ഭക്ഷണങ്ങള്‍ പത്രങ്ങളില്‍ പൊതിയുന്നത് നിരവധി ആരോഗ്യപ്രശ്നങ്ങള്‍ക്ക് ഇടയാക്കും. ഭക്ഷണ സാധനങ്ങള്‍ പൊതിയാൻ പത്രക്കടലാസുകള്‍ ഉപയോഗിക്കരുതെന്ന് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ (FSSAI).പത്രങ്ങളിലെ അച്ചടി മഷിയും മറ്റ് മലിനീകരണ വസ്തുക്കളും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കുമെന്നതിനാലാണ് നടപടി.
ജൂണ്‍ 5-ന് കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം പുറത്തിറക്കിയ വാർത്താക്കുറിപ്പിലാണ് ഇക്കാര്യം പറയുന്നത്.മുംബൈയില്‍ ഒരു പ്രശസ്ത വട പാവ് വില്‍പ്പനക്കാരൻ ഭക്ഷണം പൊതിയാൻ പത്രങ്ങള്‍ ഉപയോഗിക്കുന്നത് കണ്ടെത്തിയതിനെ തുടർന്നാണ് പുതിയ നിർദ്ദേശം. എഫ്‌എസ്‌എസ്‌എഐയുടെ വെസ്റ്റേണ്‍ റീജിയണും ബ്രിഹൻമുംബൈ മുനിസിപ്പല്‍ കോർപ്പറേഷനും സംയുക്ത പരിശോധന നടത്തി നടപടി സ്വീകരിച്ചു. ഫുഡ്-ഗ്രേഡ് പേപ്പർ, ബട്ടർ പേപ്പർ എന്നിവ ഉപയോഗിക്കാവുന്നതാണെന്നും അധികൃതർ പറഞ്ഞു.
തെരുവ് കച്ചവടക്കാർ, ക്വിക്ക്-സർവീസ് റെസ്റ്റോറന്റുകള്‍ (ക്യുഎസ്‌ആർ), ഭക്ഷണ സ്റ്റാളുകള്‍, മൊബൈല്‍ ഭക്ഷണ വില്‍പ്പനക്കാർ, ചെറുകിട ചില്ലറ വ്യാപാരികള്‍ എന്നിവയുള്‍പ്പെടെ എല്ലാ ഭക്ഷ്യ ബിസിനസുകളും ഭക്ഷണ പാക്കേജിംഗ്, വിളമ്പല്‍ അല്ലെങ്കില്‍ സംഭരണത്തിനായി പത്രങ്ങളോ അച്ചടിച്ച വസ്തുക്കളോ ഉപയോഗിക്കുന്നത് ഉടൻ നിർത്താൻ എഫ്‌എസ്‌എസ്‌എഐ നിർദ്ദേശിച്ചു.
2018 ലെ ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ (പാക്കേജിംഗ്) ചട്ടങ്ങള്‍ പ്രകാരം പത്രങ്ങളില്‍ ഭക്ഷണം സൂക്ഷിക്കുന്നതും പൊതിയുന്നതും വിളമ്പുന്നതും നിരോധിച്ചിട്ടുണ്ടെന്ന് റെഗുലേറ്റർ വ്യക്തമാക്കി. സമൂസ, പക്കോഡ, വട പാവ് തുടങ്ങിയ വറുത്ത ഭക്ഷണങ്ങളില്‍ നിന്ന് എണ്ണ ആഗിരണം ചെയ്യാൻ പത്രങ്ങള്‍ ഉപയോഗിക്കുന്നതും തയ്യാറാക്കിയ ഭക്ഷണം മൂടുന്നതിനോ സൂക്ഷിക്കുന്നതിനോ നിരോധനം ബാധകമാണെന്ന് എഫ്‌എസ്‌എസ്‌എഐ വ്യക്തമാക്കി.
പത്ര മഷിയില്‍ രാസവസ്തുക്കള്‍, പിഗ്മെന്റുകള്‍, ബൈൻഡറുകള്‍, കളറന്റുകള്‍ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് ഭക്ഷണവുമായി സമ്പർക്കം മൂലം ആരോഗ്യത്തിന് അപകടമുണ്ടാക്കുന്നു. അച്ചടി മഷികളില്‍ ലെഡും മറ്റ് ഘനലോഹങ്ങളും അടങ്ങിയിരിക്കാം. ഇത് ഭക്ഷണവുമായി കലരുകയും ദീർഘകാല ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമാവുകയും ചെയ്യാം. അച്ചടി, വിതരണം എന്നിവയ്ക്കിടെ പൊടി, അഴുക്ക്, വൃത്തിഹീനമായ സാഹചര്യങ്ങള്‍ എന്നിവയുമായി സമ്പർക്കം പുലർത്തുന്നത് പത്രങ്ങളെ ദോഷകരമായ രോഗകാരികളുടെ വാഹകരാക്കുന്നു. പ്രായമായവർക്കും കുട്ടികള്‍ക്കും അവയവ തകരാറുകളുള്ളവർക്കും ക്യാൻസർ സംബന്ധമായ അവസ്ഥകള്‍ക്ക് പോലും ഇതു കാരണമാകുന്നതായി പഠനങ്ങള്‍ പറയുന്നു.
ടിഷ്യു പേപ്പർ, ബട്ടർ പേപ്പർ തുടങ്ങിയവ പത്രങ്ങള്‍ക്ക് പകരമായിട്ട് ഹോട്ടലുകളിലും മറ്റും നമുക്ക് ഉപയോഗിക്കാവുന്നതാണ്. ഇത്തരം കടലാസുകളില്‍ അത്രയേറെ ആരോഗ്യ പ്രശ്നങ്ങളൊന്നും അധികം ഉണ്ടാക്കാറില്ല. അതെ സമയം ശ്രദ്ധിക്കേണ്ട കാര്യം എന്താണെന്ന് വെച്ചാല്‍ ഇവയ്ക്കെല്ലാം വ്യാജനും ഇന്ന് വിപണിയില്‍ ലഭ്യമാണ്. അത്തരം സാധനങ്ങളെ തിരിച്ചറിയേണ്ടത് അത്യാവശ്യമാണ്.







