കാപ്പാ പ്രതിയും ‘സുന്ദരി ബാർ’ എന്ന പേരില്‍ അറിയപ്പെടുന്ന അനധികൃത മദ്യവില്‍പനശാലാ ഉടമയുമായ ശൂരനാട് വടക്ക് ഇടപ്പനയം അമ്മു നിവാസില്‍ ബിന്ദു ജനാർദ്ദനൻ (48) ചാരായവുമായി പിടിയിലായി.ശാസ്താംകോട്ട എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ എസ്. ഷഫീക്കിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്.
ഇവരുടെ വീട്ടില്‍ വില്പനയ്ക്കായി സൂക്ഷിച്ചിരുന്ന 800 മില്ലി ലിറ്റർ ചാരായമാണ് എക്സൈസ് സംഘം പിടിച്ചെടുത്തത്. റെയ്ഡില്‍ പ്രിവന്റീവ് ഓഫീസർ ഹരികൃഷ്ണൻ, പ്രിവന്റീവ് ഓഫീസർ (ഗ്രേഡ്) വിജു സി.എ., വനിതാ പ്രിവന്റീവ് ഓഫീസർ (ഗ്രേഡ്) റസ്മിയ, സി.ഇ.ഒ.മാരായ പ്രേംരാജ് ആർ., സുജിത് കുമാർ എം.എസ്., അതുല്‍ കൃഷ്ണൻ, വനിതാ സിവില്‍ എക്സൈസ് ഓഫീസർ ലക്ഷ്മി ചന്ദ്രൻ, ഡ്രൈവർ വിനീഷ് വി.ജി. എന്നിവർ പങ്കെടുത്തു.
നേരത്തെ 2022-ല്‍ 10 ലിറ്റർ വാറ്റുചാരായവുമായി ബിന്ദുവിനൊപ്പം മകള്‍ അമ്മു (28), സഹോദരൻ അപ്പു (26) എന്നിവരെയും എക്സൈസ് സംഘം അറസ്റ്റ് ചെയ്തിരുന്നു.





