കാട്ടാക്കടയിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ മാനേജറെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്.ബാങ്കിന്റെ മറ്റൊരു ശാഖയിലെ ജീവനക്കാരിയുമായി മാനേജർ ഗിരീഷിനുണ്ടായിരുന്ന പ്രണയബന്ധമാണ് സംഭവത്തിന് പിന്നിലെന്ന് പോലീസ് വ്യക്തമാക്കി. സംഭവത്തില്‍ രണ്ടുപേർ പോലീസ് പിടിയിലായി. യുവതിയുടെ ഭർത്താവും സഹോദരനുമാണ് പിടിയിലായത്.
വ്യാഴാഴ്ച വൈകുന്നേരം ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങാൻ ഓഫീസിന് പുറത്തിറങ്ങിയതായിരുന്നു ഗിരീഷ്. ഈ സമയം ആയുധങ്ങളുമായെത്തിയ സംഘം മാനേജറെ ബലമായി പിടിച്ചുകയറ്റി തട്ടിക്കൊണ്ടുപോവുകയായിരുന്നു. കൂടെയുണ്ടായിരുന്ന സഹപ്രവർത്തകൻ ഉടൻ തന്നെ പോലീസില്‍ വിവരമറിയിച്ചു. തുടർന്ന് കാട്ടാക്കട പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിക്കുകയായിരുന്നു.
സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു.ആദ്യം സംഭവത്തിന്റെ കാരണം വ്യക്തമല്ലായിരുന്നെങ്കിലും പോലീസ് നടത്തിയ ഊർജിതമായ അന്വേഷണത്തില്‍ വ്യക്തിപരമായ പകയാണ് തട്ടിക്കൊണ്ടുപോകലിന് കാരണമെന്ന് കണ്ടെത്തുകയായിരുന്നു. യുവതിയുടെ ഭർത്താവിന്റെ നേതൃത്വത്തിലാണ് ഗിരീഷിനെ തട്ടിക്കൊണ്ടുപോയതെന്ന് പോലീസ് സ്ഥിരീകരിച്ചു. ഗിരീഷിനെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തുക എന്നതായിരുന്നു പ്രതികളുടെ ലക്ഷ്യമെന്ന് പോലീസ് പറഞ്ഞു. പ്രതികളില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചുവരികയാണ്. സംഘത്തില്‍ ഉള്‍പ്പെട്ട മറ്റുള്ളവർക്കായി പോലീസ് തിരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്.





