മഞ്ജു വാര്യരെ കേന്ദ്ര കഥാപാത്രമാക്കി സൈജു ശ്രീധരൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഫൂട്ടേജ്’. ഓഗസ്റ്റ് 23-ന് സിനിമ തീയറ്ററുകളില്‍ പ്രദർശനത്തിന് എത്തും. ഫൗണ്ട് ഫൂട്ടേജ് ഫോർമാറ്റില്‍ ഒരു പരീക്ഷണ ചിത്രമായിട്ടാണ് ചിത്രം പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്. 18+ പ്രേക്ഷകർക്ക് വേണ്ടി ഒരുക്കിയിട്ടുള്ള ചിത്രം കൂടിയാണ് ഫൂട്ടേജ്. മഞ്ജു വാര്യർക്കൊപ്പം വിശാഖ് നായർ, ഗായത്രി അശോക് തുടങ്ങിയവരാണ് സിനിമയില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന മറ്റ് താരങ്ങള്‍.
സിനിമ തീയേറ്ററുകളില്‍ എത്തുന്നതിനു മുൻപായി തന്റെ കുടുംബ പ്രേക്ഷകർക്ക് സന്ദേശവുമായി എത്തിയിരിക്കുകയാണ് മഞ്ജു വാര്യർ. 18 വയസ്സിന് മുകളിലുള്ളവർക്ക് കാണാൻ വേണ്ടിയിട്ടുള്ള സിനിമയാണ് ഫൂട്ടേജ് എന്നും അത് ശ്രദ്ധിച്ചുവേണം തിയേറ്ററില്‍ എത്താനെന്നും മഞ്ജു വാര്യർ അറിയിക്കുന്നു.













