യുഎസ് ഇറാൻ സംഘർഷം ഗള്‍ഫ് മേഖലയിലേക്ക് വ്യാപിച്ചതോടെ, സ്വപ്നനഗരമായ ദുബായില്‍ കടുത്ത തൊഴില്‍ പ്രതിസന്ധി രൂപപ്പെടുന്നതായി റിപ്പോർട്ട്.ആയിരക്കണക്കിന് ഇന്ത്യൻ പ്രവാസികള്‍ ഉള്‍പ്പെടെയുള്ള വിദേശ തൊഴിലാളികളാണ് ആശങ്കയിലായിരിക്കുന്നത്. സംഘർഷ അന്തരീക്ഷം മാസങ്ങള്‍ പിന്നിടുമ്പോള്‍ ദുബായില്‍ പുതിയ തൊഴിലവസരങ്ങള്‍ ഇല്ലാതാവുകയും പല കമ്പനികളും ശമ്പളം വെട്ടിക്കുറയ്ക്കുകയും, ആളുകള്‍ക്ക് പുതിയ ജോലികള്‍ കണ്ടെത്തുന്നതില്‍ പ്രതിസന്ധി നേരിടുകയും ചെയ്യുന്നതായി ‘ദി ന്യൂയോർക്ക് ടൈംസിനെ’ ഉദ്ധരിച്ച്‌ ദി ‘ഇന്ത്യൻ എക്സ്പ്രസ്’ റിപ്പോർട്ട് ചെയ്യുന്നു.

യുഎഇക്ക് നേരെ ഇറാന്‍റെ മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങള്‍ ഉണ്ടായതോടെ വിനോദസഞ്ചാരം, വ്യോമയാന മേഖല, വിദേശികളെ ആശ്രയിച്ച്‌ കഴിയുന്ന മറ്റ് ബിസിനസുകള്‍ എന്നിവ പ്രതിസന്ധിയിലാണ്. പല കമ്പനികളും പുതിയ ആളുകളെ നിയമിക്കുന്നത് നിർത്തിവച്ചിരിക്കുകയാണ്. മാൻപവർ ഗ്രൂപ്പ് നടത്തിയ സർവേ പ്രകാരം യുഎഇയിലെ നാലില്‍ ഒന്ന് തൊഴിലുടമകള്‍ ഈ വർഷം മൂന്നാം പാദത്തില്‍ ജീവനക്കാരെ വെട്ടിക്കുറയ്ക്കാൻ പദ്ധതിയിടുന്നു. മൂന്നിലൊന്ന് കമ്പനികള്‍ക്ക് പുതിയ നിയമനങ്ങളെക്കുറിച്ച്‌ യാതൊരു പദ്ധതിയുമില്ലാത്ത അവസ്ഥയാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സംഘർഷത്തിന്‍റെ പശ്ചാത്തലത്തില്‍ ദുബായില്‍ വിദേശ കുടുംബങ്ങള്‍ കൂട്ടത്തോടെ നാടുകളിലേക്ക് മടങ്ങിയത് ഗാർഹിക തൊഴിലാളികളെയും ഡ്രൈവർമാരെയും സാരമായി ബാധിച്ചിട്ടുണ്ട്. നിരവധി ബിസിനസ് സ്ഥാപനങ്ങള്‍ പൂട്ടിയതോടെ മലയാളികള്‍ അടക്കമുള്ള ഐ.ടി, അക്കൗണ്ടിംഗ് മേഖലയിലെ ഉദ്യോഗസ്ഥർക്കും ജോലി നഷ്ടപ്പെട്ടു. ജോലിയില്‍ തുടരുന്നവർക്ക് ടൂറിസ്റ്റുകളുടെ കുറവ് മൂലം കമ്മീഷൻ അടിസ്ഥാനത്തില്‍ മാത്രമാണ് ഇപ്പോള്‍ വരുമാനം ലഭിക്കുന്നത്. പലർക്കും നിശ്ചിത ശമ്പളം കമ്പനികള്‍ നിഷേധിച്ചതായും റിപ്പോർട്ടുകളുണ്ട്.

ശമ്പളമില്ലാതാവുകയോ വൻ തോതില്‍ ശമ്പളം കുറയുകയോ ചെയ്തതോടെ നാട്ടിലേക്ക് പണമയക്കാൻ പ്രവാസികള്‍ക്ക് കഴിയുന്നില്ല. ഇത് കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ കുടുംബങ്ങളുടെ ദൈനംദിന ജീവിതത്തെയും കുട്ടികളുടെ പഠനത്തെയും ബാധിച്ചു തുടങ്ങി. വായ്പകളും ക്രെഡിറ്റ് കാർഡ് കുടിശ്ശികകളും തീർക്കാൻ കഴിയാതെ നിരവധി പ്രവാസികളാണ് യുഎഇയില്‍ കുടുങ്ങിക്കിടക്കുന്നത്.

തൊഴില്‍ മേഖലയിലെ ഈ മന്ദഗതി താത്കാലിക പ്രതിസന്ധി മാത്രമാണെന്നും യുഎഇ ഈ പ്രതിസന്ധിയെ മറികടക്കുമെന്നുമാണ് സാമ്പത്തിക-ടൂറിസം മന്ത്രി അബ്ദുള്ള ബിൻ തൗഖ് അല്‍ മർറിയുടെ വിശദീകരണം. ബിസിനസുകളെ സഹായിക്കാൻ 680 മില്യണ്‍ ഡോളറിന്റെ പാക്കേജ് യുഎഇ പ്രഖ്യാപിച്ചിട്ടുമുണ്ട്. എങ്കിലും, സംഘർഷം മൂലം നിലനില്‍ക്കുന്ന സാമ്പത്തിക അനിശ്ചിതത്വം തുടരുന്നതിനാല്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ പ്രവാസികള്‍ക്ക് രാജ്യം വിടേണ്ടി വരുമെന്നാണ് റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക