പണവും സൗന്ദര്യവും വിദ്യാഭ്യാസ യോഗ്യതയും എല്ലാം ഉണ്ടായിരുന്നിട്ടും രത്തൻ ടാറ്റ വിവാഹം കഴിച്ചിരുന്നില്ല. സ്ത്രീവിരോധി ആയതിനാലല്ല രത്തൻ ടാറ്റ വിവാഹം കഴിക്കാതിരുന്നത് എന്നതാണ് ഏറെ രസകരം.ഒന്നിലേറെ പ്രണയബന്ധങ്ങള്‍ യൗവനത്തില്‍ രത്തൻ ടാറ്റയ്ക്ക് ഉണ്ടായിരുന്നു. എന്നാല്‍, ഒരു ബന്ധവും വിവാഹത്തിലേക്ക് എത്തിയില്ല. ഒരു അമേരിക്കൻ യുവതിയുമായുണ്ടായിരുന്ന പ്രണയം വിവാഹത്തിന് അടുത്തെത്തിയെങ്കിലും പിന്നീട് ആ യുവതിയും മറ്റൊരു വിവാഹം കഴിക്കുകയായിരുന്നു. വ്യവസായ – ജീവകാരുണ്യ മേഖലകളില്‍ വിജയക്കൊടി പാറിച്ച രത്തൻ ടാറ്റക്ക് തന്റെ പ്രണയങ്ങളൊന്നും വിജയത്തിലെത്തിക്കാൻ കഴിഞ്ഞില്ല എന്നതാണ് വാസ്തവം.
മുമ്ബ് CNNന് നല്‍കിയ ഒരു അഭിമുഖത്തില്‍ രത്തൻ ടാറ്റ തന്റെ പ്രണയത്തെ കുറിച്ച് തുറന്നു സംസാരിച്ചിരുന്നു. തന്റെ ജീവിതത്തില്‍ നാല് പ്രണയബന്ധങ്ങളുണ്ടായിരുന്നു എന്നാണ് അദ്ദേഹം വെളിപ്പെടുത്തിയത്. ഓരോ പ്രണയബന്ധങ്ങളും തകരാൻ വെവ്വേറെ കാരണങ്ങളുണ്ടായിരുന്നു എന്നും അദ്ദേഹം പറയുന്നു. ‘ജീവിതത്തില്‍ നാല് പ്രാവശ്യമാണ് വിവാഹത്തിനരികില്‍ വരെ എത്തിയത്. പക്ഷെ ഓരോ തവണയും ആ ഘട്ടമെത്തുമ്ബോള്‍ എന്തെങ്കിലുമൊരു കാരണത്താല്‍ എനിക്ക് പിന്മാറേണ്ടി വന്നു. തിരിഞ്ഞുനോക്കുമ്ബോള്‍, എന്റെ ജീവിതത്തിലേക്ക് വന്ന ഓരോരുത്തരെയും പരിശോധിക്കുമ്ബോള്‍, ഒരുപക്ഷെ ഞാൻ ചെയ്തത് അത്ര മോശമല്ലായിരിക്കാം.. കാരണം വിവാഹമെന്നത് കാര്യങ്ങളെ കൂടുതല്‍ സങ്കീർണമാക്കുമല്ലോ..’ രത്തൻ ടാറ്റ പുഞ്ചിരിയോടെ ചോദിച്ചു.
‘യുഎസില്‍ ജോലി ചെയ്തുകൊണ്ടിരിക്കുമ്ബോള്‍ ഉണ്ടായിരുന്ന പ്രണയം വളരെ ഗൗരവമേറിയതായിരുന്നു. ഞങ്ങള്‍ ഒന്നിക്കാതെ പോയതിന്റെ ഒരേയൊരു കാരണം ഞാൻ ഇന്ത്യയിലേക്ക് വന്നുവെന്നത് മാത്രമാണ്. എന്റെ കൂടെ വരാൻ നിന്നതായിരുന്നു അവള്‍. പക്ഷെ ആ വർഷമായിരുന്നു ഇന്ത്യ-ചൈന യുദ്ധം. അമേരിക്കയുടെ കണ്ണില്‍ അത് വലിയൊരു യുദ്ധമായിരുന്നു. അതിനാല്‍ അവള്‍ എന്റെ കൂടെ വന്നില്ല. ഒടുവില്‍ കാലങ്ങള്‍ പിന്നിട്ടപ്പോള്‍ അമേരിക്കയില്‍ തന്നെയുള്ള മറ്റൊരാളെ അവള്‍ വിവാഹം കഴിച്ചു.’ രത്തൻ ടാറ്റ പറഞ്ഞു.
ഏറ്റവുമധികം ചർച്ച ചെയ്യപ്പെട്ടിട്ടുള്ള ബന്ധമായിരുന്നു രത്തൻ-സിമി പ്രണയം. നടിയും അവതാരകയുമായിരുന്ന സിമി ഗരേവാള്‍ 70കളിലും 80കളിലും ബോളിവുഡ് ഐക്കണായിരുന്നു. സിമിയെ രത്തൻ വിവാഹം കഴിക്കുമെന്ന് തന്നെയാണ് അക്കാലത്ത് ഏവരും വിശ്വസിച്ചിരുന്നത്. ഇരുവരും അഗാധമായ പ്രണയത്തിലുമായിരുന്നു. വിവാഹം കഴിക്കാൻ തീരുമാനിച്ചതുമാണ്. പക്ഷെ, രണ്ട് വഴികളിലൂടെ സഞ്ചരിക്കാനായിരുന്നു വിധി. സിമി പിന്നീട് ഡല്‍ഹി സ്വദേശിയെ വിവാഹം ചെയ്തെങ്കിലും 1979ല്‍ വേർപിരിഞ്ഞു. അപ്പോഴും രത്തൻ അവിവാഹിതൻ തന്നെ. രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട ബിസിനസ് ഗ്രൂപ്പായ ടാറ്റയുടെ അമരക്കാരൻ ഈ മണ്ണില്‍ നിന്നും മടങ്ങുമ്ബോള്‍ താൻ സമ്ബാദിച്ചതൊന്നും കൈമാറാൻ ഭാര്യയോ മക്കളോ ഇല്ല എന്നതാണ് അത്ഭുതകരമായ വസ്തുത. അദ്ദേഹം ചെയ്തതൊക്കെയും ഈ നാടിന് വേണ്ടി തന്നെയായിരുന്നു എന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണത്.












