ഹോര്‍മുസ് ഇടനാഴി പൂര്‍ണമായും തുറക്കുന്നതും ഗള്‍ഫ് രാജ്യങ്ങളിലെ എണ്ണ ഉത്പാദനം സാധാരണ നിലയിലാകുന്നതും ഇന്ത്യന്‍ സാമ്പത്തിക മേഖലയ്ക്ക് ഏറെ ആശ്വാസമാകും.ഇറാനും അമേരിക്കയും സമാധാന പാതയിലായതിന് പിന്നാലെ രാജ്യാന്തര വിപണിയില്‍ ക്രൂഡോയില്‍ വില കുത്തനെ ഇടിഞ്ഞ് ബാരലിന് 80 ഡോളറിന് താഴെയെത്തി. ജൂണ്‍ 19 മുതല്‍ ഹോര്‍മുസിലൂടെ കപ്പല്‍ ഗതാഗതം പൂര്‍വ സ്ഥിതിയിലാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ലോകത്തിലെ മൊത്തം ചരക്കുഗതാഗതത്തിന്റെ 20 ശതമാനം കൈകാര്യം ചെയ്യുന്ന ഹോര്‍മുസ് ഇടനാഴി ഇറാന്‍ അടച്ചതോടെയാണ് ആഗോള ഇന്ധന പ്രതിസന്ധി അതിരൂക്ഷമായത്. പശ്ചിമേഷ്യയില്‍ യുദ്ധം തുടങ്ങുന്നതിന് മുന്‍പ് ഗള്‍ഫ് മേഖലയില്‍ നിന്ന് ഹോര്‍മുസിലൂടെയാണ് ഇന്ത്യയ്ക്ക് ആവശ്യമായ മൊത്തം ക്രൂഡില്‍ 40 ശതമാനവും എത്തിയിരുന്നത്. ഫെബ്രുവരി 28ന് യുദ്ധം തുടങ്ങിയതിനു ശേഷം ഗള്‍ഫ് ക്രൂഡിന്റെ വരവ് കുത്തനെ കുറഞ്ഞു. സൗദി അറേബ്യ, യു.എ.ഇ എന്നിവിടങ്ങളില്‍ നിന്നുള്ള വരവ് പിന്നീട് മെച്ചപ്പെട്ടുവെങ്കിലും ഇറാഖ്, കുവൈത്ത്, ഖത്തര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള സപ്‌ളൈ പൂര്‍ണമായും നിലച്ചു, അടുത്ത വാരത്തോടെ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് കൂടുതല്‍ എണ്ണ ഇന്ത്യയിലെത്തും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സാമ്പത്തിക മേഖലയിലെ നേട്ടം

1. ക്രൂഡോയില്‍, പ്രകൃതി വാതക ലഭ്യത ഉയരും

2. വളം, കെമിക്കലുകള്‍ തുടങ്ങിയവയുടെ വില കുറയും

3. ഡോളറിനെതിരെ രൂപയുടെ മൂല്യം മെച്ചപ്പെടും

4. വിദേശ നിക്ഷേപ ഒഴുക്ക് ഗണ്യമായി കൂടും

5. കമ്പനികളുടെ ലാഭവും വരുമാനവും ഉയരും

6. നാണയപ്പെരുപ്പം നിയന്ത്രണ വിധേയമാകും

ഇറക്കുമതി ബില്‍ കുറയും

ക്രൂഡോയില്‍ വില ബാരലിന് പത്ത് ഡോളര്‍ താഴ്ന്നാല്‍ ഇന്ത്യയുടെ വാര്‍ഷിക ഇറക്കുമതി ബില്‍ 1,400 കോടി ഡോളര്‍ വരെ കുറയും.

പെട്രോള്‍, ഡീസല്‍ വില ഉടന്‍ കുറയില്ല

യുദ്ധക്കാലയളവില്‍ ലോകത്തിലെ പ്രമുഖ ഉപഭോക്താക്കളായ ചൈനയും ഇന്ത്യയും അടക്കമുള്ള രാജ്യങ്ങള്‍ കരുതല്‍ ശേഖരത്തിലെ ഇന്ധനമാണ് ഉപയോഗപ്പെടുത്തിയത്. ഇതിനാല്‍ വില വര്‍ദ്ധന ഒരു പരിധി വരെ പിടിച്ചുനിറുത്താനായി. വിപണി സാധാരണ നിലയിലാകുന്നതോടെ പ്രമുഖ രാജ്യങ്ങളെല്ലാം കരുതല്‍ ശേഖരം മെച്ചപ്പെടുത്താന്‍ അധിക എണ്ണയും പ്രകൃതി വാതകവും വാങ്ങുന്നതിനാകും മുന്‍ഗണന നല്‍കുക. അതിനാല്‍ സാധാരണക്കാര്‍ക്ക് വിലയിളവിന്റെ നേട്ടം ലഭിക്കാന്‍ സമയമെടുത്തേക്കും.

പാചക വാതക വില കുറഞ്ഞേക്കും

ആഗോള വിപണി സ്ഥിരതയിലായതോടെ പൊതുമേഖല എണ്ണക്കമ്പനികള്‍ വാണിജ്യ ആവശ്യത്തിനുള്ള പാചക വാതകത്തിന്റെ വില കുറച്ചേക്കും. യുദ്ധത്തിന് മുന്‍പുള്ള വിലയിലെത്താന്‍ സമയമെടുക്കുമെങ്കിലും നേരിയ ആശ്വാസം ഉപഭോക്താക്കള്‍ക്ക് അടുത്ത ദിവസങ്ങളില്‍ ലഭിക്കും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക