കോഴിക്കോട് ആയഞ്ചേരി സ്വദേശിയായ പൊലീസ് ഉദ്യോഗസ്ഥന്‍റെ ബുള്ളറ്റ് മോട്ടോർസൈക്കിളിന്റെ ഹെഡ്‌ലൈറ്റിനുള്ളില്‍ നിന്ന് പെരുമ്പാമ്പിന്റെ കുഞ്ഞിനെ കണ്ടെത്തി.സിവില്‍ പൊലീസ് ഉദ്യോഗസ്ഥനായ പാറകണ്ടി സമീറിന്റെ ബൈക്കില്‍ നിന്നാണ് പാമ്പിനെ കണ്ടെത്തിയത്.
സമീർ ഇന്ന് ഡ്യൂട്ടിക്ക് പോകാനായി വാഹനം സ്റ്റാർട്ട് ചെയ്യുന്നതിനിടെയാണ് ഹെഡ് ലൈറ്റിനുള്ളില്‍ നിന്ന് പാമ്പ് തല പുറത്തേക്ക് നീട്ടിയത് ശ്രദ്ധയില്‍പ്പെട്ടത്. തുടർന്ന് സർപ്പ വളന്റിയറും പക്ഷിനിരീക്ഷകനുമായ ജി കെ പ്രശാന്ത് മാഷെ വിവരം അറിയിക്കുകയായിരുന്നു.
സ്ഥലത്തെത്തിയ പ്രശാന്ത് മാഷ് സൂക്ഷ്മ പരിശോധന നടത്തി ഹെഡ്‌ലൈറ്റിനുള്ളില്‍ കുടുങ്ങിക്കിടന്നിരുന്ന പെരുമ്പാമ്പിന്റെ കുഞ്ഞിനെ സുരക്ഷിതമായി പുറത്തെടുത്ത് രക്ഷപ്പെടുത്തി.മൂന്നു മാസങ്ങള്‍ക്ക് മുമ്പ് പരിസരപ്രദേശത്ത് കണ്ട കൂറ്റൻ പെരുമ്പാമ്പ് മുട്ടയിട്ട് വിരിഞ്ഞതാകാം എന്നും കൂടുതല്‍ കുട്ടികളെ കാണാനുള്ള സാധ്യത തള്ളിക്കളയരുത് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സംഭവം പ്രദേശവാസികളില്‍ കൗതുകമുണർത്തി.
വാഹനങ്ങള്‍ ദീർഘനേരം പാർക്ക് ചെയ്യുന്ന സാഹചര്യത്തില്‍ പാമ്പുകള്‍ ഉള്‍പ്പെടെയുള്ള ജീവികള്‍ അവയ്ക്കുള്ളില്‍ കയറാൻ സാധ്യതയുള്ളതിനാല്‍ വാഹനങ്ങള്‍ ഉപയോഗിക്കുന്നതിന് മുമ്പ് പരിശോധിക്കുന്നത് സുരക്ഷിതമാണെന്ന് വിദഗ്ധർ നിർദേശിക്കുന്നു.





