വയനാട് പുനരധിവാസ ടൗണ്‍ഷിപ്പ് നിർമാണ പ്രദേശത്ത് കൂട്ടിയിട്ടിരിക്കുന്ന മണ്ണ് അടിയന്തരമായി നീക്കം ചെയ്യാൻ നിർമാതാക്കളായ ഊരാളുങ്കല്‍ ലേബർ കോണ്‍ട്രാക്‌ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്ക് മന്ത്രി ടി.സിദ്ദിഖ് കർശന നിർദേശം നല്‍കി. കള്ളാടി തുരങ്ക നിർമ്മാണ സ്ഥലത്തുണ്ടായ വൻ മണ്ണിടിച്ചില്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് ഈ അടിയന്തര നീക്കം. മഴ കനക്കുന്ന സാഹചര്യത്തില്‍ യാതൊരുവിധ ശാസ്ത്രീയ സുരക്ഷാ മുൻകരുതലുകളുമില്ലാതെ വലിയ തോതില്‍ മണ്ണ് കൂട്ടിയിട്ടിരിക്കുന്നത് പ്രദേശത്ത് കടുത്ത ആശങ്ക ഉയർത്തുന്നുണ്ട്.
മണ്ണ് ഉടൻ മാറ്റിയില്ലെങ്കില്‍ കള്ളാടിയിലേത് പോലെ വലിയൊരു ദുരന്തത്തിന് ഇത് കാരണമാകുമെന്നും, നിർദ്ദേശം ലംഘിച്ചാല്‍ കമ്പനിക്കെതിരെ കർശന നിയമനടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. അതേസമയം, കള്ളാടി തുരങ്കപാത നിർമ്മാണ സ്ഥലത്തുണ്ടായ വൻ മണ്ണിടിച്ചില്‍ ദുരന്തത്തില്‍ നിർമ്മാണ ചുമതലയുള്ള കൊങ്കണ്‍ റെയില്‍വേ കോർപ്പറേഷനെതിരെ ടി. സിദ്ദിഖ് കടുത്ത വിമർശനം ഉന്നയിച്ചു. കാലവർഷം മുന്നില്‍ക്കണ്ട് യാതൊരുവിധ മുൻകരുതലുകളും ക്രമീകരണങ്ങളും ഒരുക്കാൻ കൊങ്കണ്‍ റെയില്‍വേ തയ്യാറായില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കുന്നുകൂടിയ മണ്ണ് അടിയന്തരമായി മാറ്റണമെന്ന് അധികൃതർ ആവശ്യപ്പെട്ടിട്ടും കമ്പനി അത് അനുസരിച്ചില്ല. മഴയാണ് അപകടത്തിന് കാരണമെന്ന് പറഞ്ഞ് കൈകഴുകുന്നത് തെറ്റാണെന്നും ഇപ്പോള്‍ മുൻഗണന കാണാതായവരെ കണ്ടെത്തുന്നതിനായതിനാല്‍ കൂടുതല്‍ തർക്കങ്ങള്‍ക്കില്ലെന്നും സമയമാകുമ്പോള്‍ കർശന നടപടിയുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
കാണാതായ അഞ്ചുപേർക്കായുള്ള ഇന്നത്തെ തെരച്ചില്‍ കൂടുതല്‍ ഊർജ്ജിതമാക്കാൻ പ്രത്യേക ക്രമീകരണങ്ങള്‍ ഏർപ്പെടുത്തിയിട്ടുണ്ട്. ദുരന്തബാധിത പ്രദേശം അഞ്ച് സോണുകളായി തിരിച്ച് കൂടുതല്‍ ഹിറ്റാച്ചി ഉള്‍പ്പെടെയുള്ള ആധുനിക യന്ത്രങ്ങള്‍ എത്തിച്ചാണ് പരിശോധന. രക്ഷാപ്രവർത്തനങ്ങളുടെ ഏകോപനത്തിനായി അരുണ്‍ ഐഎഎസ് സ്ഥലത്തെത്തിയിട്ടുണ്ട്. മുഖ്യമന്ത്രി എത്തിയ ശേഷം പ്രത്യേക അന്വേഷണ സംഘത്തിന് ചുമതല നല്‍കുന്ന കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുമെന്നും ടി. സിദ്ദിഖ് അറിയിച്ചു. മണ്ണടിയില്‍ കുടുങ്ങിക്കിടക്കുന്നവരെ കണ്ടെത്താൻ കെടാവർ നായ്ക്കളെയും ഇന്ന് സംഭവസ്ഥലത്ത് എത്തിക്കും. ദുരന്തത്തില്‍ മൂന്ന് പേരുടെ മരണമാണ് നിലവില്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുള്ളത്.







