സംസ്ഥാന നിയമസഭയില്‍ ഭരണ-പ്രതിപക്ഷ നേതാക്കള്‍ തമ്മില്‍ കടുത്ത വാക്പോരും അസാധാരണ ബഹളവും. മത്സ്യത്തൊഴിലാളികളുടെ പഞ്ഞമാസ ആനുകൂല്യ വിതരണത്തിലെ കുടിശ്ശികയുമായി ബന്ധപ്പെട്ട് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയ ചർച്ചയ്ക്കിടെയാണ് പ്രതിപക്ഷ നേതാവ് പിണറായി വിജയനും മുഖ്യമന്ത്രി വി.ഡി.സതീശനും തമ്മില്‍ സഭയില്‍ നേർക്കുനേർ ഏറ്റുമുട്ടിയത്.

ചോദ്യങ്ങള്‍ക്ക് കൃത്യമായ മറുപടി നല്‍കാതെ ഫിഷറീസ് മന്ത്രി വി.ഇ. അബ്ദുല്‍ ഗഫൂർ തടിയൂരാൻ ശ്രമിക്കുന്നുവെന്നും, മറുപടി നല്‍കാൻ ഫിഷറീസ് മന്ത്രിക്ക് കഴിവുകേടാണോ എന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ചോദിച്ചതോടെ സഭ പ്രക്ഷുബ്ധമായി. ഫിഷറീസ് മന്ത്രി സംസാരിക്കുന്നതിനിടെ വനംവകുപ്പ് മന്ത്രി ഷിബു ബേബി ജോണ്‍ ഇടപെട്ട് സംസാരിക്കാൻ ശ്രമിച്ചതാണ് പ്രതിപക്ഷ നേതാവിനെ ചൊടിപ്പിച്ചത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ട്രോളിങ് നിരോധനം നിലവില്‍ വന്നതോടെ വറുതിയിലായ മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് നല്‍കേണ്ട പഞ്ഞമാസ ആനുകൂല്യങ്ങള്‍ കൃത്യമായി വിതരണം ചെയ്യുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. എല്‍ഡിഎഫ് അംഗങ്ങളായ സജി ചെറിയാൻ, കെ. രാജൻ, പി.കെ. പ്രവീണ്‍ എന്നിവരാണ് തീരദേശത്തെ പട്ടിണിയിലേക്ക് തള്ളിവിടുന്ന സർക്കാർ നിലപാട് സഭ നിർത്തിവെച്ച്‌ ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയത്. ഇതിന് മറുപടിയായി ഒന്നാം ഗഡു വിതരണം ചില ജില്ലകളില്‍ പൂർത്തിയായെന്നും കേന്ദ്ര വിഹിതം ലഭിക്കാൻ വൈകുന്നതാണ് പ്രതിസന്ധിയെന്നും ഫിഷറീസ് മന്ത്രി വിശദീകരിക്കുന്നതിനിടയിലാണ് ഭരണപക്ഷത്തുനിന്ന് വനംവകുപ്പ് മന്ത്രി കൂടി ഇടപെട്ടത്.

ഒരു മന്ത്രി മറുപടി പറയുമ്പോള്‍ പ്രതിരോധിക്കാൻ മറ്റൊരു മന്ത്രി എന്തിനാണ് എഴുന്നേല്‍ക്കുന്നതെന്നും ഫിഷറീസ് മന്ത്രിക്ക് ഇതിനൊന്നും തനിയെ മറുപടി പറയാൻ കഴിവില്ലേ എന്നുമുള്ള പ്രതിപക്ഷ നേതാവിന്റെ പരാമർശം ഭരണപക്ഷത്തെ പ്രകോപിപ്പിച്ചു. പിണറായി വിജയനെപ്പോലെയുള്ള മുതിർന്ന ഒരു നേതാവില്‍ നിന്ന് ഇത്തരമൊരു പരാമർശം ഉണ്ടാകാൻ പാടില്ലായിരുന്നുവെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ സഭയില്‍ പറഞ്ഞു. ഫിഷറീസ് മന്ത്രിയെ സഭയില്‍ വ്യക്തിപരമായി അധിക്ഷേപിക്കാനാണ് പ്രതിപക്ഷ നേതാവ് ശ്രമിച്ചതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. എന്നാല്‍ താൻ മന്ത്രിയെ അപമാനിച്ചിട്ടില്ലെന്നും ഒരു മന്ത്രി സംസാരിച്ച്‌ സീറ്റില്‍ ഇരുന്ന ശേഷം മാത്രമേ അടുത്തയാള്‍ സംസാരിക്കാവൂ എന്ന സഭാ മര്യാദ ഓർമ്മിപ്പിക്കുക മാത്രമാണ് ചെയ്തതെന്നും മന്ത്രിയെ യഥാർത്ഥത്തില്‍ അപമാനിച്ചത് ഭരണപക്ഷം തന്നെയാണെന്നും പിണറായി വിജയൻ തിരിച്ചടിച്ചു.’ഞാൻ ആരേയും അപമാനിച്ചിട്ടില്ല. അപമാനിക്കാൻ ശ്രമിച്ചത് ഭരണപക്ഷമാണ്. ഒരു മന്ത്രി മറുപടി പറയുമ്പോള്‍ മറ്റൊരു മന്ത്രി എഴുന്നേറ്റ് പറഞ്ഞുകൊണ്ടിരിക്കുന്ന മന്ത്രിക്ക് കഴിവില്ലെന്ന് സ്ഥാപിക്കുന്നതാണ് അങ്ങേയറ്റത്തെ അപരാധം. അതാണ് ഇവിടെ ഉണ്ടായത്. അതുപാടുണ്ടോ എന്നതാണ് പ്രശ്നം’, പ്രതിപക്ഷ നേതാവ് പറഞ്ഞു. സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണനും പ്രതിപക്ഷ നേതാവിന്റെ പരാമർശത്തെ വിമർശിച്ചു.

മത്സ്യത്തൊഴിലാളികളുടെ ആനുകൂല്യങ്ങള്‍ വെട്ടിക്കുറയ്ക്കില്ലെന്നും കേന്ദ്ര ഫണ്ട് ലഭിച്ചില്ലെങ്കിലും സംസ്ഥാന സർക്കാർ സ്വന്തം നിലയ്ക്ക് പണം അനുവദിക്കുമെന്നും മുഖ്യമന്ത്രി സഭയ്ക്ക് ഉറപ്പുനല്‍കിയെങ്കിലും, കൃത്യമായ തീയതി വ്യക്തമാക്കാൻ സർക്കാർ തയ്യാറാകാത്തതില്‍ പ്രതിഷേധിച്ച്‌ പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക