ജനിച്ച കുട്ടിയുടെ പേര് ശരീരത്തില്‍ പച്ചകുത്തിയ ബ്രസീല്‍ ഫുട്ബോള്‍ താരത്തിന് കിട്ടിയത് എട്ടിൻ്റെ പണി. പച്ചകുത്തി ഒരാഴ്ചക്കുള്ളില്‍ നടത്തിയ ഡിഎൻഎ ടെസ്റ്റിലാണ് കുട്ടിയുടെ പിതാവ് താനല്ല എന്ന് താരത്തിന് മനസിലാവുന്നത്. ഇക്കാര്യം താരത്തിൻ്റെ മുൻ ഭാര്യയാണ് അറിയിച്ചത്. താരവുമായി ബ്രേക്കപ്പായിരുന്ന സമയത്ത് മറ്റൊരാളുമായി താൻ ഡേറ്റ് ചെയ്യുകയായിരുന്നു എന്നാണ് യുവതിയുടെ വെളിപ്പെടുത്തല്‍. ഡെയിലിമെയില്‍ ആണ് വാർത്ത റിപ്പോർട്ട് ചെയ്തത്.
റയല്‍ മാഡ്രിഡിൻ്റെ മുൻ പ്രതിരോധ താരം വിനീഷ്യസ് തോബിയാസിനാണ് അബദ്ധം പിണഞ്ഞത്. നിലവില്‍ ഉക്രേനിയൻ ക്ലബ് ഷാക്തർ ഡൊനെറ്റ്‌സ്‌കിൻ്റെ താരമായ തോബിയാസിൻ്റെ മുൻ ഭാര്യ ഇൻഗ്രിഡ് ലീമ ഒക്ടോബർ എട്ടിനാണ് ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. കുഞ്ഞിന് മെയ്തേ എന്ന് പേരിടുകയും ചെയ്തു. ഇതോടെ ‘മെയ്തേ, ഐ ലവ് യൂ’ എന്ന് തോബിയാസ് ശരീരത്തില്‍ പച്ചകുത്തി. എന്നാല്‍, ജനനത്തിന് ഒരാഴ്ചയ്ക്ക് ശേഷം നടത്തിയ ഡിഎൻഎ പരിശോധനയില്‍ കുഞ്ഞിൻ്റെ പിതാവ് തോബിയാസ് അല്ലെന്ന് കണ്ടെത്തുകയായിരുന്നു. തോബിയാസുമായി ബ്രേക്കപ്പായതിന് ശേഷം താൻ മറ്റൊരാളുമായി ഡേറ്റിംഗിലായിരുന്നു എന്ന് സോഷ്യല്‍ മീഡിയ ഇൻഫ്ലുവൻസർ കൂടിയായ ഇൻഗ്രിഡ് ലീമ പറഞ്ഞു.
“എന്നെ ശല്യപ്പെടുത്തുന്ന ഒരു കാര്യത്തില്‍ ഔദ്യോഗികമായ പ്രതികരണമറിയിക്കാനാണ് ഞാനിവിടെ വന്നത്. നിർഭാഗ്യവശാല്‍ അത് പൊതുവേദിയില്‍ തന്നെ നല്‍കേണ്ടതുണ്ട്. വിനീഷ്യസും ഞാനും കുറച്ചുനാളായി ഒരുമിച്ചായിരുന്നില്ല. ആ സമയത്ത് ഞാൻ മറ്റൊരാളെ ഡേറ്റ് ചെയ്തു. വിനീഷ്യസും മറ്റൊരു ബന്ധത്തിലായിരുന്നു. ഞങ്ങള്‍ രണ്ട് പേരും ഞങ്ങളുടെ ജീവിതവുമായി മുന്നോട്ടുപോയി. ഇതിനിടെയാണ് മെയ്തെയുടെ ജനനം. ഞങ്ങള്‍ ഒരു ഡിഎൻഎ ടെസ്റ്റ് നടത്താൻ തീരുമാനിച്ചു. അതില്‍ മെയ്തെ വിനീഷ്യസിൻ്റെ കുഞ്ഞല്ലെന്ന് തെളിഞ്ഞു.”- ലീമ വിശദീകരിച്ചു. വിനീഷ്യസ് തോബിയാസ് ഇതുവരെ ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല. കുഞ്ഞിൻ്റെ പിതാവാരെന്ന് ലീമ വെളിപ്പെത്തിയിട്ടുമില്ല.
റയല്‍ മാഡ്രിഡിൻ്റെ ഫസ്റ്റ് ടീമില്‍ ഒരു തവണയാണ് 20കാരനായ തോബിയാസ് കളിച്ചത്. വായ്പാടിസ്ഥാനത്തില്‍ റയലിലെത്തിയ താരം രണ്ടാം ഡിവിഷൻ ക്ലബായ റയല്‍ മാഡ്രിഡ് കാസ്റ്റില്ലയില്‍ 2022 മുതല്‍ 2024 വരെ കളിച്ചു. ബയേണ്‍ മ്യൂണിച്ച്, യുവൻ്റസ്, റയല്‍ മാഡ്രിഡ്, അത്ലറ്റിക്കോ മാഡ്രിഡ് തുടങ്ങി വിവിധ ക്ലബുകള്‍ താരത്തിനായി രംഗത്തുണ്ടായിരുന്നെങ്കിലും ഷാക്തർ ആണ് താരത്തെ സ്വന്തമാക്കിയത്. പിന്നീടാണ് റയല്‍ മാഡ്രിഡ് താരത്തെ ലോണിലെത്തിച്ചത്.
2024-25 സീസണില്‍ തിരികെ ഷാക്തറിലേക്ക് പോയ താരം അഞ്ച് മത്സരങ്ങളില്‍ കളിച്ചു. 2019ലെ അണ്ടർ 15 സൗത്തമേരിക്കൻ ചാമ്ബ്യൻഷിപ്പില്‍ നടത്തിയ തകർപ്പൻ പ്രകടനങ്ങള്‍ കാരണമാണ് തോബിയാസ് യൂറോപ്യൻ ക്ലബുകളുടെ റഡാറിലെത്തിയത്. ടൂർണമെൻ്റ് ഫൈനലില്‍ ചിരവൈരികളായ അർജൻ്റീനയ്ക്കെതിരെ തോബിയാസ് ഒരു ഗോളടിക്കുകയും ചെയ്തു.







