തൊഴിലില്ലാത്ത യുവാക്കളെ ചീഫ് ജസ്റ്റിസ് സൂര്യകാന്ത് ‘പാറ്റകളോട്’ (Cockroaches) ഉപമിച്ചതിനെതിരെ സോഷ്യല്‍ മീഡിയയില്‍ ഒരുങ്ങിയ രാഷ്ട്രീയ പരിഹാസക്കൂട്ടായ്മ ‘കോക്രോച്ച് ജനതാ പാർട്ടി’ (സിജെപി).സിജെപിയുടെ ഇൻസ്റ്റാഗ്രാമാം ഫോളോവോഴ്സിൻ്റെ എണ്ണം ഇതുവരെ 9.7 ദശലക്ഷം (97 ലക്ഷം) പിന്നിട്ടു. ഇതോടെ മെയ് 16ന് മാത്രം ആരംഭിച്ച പേജിൻ്റെ ഫോളോവോഴ്സിൻ്റെ എണ്ണം രാജ്യം ഭരിക്കുന്ന ബിജെപിയുടെ ഔദ്യോഗിക പേജിനെയും മറികടന്നു.
മെയ് 21ലെ കണക്കനുസരിച്ച്, ബിജെപിയുടെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം പേജായ @bjp4india-ക്ക് ഏകദേശം 8.7 ദശലക്ഷം (87 ലക്ഷം) ഫോളോവേഴ്സാണുള്ളത്. കോണ്‍ഗ്രസിൻ്റെ ഔദ്യോഗിക ഹാൻഡിലായ @incindia-ക്ക് ഏകദേശം 13.2 ദശലക്ഷം (1.32 കോടി) ഫോളോവേഴ്സാണുള്ളത്. ആം ആദ്മി പാർട്ടിയുടെ പേജിന് (@aamaadmiparty) ഏകദേശം 1.9 ദശലക്ഷം (19 ലക്ഷം) ഫോളോവേഴ്സാണുള്ളത്.
സുപ്രിംകോടതിയിലെ ഒരു വാദത്തിനിടെ തൊഴിലില്ലാത്ത യുവാക്കള്‍ ആർടിഐ പ്രവർത്തകരായി മാറി എല്ലാവരെയും ആക്രമിക്കുകയാണെന്നും അവർ ‘പാറ്റകളെപ്പോലെ’ ആണെന്നും ചീഫ് ജസ്റ്റിസ് സൂര്യകാന്ത് നടത്തിയ പരാമർശമാണ് വിവാദങ്ങള്‍ക്ക് വഴിവെച്ചത്. തന്റെ പ്രസ്താവന വ്യാജ ബിരുദമുള്ളവരെ ഉദ്ദേശിച്ചായിരുന്നു എന്ന് പിന്നീട് അദ്ദേഹം വിശദീകരിച്ചെങ്കിലും, ഇതിനോടുള്ള ഡിജിറ്റല്‍ പ്രതിഷേധമെന്നോണമാണ് മേയ് 16ന് കോക്രോച്ച് ജനതാ പാർട്ടിക്ക് തുടക്കമിട്ടത്.
‘മടിയന്മാരും, എപ്പോഴും ഓണ്‍ലൈനില്‍ സമയം ചെലവഴിക്കുന്നവരും, തൊഴിലില്ലാത്തവരുമായ യുവാക്കള്‍ക്ക് വേണ്ടിയുള്ള പാർട്ടി’ എന്ന ടാഗ്‌ലൈനോടെയാണ് സിജെപി രംഗത്തെത്തിയിരിക്കുന്നത്.
ബോസ്റ്റണ്‍ യൂണിവേഴ്സിറ്റിയിലെ പബ്ലിക് റിലേഷൻസ് വിദ്യാർഥിയായ 30കാരൻ അഭിജീത് ദിപ്കെയാണ് ഈ ഡിജിറ്റല്‍ പാർട്ടിയുടെ സ്ഥാപകൻ. 2020 മുതല്‍ 2023 വരെ ആം ആദ്മി പാർട്ടിയുടെ സോഷ്യല്‍ മീഡിയ ടീമില്‍ സജീവമായി പ്രവർത്തിച്ചിട്ടുള്ള ആളാണ് അഭിജീത്. ചീഫ് ജസ്റ്റിസിന്റെ വിശദീകരണത്തെ തള്ളിയ അഭിജീത്, ഒരു പ്രധാനമന്ത്രിയോട് വിയോജിപ്പുകള്‍ ഉണ്ടാകാമെങ്കിലും പൗരന്മാരെ പരാദങ്ങളെന്ന് വിളിക്കാൻ ചീഫ് ജസ്റ്റിസിന് അവകാശമില്ലെന്ന് എക്സ് പ്ലാറ്റ്‌ഫോമിലൂടെ വ്യക്തമാക്കി.
തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കളായ മഹുവ മൊയ്ത്ര, കീർത്തി ആസാദ് എന്നിവരും പാർട്ടിയില്‍ ‘അംഗത്വമെടുത്തിട്ടുണ്ട്’. ഇന്ത്യൻ ഭരണഘടനയുടെ മൂല്യങ്ങള്‍ ഉയർത്തിപ്പിടിക്കുമെന്നും എന്നാല്‍ വ്യവസ്ഥിതിയിലെ പോരായ്മകളെ പരിഹാസത്തിലൂടെ ചോദ്യം ചെയ്യുമെന്നുമാണ് ഈ ഡിജിറ്റല്‍ കൂട്ടായ്മ പ്രഖ്യാപിക്കുന്നത്.
തീർത്തും ആക്ഷേപഹാസ്യ സ്വഭാവമുള്ളതാണെങ്കിലും പാർട്ടി മുന്നോട്ട് വെക്കുന്ന അഞ്ചിന മാനിഫെസ്റ്റോ (പ്രകടനപത്രിക) ഗൗരവമേറിയ ചില രാഷ്ട്രീയ ചർച്ചകള്‍ക്കും വഴിതുറക്കുന്നുണ്ട്.
വിരമിച്ച ശേഷം ഒരു ചീഫ് ജസ്റ്റിസിനും രാജ്യസഭാ സീറ്റ് പ്രതിഫലമായി നല്‍കരുത്..പാർലമെന്റില്‍ സ്ത്രീകള്‍ക്ക് 50 ശതമാനം സംവരണം ഏർപ്പെടുത്തുക.
പാർട്ടി മാറുന്ന എം.പിമാർക്കും എം.എല്‍.എമാർക്കും 20 വർഷത്തേക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് വിലക്കേർപ്പെടുത്തുക.
വോട്ടർമാരുടെ പേര് അനധികൃതമായി വെട്ടിമാറ്റിയാല്‍ ചീഫ് ഇലക്ഷൻ കമ്മീഷണറെ യുഎപിഎ പ്രകാരം അറസ്റ്റ് ചെയ്യുക.
അംബാനിയുടെയും അദാനിയുടെയും ഉടമസ്ഥതയിലുള്ള മാധ്യമങ്ങളുടെ ലൈസൻസ് റദ്ദാക്കുക.






