ജോലി സമ്മർദ്ദംമൂലം ഇ വൈ കമ്ബനിയിലെ മലയാളി ജീവനക്കാരി അന്ന സെബാസ്റ്റ്യൻ കുഴഞ്ഞുവീണ് മരിച്ചതിന്റെ ഞെട്ടല്‍ മാറുംമുമ്ബ് സമാനസംഭവം വീണ്ടും അരങ്ങേറി. എച്ച്‌ഡിഎഫ്‌സി ബാങ്കിന്റെ ഉത്തർപ്രദേശിലെ ഗോമതി നഗറിലെ വിബൂതി ഖണ്ഡ് ശാഖയിലെ അഡീഷണല്‍ ഡെപ്യൂട്ടി വൈസ് പ്രസിഡന്റായി നിയമിതയായ സദഫ് ഫാത്തിമയാണ് ജോലി സമ്മർദ്ദം മൂലം മരിച്ചതെന്ന് സഹപ്രവർത്തകർ ആരോപിക്കുന്നത്. ഇക്കഴിഞ്ഞ 24ന് ജോലിചെയ്യവെ കസേരയില്‍ നിന്ന് കുഴഞ്ഞുവീണ സദഫിനെ ഉടൻ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

സംഭവത്തെക്കുറിച്ച്‌ അന്വേഷണം ആരംഭിച്ചെന്നും പോസ്റ്റുമോർട്ടം റിപ്പോർട്ട് കിട്ടിയാലേ കൂടുതല്‍ വ്യക്തത വരൂ എന്നുമാണ് അധികൃതർ പറയുന്നത്. എന്നാല്‍ ബാങ്ക് അധികൃതർ വിഷയത്തില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. അതിനിടെ, സംഭവത്തില്‍ കേന്ദ്രസർക്കാരിനെ കുറ്റപ്പെടുത്തി സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് രംഗത്തെത്തി. രാജ്യത്തെ നിലവിലെ സാമ്ബത്തിക സമ്മർദ്ദത്തിന്റെ പ്രതീകങ്ങളാണ് ഇത്തരം മരണങ്ങളെന്നാണ് അദ്ദേഹം ആരാേപിക്കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

‘എല്ലാ കമ്ബനികളും സർക്കാർ വകുപ്പുകളും ഇക്കാര്യം ഗൗരവമായി ശ്രദ്ധിക്കണം. ഇത് രാജ്യത്തിന്റെ മാനവവിഭവശേഷിക്ക് നികത്താനാവാത്ത നഷ്ടമാണ്. ഇത്തരം പെട്ടെന്നുള്ള മരണങ്ങള്‍ രാജ്യത്തെ തൊഴില്‍ സാഹചര്യങ്ങളെ ചോദ്യംചെയ്യുകയാണ്. പൊതുസമൂഹത്തെ മാനസികമായി തളർത്തുന്ന ബിജെപി നേതാക്കളുടെ പ്രസ്താവനകള്‍ പോലെതന്നെ ഇത്തരം പെട്ടെന്നുള്ള മരണങ്ങള്‍ക്ക് ബിജെപി സർക്കാരും ഉത്തരവാദിയാണ്’ അദ്ദേഹം എക്സില്‍ കുറിച്ചു.

അതേസമയം, അന്ന സെബാസ്റ്റ്യൻ മരിക്കാനിടയായ സംഭവത്തിന് പിന്നാലെ ഇ വൈ കമ്ബനിക്ക് രജിസ്ട്രേഷൻ ഇല്ലെന്ന് റിപ്പോർട്ട് പുറത്തുവന്നു. 2007 മുതല്‍ മഹാരാഷ്ട്ര സർക്കാരിന്റെ അനുമതി ഇല്ലാതെയാണ് സ്ഥാപനം പ്രവർത്തിക്കുന്നതെന്ന് മുതിർന്ന സർക്കാർ ഉദ്യോഗസ്ഥൻ കഴിഞ്ഞദിവസം പ്രതികരിച്ചിരുന്നു.പൂനെയിലെ കമ്ബനിയില്‍ കഴിഞ്ഞ ദിവസം സന്ദർശനം നടത്തിയെന്നും ഷോപ്പ് ആൻഡ് എസ്റ്റാബ്ലിഷ്മെന്റ് ആക്‌ട് പ്രകാരമുള്ള രജിസ്ട്രേഷൻ കമ്ബനിക്ക് ഇല്ലെന്ന് വ്യക്തമായതായും മഹാരാഷ്ട്ര അഡിഷണല്‍ ലേബർ കമ്മിഷണർ ശൈലേന്ദ്ര പോള്‍ പറഞ്ഞു.

2024 ഫെബ്രുവരിയിലാണ് കമ്ബനി രജിസ്ട്രേഷനായി തൊഴില്‍ വകുപ്പിന് അപേക്ഷ നല്‍കിയത്. എന്നാല്‍, 2007 മുതല്‍ രജിസ്ട്രേഷൻ ഇല്ലെന്ന കാരണം ചൂണ്ടിക്കാട്ടി ഇത് നിരസിക്കുകയായിരുന്നു. രജിസ്ട്രേഷൻ അപേക്ഷ വൈകിയതില്‍ കാരണം വിശദീകരിക്കാൻ കമ്ബനിക്ക് ഏഴ് ദിവസത്തെ സമയവും അനുവദിച്ചിട്ടുണ്ട്. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് ഇ.വൈ ഇതുവരെ പ്രതികരിക്കാൻ തയാറായിട്ടില്ല.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക