മുഖ്യമന്ത്രി വി.ഡി. സതീശന്റെ പ്രവർത്തനശൈലിയെ ചൊല്ലി കോണ്‍ഗ്രസ് വക്താക്കള്‍ തമ്മിലുള്ള വാക്‌പോര് രൂക്ഷമാകുന്നു.സതീശനെ വിമർശിച്ച കോണ്‍ഗ്രസ് വക്താവ് വി.ആർ. അനൂപിനെതിരെ കെപിസിസി ജനറല്‍ സെക്രട്ടറി ബി.ആർ.എം. ഷഫീർ ഫേസ്ബുക്കിലൂടെ രംഗത്തെത്തി. സർക്കാരിനെതിരെ പരസ്യമായി പ്രതികരിച്ച ശേഷം പാർട്ടിയെ ന്യായീകരിക്കാൻ ചാനല്‍ ചർച്ചകളില്‍ പങ്കെടുക്കുന്നതിന് എന്ത് വിശ്വാസ്യതയാണുള്ളതെന്ന് ഷഫീർ ചോദിച്ചു. മുഖ്യമന്ത്രിയെ സംഘിയെന്ന് ചിത്രീകരിക്കാൻ സി.പി.എമ്മിന്റെ വാദങ്ങള്‍ ആവർത്തിക്കുന്ന ഒരാള്‍ എങ്ങനെ കോണ്‍ഗ്രസിന്റെ പ്രതിനിധിയാകുമെന്ന് അദ്ദേഹം കുറിച്ചു.
കെ എസ് യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറിന് കൂടിക്കാഴ്ചക്ക് അനുമതി നല്‍കിയില്ലെന്ന് ആരോപിച്ച് സതീശനെതിരെ രൂക്ഷ വിമർശനവുമായി വി ആർ അനൂപ് രംഗത്തെത്തിയിരുന്നു. എന്നാല്‍ പാർട്ടിയുടെ ചാനല്‍ ചർച്ചയില്‍ പങ്കെടുക്കുന്ന മീഡിയ പാനലിസ്റ്റിലെ ഒരു അംഗം സർക്കാരിനെതിരെ പരസ്യമായി പ്രതികരിച്ചതിന് ശേഷം പാർട്ടിയെ ന്യായീകരിക്കാൻ വേണ്ടി പിന്നെ ചാനലില്‍ പോയി ഇരുന്നാല്‍ എന്തെങ്കിലും വിശ്വാസ്യത ഉണ്ടോയെന്ന് ബി.ആർ.എം ഷഫീർ തുറന്നടിച്ചു. ഇയാള്‍ എന്ത് സംഘടന പ്രവർത്തനം നടത്തിയതിന്റെ തഴമ്പാണ് മാധ്യമങ്ങളുടെ മുന്നില്‍ നിന്ന് വിളമ്പുന്നത്? എന്തോ ആക്റ്റിവിസം ഉണ്ടായിരുന്നു എന്നൊക്കെ കേള്‍ക്കുന്നുണ്ട്. ചർച്ചകളില്‍ പങ്കെടുക്കുന്നവരെ ഏകോപിപ്പിക്കാൻ പാർട്ടി ഒരു സംവിധാനം ഉണ്ടാക്കിയപ്പോള്‍ നേരത്തെ പല ചർച്ചകളിലും കോണ്‍ഗ്രസ് അനുഭാവി എന്ന നിലയില്‍ പ്രത്യക്ഷപ്പെട്ടിരുന്ന ഇയാളെ പാനലില്‍ ഉള്‍പ്പെടുത്തി എന്ന് മാത്രമേ ഉള്ളുവെന്ന് ഷഫീർ പറഞ്ഞു.
കോണ്‍ഗ്രസ് പാർട്ടി കേരളത്തില്‍ ഔദ്യോഗിക വക്താക്കളെ തീരുമാനിച്ചിട്ടില്ല. അഥവാ കെപിസിസിയില്‍ ഔദ്യോഗിക വക്താവ് എന്ന പോസ്റ്റില്‍ ആരും ഇല്ല. ഞാൻ ഉള്‍പ്പടെ എല്ലാവരും മീഡിയ പാനലിസ്റ്റ് ആണ്. ടിവിയില്‍ മുഖം വരാനുള്ള അവസരം പാർടി നല്‍കിയത് കൊണ്ട് എന്തൊക്കെയോ പ്രാധാന്യം തനിക്കുണ്ടെന്ന് ധരിച്ചാല്‍ അത് തള്ളിപ്പറയാതെ പറ്റില്ല. ഇയാള്‍ക്ക് ചർച്ചയില്‍ ഇനി പാർട്ടിയെ പ്രതിനിധീകരിക്കാൻ എന്ത് അവകാശം? മുഖ്യമന്ത്രിയെ സംഘി ആക്കാൻ നടക്കുന്ന സി.പി.എമ്മിന്റെ വാദം ഉന്നയിക്കുന്നവൻ എങ്ങനെ കോണ്‍ഗ്രസ് പ്രതിനിധി ആവും. നാളെ സി.പി.എം. ഉന്നയിക്കുന്ന ആരോപണങ്ങള്‍ക്ക് ഇയാളുടെ തന്നെ വാക്കുകള്‍ ആവില്ലേ ആധികാരികത. അത് കൊണ്ട് രണ്ടും കൂടി വേണ്ട. ഒന്നുകില്‍ വിമർശിച്ച് സ്വന്തം രാഷ്ട്രീയം കൊണ്ട് പോവുക, അല്ലെങ്കില്‍ വിയോജിപ്പുകള്‍ പാർട്ടിയില്‍ പറഞ്ഞ് സർക്കാരിന് കവചം തീർക്കുക. കുമ്പിടി ആവണ്ട- ബിആർഎം ഷഫീർ തുറന്നടിച്ചു.





