ആർഎസ്‌എസ് മേധാവി മോഹൻ ഭാഗവതിന്റെ സുരക്ഷ വർധിപ്പിച്ചു. നിലവില്‍ ഉണ്ടായിരുന്ന സെഡ് പ്ലസ് സുരക്ഷയില്‍ നിന്ന് അഡ്വാൻസ് സെക്യൂരിറ്റി ലെയ്‌സണ്‍ കാറ്റഗറിയിലേക്കാണ് സുരക്ഷ വർധിപ്പിച്ചത്. ഇതോടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കും തുല്യമായ സുരക്ഷയാണ് ആർഎസ്‌എസ് മേധാവിക്കും ലഭിക്കുന്നത്.കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ബിജെപി ഭരിക്കാത്ത സംസ്ഥാനങ്ങളില്‍ മോഹൻ ഭാഗവത് സന്ദർശനം നടത്തുന്ന ഘട്ടങ്ങളില്‍ സുരക്ഷയില്‍ വീഴ്ചയുണ്ടാകുന്നു എന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി. മുസ്ലിം തീവ്രവാദ ഗ്രൂപ്പുകളും മോഹൻ ഭാഗവതിനെ ലക്ഷ്യമിടുന്നതായി ഇന്റലിജൻസ് റിപ്പോർട്ടുകളുണ്ടായിരുന്നു. സിഐഎസ്‌എഫ് ഉദ്യോഗസ്ഥരാണ് മോഹൻ ഭാഗവതിന് നിലവില്‍ സുരക്ഷയൊരുക്കുന്നത്.
പുതിയ സംരക്ഷ സംബന്ധിച്ച് സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണപ്രദേശങ്ങള്‍ക്കും അറിയിപ്പ് നല്‍കി. സുരക്ഷയുടെ ഭാഗമായി കർശന പ്രോട്ടോകോള്‍ വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തും. മോഹൻ ഭാഗവത് യാത്ര ചെയ്യുന്ന എല്ലാ വഴികളിലും ഇനി മുതല്‍ കനത്ത സുരക്ഷാ ക്രമീകരണങ്ങള്‍ ഏർപ്പെടുത്തും. പ്രത്യേക ഹെലികോപ്ടറിലായിരിക്കും ഇനി ഭാഗവതിന്റെ യാത്ര. വസതിയിലും പ്രത്യേക സുരക്ഷയൊരുക്കും.







