സിന്ധു കൃഷ്‍ണയുടെ സഹോദരിയുടെ മകള്‍ തൻവി കഴിഞ്ഞ ദിവസം യൂട്യൂബില്‍ പങ്കുവെച്ച വീഡിയോയ്ക്കു പിന്നാലെ ഇവർക്കെതിരെ വ്യാപകമായ വിമർശനങ്ങള്‍ ഉയർന്നിരുന്നു.ഭർത്താവിന്റെ മരണ ശേഷം താൻ തീർത്തും ഒറ്റപ്പെട്ട് കഴിയുകയാണെന്നാണ് സിന്ധുവിന്റെ അമ്മ ഇതില്‍ പറയുന്നത്. അമ്മൂമ്മയെ നോക്കാൻ കാനഡയിലെ മാനേജേരിയല്‍ ലെവല്‍ ജോലി കഴിഞ്ഞ് താൻ നാട്ടിലേക്കെത്തിയെന്നും തൻവി വീഡിയോയില്‍ പറയുന്നുണ്ട്.
ഇതിനു പിന്നാലെയാണ് സിന്ധു കൃഷ്‍ണക്കും കുടുംബത്തിനുമെതിരെ സോഷ്യല്‍ മീഡിയയില്‍ വലിയ തോതിലുള്ള വിമർശനങ്ങള്‍ ഉയർന്നത്. എന്നാല്‍ പിന്നാലെ ഈ വിഷയത്തില്‍ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് അഹാന കൃഷ്‍ണ. പ്രായമായ ആളല്ലേ എന്നു കരുതി പലതും ക്ഷമിച്ചെങ്കിലും വ്യക്തിഹത്യ പോലും ചെയ്യുന്ന രീതിയില്‍ ഒരിക്കലും പൊറുക്കാൻ പറ്റാത്ത കാര്യങ്ങള്‍ അമ്മൂമ്മ വിളിച്ചു പറഞ്ഞെന്നും അതിന്റെ പേരിലാണ് അമ്മൂമ്മയുമായുള്ള ബന്ധം അവസാനിപ്പിച്ചതെന്നും അപ്പൂപ്പന്റെ മരണത്തിനു മുൻപേയാണ് ഈ സംഭവം നടന്നതെന്നും അഹാന പറയുന്നു.
”അമ്മൂമ്മയെക്കുറിച്ച് ഇതു പറയാൻ ഞാൻ ആഗ്രഹിക്കുന്നില്ല, എന്നാലും പറയുകയാണ്. അമ്മൂമ്മ എപ്പോഴും ഒരു പ്രശ്‍നക്കാരിയായിരുന്നു. ഒരുമിച്ചു പോകാൻ ശരിക്കും ബുദ്ധിമുട്ടാണ്. അമ്മ ഞങ്ങള്‍ക്കു തരുന്ന സ്നേഹം വലുതാണ്. പക്ഷേ, അമ്മയ്ക്ക് അമ്മൂമ്മയില്‍ നിന്നും അത് ലഭിച്ചിട്ടില്ല. അപ്പൂപ്പൻ നല്ലൊരു പാരന്റ് ആയിരുന്നു. പലപ്പോഴും അമ്മൂമ്മയുണ്ടാക്കിയ പല പ്രശ്‍നങ്ങളും ഞങ്ങള്‍ പോട്ടെ എന്നു വെച്ചിട്ടുണ്ട്.
സെപ്റ്റംബർ മുതല്‍ മാർച്ച് വരെയുള്ള സമയത്ത് അപ്പൂപ്പനെ നോക്കാൻ 15 ഹോം നേഴ്സ് എങ്കിലും വന്നുപോയിട്ടുണ്ടാകും. അപ്പൂപ്പൻ പാവമാണ്, പക്ഷേ, അമ്മൂമ്മയെ സഹിക്കാൻ പറ്റില്ല എന്നു പറഞ്ഞാണ് അവരെല്ലാം പോയത്. അപ്പൂപ്പന്റെ ആരോഗ്യകാര്യം പറഞ്ഞാണ് അമ്മൂമ്മയുമായി അവസാനം ഭീകരമാം വിധം അടിയാകുന്നത്. ഒരു ദിവസം രാവിലെ ഹോം നഴ്സ് വിളിച്ചു പറഞ്ഞു, ‘അപ്പൂപ്പന്റെ മൂക്കില്‍ നിന്ന് രക്തം വരുന്നു… എന്നെ അമ്മൂമ്മ വീട്ടില്‍ കയറ്റുന്നില്ല. എന്തു ചെയ്യും’ എന്ന്. ഈ പ്രശ്നങ്ങള്‍ക്കെല്ലാം ഇടയില്‍ വളരെ മോശമായ കാര്യങ്ങള്‍ അമ്മൂമ്മ പറഞ്ഞു. ഒരമ്മൂമ്മ പോയിട്ട് ഒരു വ്യക്തി പോലും പറയാൻ പാടില്ലാത്ത കാര്യങ്ങള്‍. അത്രയും വൃത്തികേട് പറഞ്ഞപ്പോള്‍ ഞങ്ങള്‍ തീരുമാനിച്ചു, ആ ബന്ധം അകറ്റി തന്നെ നിറുത്താം. അവരുടെ ബാക്കി കാര്യങ്ങളൊക്കെ നോക്കാം, പക്ഷേ, മാറി ഇനി കോണ്ടാക്‌ട് ചെയ്യുന്നില്ല എന്ന്. അന്ന് അമ്മൂമ്മ എനിക്കെതിരെ മോശമായി പറഞ്ഞതിന്റെ വോയ്സ് നോട്ട് ഫാമിലി ഗ്രൂപ്പില്‍ ഇട്ടപ്പോള്‍ എന്നെ സപ്പോർട്ട് ചെയ്യുന്നയാളാണ് തൻവി. ഈ പ്രശ്നങ്ങള്‍ക്കും മുൻപേ തൻവി നാട്ടിലേക്കു വരാൻ തീരുമാനിച്ചതുമാണ്. പിന്നെ എന്തുകൊണ്ട് ഇപ്പോള്‍ ഇങ്ങനെയൊരു വീഡിയോ ചെയ്തു എന്നറിയില്ല. ഇതിന്റെയൊക്കെ തെളിവ് എന്റെ കയ്യില്‍ ഉണ്ട്. അതൊക്കെ വെറുതേ പുറത്തുവിട്ട് വാർത്തയാക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല.
അപ്പൂപ്പന്റെ ഏതു അവയവത്തില്‍ എന്തു സർജറിയാണ് ചെയ്തതെന്ന് ഏത് ഉറക്കത്തില്‍ ചോദിച്ചാല്‍ പോലും ഞാൻ പറയും. തൻവിക്ക് പറയാനാകുമോ? സന്തോഷത്തോടെ അപ്പൂപ്പന്റെ ഓരോ കാര്യങ്ങളും ചെയ്തുകൊടുത്തവരാണ് ഞങ്ങള്‍. അത് തിരിച്ചൊന്നും പ്രതീക്ഷിച്ചല്ല. അപ്പൂപ്പൻ മരിച്ചശേഷം അമ്മൂമ്മയെ നോക്കാനും ആളുകളെ വെച്ചിരുന്നു. അവർക്കാർക്കും അവിടെ നില്‍ക്കാൻ പറ്റുന്നില്ല. ഞങ്ങള്‍ മുൻകൈയെടുത്ത് ആ വീട് വൃത്തിയാക്കാം എന്നു പറഞ്ഞിട്ടും അമ്മൂമ്മ സമ്മതിച്ചിട്ടില്ല.
കുടുംബത്തിനുള്ളില്‍ നടക്കുന്ന ഡ്രാമ സമൂഹമാധ്യമങ്ങളില്‍ വന്നു പറയുന്നത് മോശമാണ്. പുതിയ വ്ലോഗിനുള്ള കോണ്ടന്റ് ആയല്ലോ എന്നു പറയുന്നവരുണ്ട്. ഒന്നോർക്കുക, ഞങ്ങള്‍ അത്തരക്കാരല്ല. പക്ഷേ, ഇതിങ്ങനെ വന്നു പറയേണ്ടി വരുന്നത് ദൗർഭാഗ്യകരമാണ്”, അഹാന വീഡിയോയില്‍ പറഞ്ഞു.





