ഉത്തർപ്രദേശിലെ ബറേലിയില്‍ (Bareilly) സിനിമാ രംഗങ്ങളെ വെല്ലുന്ന രീതിയില്‍ കുടുംബകലഹം തെരുവിലേക്ക്.ഭർത്താവ് മറ്റൊരു യുവതിയോടൊപ്പം കാറില്‍ യാത്ര ചെയ്യുന്നത് നേരിട്ട് കണ്ട ഭാര്യ, അവരെ തടയാൻ ഓടുന്ന കാറിന് മുന്നിലേക്ക് ചാടുകയും നിർണ്ണായക നിമിഷത്തില്‍ കാറിന്റെ ബോണറ്റില്‍ (Car Bonnet) തൂങ്ങിക്കിടക്കുകയും ചെയ്തു.

ഭാര്യ ബോണറ്റില്‍ കിടന്നിട്ടും വണ്ടി നിർത്താതെ ഭർത്താവ് ദൂരത്തോളം മുന്നോട്ട് ഓടിച്ച ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്.ബറേലിയിലെ ഭമോര പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ദേവ്ചര ജംഗ്ഷനിലാണ് ഈ ഹൈവോള്‍ട്ടേജ് ഡ്രാമ അരങ്ങേറിയത്. നേത്രപാല്‍ എന്ന വ്യക്തി തന്റെ ഗ്രാമത്തിലുള്ള കാമുകിയോടൊപ്പം കാറില്‍ പോകുന്നത് ഭാര്യ ഉഷാദേവി യാദൃശ്ചികമായി കാണുകയായിരുന്നു. ഭർത്താവിനെ കൈയോടെ പിടികൂടാൻ ഇവർ കാറിന് മുന്നില്‍ കയറി നിന്നെങ്കിലും നേത്രപാല്‍ വണ്ടിയുടെ വേഗത കൂട്ടി മുന്നോട്ട് എടുക്കുകയാണുണ്ടായത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

റോഡിലെ സ്പീഡ് ബ്രേക്കറില്‍ വച്ച്‌ കാറിന്റെ വേഗത നേരിയ രീതിയില്‍ കുറഞ്ഞപ്പോള്‍ ഉഷാദേവി ഒട്ടും മടിക്കാതെ വണ്ടിയുടെ ബോണറ്റിലേക്ക് ചാടിക്കയറി വൈപ്പറുകളില്‍ മുറുകെ പിടിച്ചു. തുടർന്ന് വണ്ടി നിർത്താൻ ഇവർ ആക്രോശിച്ചെങ്കിലും ഭർത്താവ് വേഗത കൂട്ടി ഇവരെയും കൊണ്ട് ഏകദേശം 100 മുതല്‍ 200 മീറ്ററോളം ദൂരം മുന്നോട്ട് പാഞ്ഞു. ഈ ഭീതിജനകമായ രംഗം കണ്ട് റോഡിലുണ്ടായിരുന്ന നാട്ടുകാരും മറ്റ് ബൈക്ക് യാത്രക്കാരും കാറിനെ പിന്തുടരുകയും വണ്ടിക്ക് മുന്നില്‍ ബൈക്കുകള്‍ ക്രോസ്സ് ചെയ്ത് നിർത്തിച്ച്‌ കാർ തടയുകയുമായിരുന്നു.

കാർ നിന്നയുടൻ രോഷാകുലരായ ജനക്കൂട്ടം നേത്രപാലിനെ വലിച്ച്‌ പുറത്തിറക്കുകയും വണ്ടിയുടെ ചില്ലുകള്‍ തകർത്ത് ഇയാളെ കൈയേറ്റം ചെയ്യുകയും ചെയ്തു. തുടർന്ന് സ്ഥലത്ത് ഭാര്യയും ഭർത്താവിന്റെ കാമുകിയും തമ്മില്‍ പരസ്യമായ അടിപിടിയും നടന്നു. സംഭവസ്ഥലത്തുണ്ടായിരുന്ന ജനങ്ങള്‍ മൊബൈലില്‍ പകർത്തിയ വീഡിയോ ഓണ്‍ലൈനില്‍ വൈറലായതോടെ പോലീസ് ഇടപെട്ടു. ഉഷാദേവിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഭർത്താവ് നേത്രപാലിനും കാമുകിക്കുമെതിരെ അശ്രദ്ധമായി വണ്ടിയോടിക്കല്‍, ജീവന് ഭീഷണിയുയർത്തല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക