ഇറാന്റെ കപ്പല്‍ നീക്കങ്ങള്‍ക്ക് കടുത്ത തടസ്സങ്ങള്‍ സൃഷ്ടിച്ചുകൊണ്ട് തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കില്‍ ഇറാന് മേല്‍ അമേരിക്ക വീണ്ടും നാവിക ഉപരോധം ഏർപ്പെടുത്തുന്നതായി പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് പ്രഖ്യാപിച്ചു.ഇതോടൊപ്പം ഈ സുപ്രധാന ജലപാതയിലൂടെ സുരക്ഷിതമായി കടന്നുപോകുന്ന മറ്റ് അന്താരാഷ്ട്ര കപ്പലുകളില്‍ നിന്ന് പ്രത്യേക നികുതി ഈടാക്കുമെന്നും ട്രംപ് വ്യക്തമാക്കി.
തന്റെ ഔദ്യോഗിക സമൂഹമാധ്യമ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് ഈ നിർണ്ണായക പ്രഖ്യാപനം നടത്തിയത്. ഹോർമുസിന്റെ ‘രക്ഷകർത്താവ്’ ഇനി അമേരിക്കയായിരിക്കും എന്നും ട്രംപ് പ്രഖ്യാപിച്ചു.
ഇറാന്റെ കപ്പലുകള്‍ക്കോ അവരുടെ ഉപഭോക്താക്കള്‍ക്കോ മാത്രമായിരിക്കും ഈ ഉപരോധം ബാധകമാകുകയെന്നും മറ്റ് രാജ്യങ്ങള്‍ക്ക് പാത തുറന്നുകിടക്കുമെന്നും ട്രംപ് വിശദീകരിച്ചു. ഇനി മുതല്‍ അമേരിക്കൻ സൈന്യം ഈ മേഖലയില്‍ ‘ഹോർമുസ് കടലിടുക്കിന്റെ കാവല്‍ക്കാരൻ’ എന്ന പേരില്‍ അറിയപ്പെടുമെന്ന് ട്രംപ് കുറിച്ചു. ലോകത്തിലെ ഏറ്റവും അസ്ഥിരമായ ഈ മേഖലയ്ക്ക് സുരക്ഷയും സംരക്ഷണവും നല്‍കുന്നതിനുള്ള ചെലവുകള്‍ മുൻനിർത്തി, നീതിപൂർവ്വമായ നടപടിയെന്ന നിലയില്‍ ഇതിലൂടെ കൊണ്ടുപോകുന്ന എല്ലാ ചരക്കുകളുടെയും മൂല്യത്തിന്റെ 20 ശതമാനം തുക അമേരിക്കയ്ക്ക് പ്രതിഫലമായി നല്‍കേണ്ടിവരുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇതിനായുള്ള ഔദ്യോഗിക നടപടിക്രമങ്ങളും ക്രമീകരണങ്ങളും ഉടനടി ആരംഭിക്കുമെന്നും അമേരിക്കൻ പ്രസിഡന്റ് കൂട്ടിച്ചേർത്തു. ഗള്‍ഫ് മേഖലയില്‍ ഇറാനുമായുള്ള കടുത്ത സൈനിക സംഘർഷങ്ങള്‍ക്കിടയില്‍ ട്രംപ് പ്രഖ്യാപിച്ച ഈ പുതിയ ‘ടോള്‍’ നിബന്ധന രാജ്യാന്തര കപ്പല്‍ ഗതാഗത മേഖലയിലും ആഗോള എണ്ണ വിപണിയിലും പുതിയ ചലനങ്ങള്‍ക്കും ആശങ്കകള്‍ക്കും കാരണമായിട്ടുണ്ട്





