പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടെ വിവാഹവുമായി ബന്ധപ്പെട്ട് നിര്‍ണായക വിധിയുമായി അലഹാബാദ് ഹൈക്കോടതി.രാജ്യത്ത് വിവാഹപ്രായം നിര്‍ണയിക്കുന്നതില്‍ മുസ്ലിം വ്യക്തിനിയമത്തേക്കാള്‍ പ്രാബല്യം ബാലവിവാഹ നിരോധന നിയമത്തിനും (PCMA) പോക്‌സോയ്ക്കുമാണെന്ന് (POCSO) കോടതി വ്യക്തമാക്കി. മതം ഏതെന്ന വ്യത്യാസമില്ലാതെ രാജ്യത്തെ എല്ലാ പൗരന്മാര്‍ക്കും വിവാഹപ്രായം ഏകീകൃതവും തുല്യവുമാണെന്ന് കോടതി നിരീക്ഷിച്ചു.

16 വയസ്സുള്ള മുസ്ലിം പെണ്‍കുട്ടിയുടെ വിവാഹം തടയാനെത്തിയ പോലീസിനെയും ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെയും ആക്രമിച്ച കേസില്‍ രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആര്‍. റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി തള്ളിക്കൊണ്ടാണ് ജസ്റ്റിസ് ജെ.ജെ. മുനീര്‍, ജസ്റ്റിസ് അചല്‍ സച്ച്‌ദേവ് എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റെ ചരിത്രപ്രധാനമായ ഉത്തരവ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഋതുമതിയാകുന്നതോടെ (പൊതുവെ 15 വയസ്സ്) പെണ്‍കുട്ടികള്‍ക്ക് വിവാഹപ്രായമാകുമെന്ന ശരീഅത്ത് നിയമത്തിലെ വ്യവസ്ഥ ചൂണ്ടിക്കാട്ടിയാണ് ഹര്‍ജിക്കാര്‍ കോടതിയെ സമീപിച്ചത്. എന്നാല്‍, ബാലവിവാഹ നിരോധന നിയമത്തെയും പോക്‌സോ നിയമത്തിലെ വ്യവസ്ഥകളെയും ഇല്ലായ്മ ചെയ്യാന്‍ വ്യക്തിനിയമങ്ങള്‍ക്ക് കഴിയില്ലെന്ന് കോടതി വ്യക്തമാക്കി.

18 വയസ്സിന് താഴെയുള്ള കുട്ടികളുടെ വിവാഹം അനുവദിച്ചാല്‍, വിവാഹബന്ധത്തിന്റെ ഭാഗമായുള്ള ലൈംഗികബന്ധം പോക്‌സോ നിയമപ്രകാരം ഗുരുതരമായ കുറ്റകൃത്യമായി മാറുമെന്നും കോടതി ചൂണ്ടിക്കാട്ടി. വ്യക്തിനിയമങ്ങള്‍ക്ക് ബാലവിവാഹ നിരോധനത്തിന്മേല്‍ മേല്‍ക്കോയ്മയില്ലെന്ന കേരള ഹൈക്കോടതിയുടെ മുന്‍ ഉത്തരവിനോട് പൂര്‍ണ്ണമായും യോജിക്കുന്നതായും ബെഞ്ച് വ്യക്തമാക്കി.

‘ബാലവിവാഹവും പോക്‌സോ നിയമ ലംഘനവും തടയാന്‍ കൃത്യസമയത്ത് ഇടപെട്ട പോലീസിന്റെയും ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരുടെയും നടപടി പ്രശംസനീയമാണ്. കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയവര്‍ക്കെതിരെ ശക്തമായ അന്വേഷണം ആവശ്യമാണ്,’ ഹൈക്കോടതി വ്യക്തമാക്കി.ബുലന്ദ്ശഹറില്‍ നടന്ന സംഭവത്തില്‍ ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തുകയും ആക്രമണം നടത്തുകയും ചെയ്ത പ്രതികള്‍ക്കെതിരെയുള്ള എഫ്.ഐ.ആര്‍. റദ്ദാക്കാന്‍ കഴിയില്ലെന്ന് വ്യക്തമാക്കി ജൂലൈ 1-നാണ് കോടതി ഹര്‍ജി തള്ളിയത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക