നാല്‍ നടപ്പാക്കാനുദ്ദേശിക്കുന്നില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്.