കോഴിക്കോട് കുറ്റ്യാടിയില്‍ വീടിനുള്ളില്‍ അഞ്ച് വിഷപ്പാമ്ബുകളെ കണ്ടെത്തിയത് പരിഭ്രാന്തി പരത്തി.കുറ്റ്യാടി മീത്തലെ കാപ്പുമ്മല്‍ രമേശിന്റെ വീട്ടിലാണ് ഈ നടുക്കുന്ന സംഭവം. അതീവ വിഷമുള്ള വെള്ളിക്കെട്ടൻ ഇനത്തില്‍പ്പെട്ട പാമ്ബുകളെയാണ് വീട്ടിലെ വിവിധ മുറികളില്‍ നിന്നായി പിടികൂടിയത്. കുട്ടികള്‍ കിടന്നുറങ്ങിയിരുന്ന കിടക്കയിലാണ് ആദ്യം പാമ്ബിനെ കണ്ടത്. ഉടൻ തന്നെ വീട്ടുകാർ കുട്ടികളെ മാറ്റിയതിനാല്‍ വലിയ ദുരന്തം ഒഴിവായി.

തുടർന്ന് വീട്ടില്‍ നടത്തിയ വിശദമായ പരിശോധനയിലാണ് മറ്റ് മുറികളിലും പാമ്ബുകള്‍ ഒളിച്ചിരിക്കുന്നത് കണ്ടെത്തിയത്. ചുവരിലെ വിള്ളലുകള്‍ വഴിയോ വാതിലിനടിയിലൂടെയോ ആകാം പാമ്ബുകള്‍ അകത്ത് കടന്നതെന്നാണ് നിഗമനം. പിടികൂടിയ അഞ്ച് പാമ്ബുകളെയും വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് കൈമാറാനുള്ള നടപടികള്‍ സ്വീകരിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അതേസമയം, കുറ്റ്യാടിയിലെ സംഭവത്തിന് പിന്നാലെ പേരാമ്ബ്രയില്‍ യുവതിക്ക് പാമ്ബുകടിയേറ്റ വാർത്തയും പുറത്തുവന്നു. ഇവരെ ഉടൻ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംസ്ഥാനത്ത് വേനല്‍ കടുത്തതോടെ തണുപ്പ് തേടി പാമ്ബുകള്‍ വീടിനുള്ളിലേക്ക് കയറുന്നത് പതിവാകുകയാണ്. രാത്രികാലങ്ങളില്‍ നിലത്ത് കിടന്നുറങ്ങുന്നവർ ജാഗ്രത പാലിക്കണമെന്ന് വനം വകുപ്പ് നിർദ്ദേശം നല്‍കിയിട്ടുണ്ട്.

പാമ്ബ് കടി തിരിച്ചറിയാൻ വൈകരുത്; ആന്റി വെനം നല്‍കുന്നതില്‍ വീഴ്ച പാടില്ല

പാമ്ബ് കടിയേറ്റ് മരണങ്ങള്‍ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ ആശുപത്രികള്‍ക്ക് ജാഗ്രതാ നിർദ്ദേശം നല്‍കി ആരോഗ്യവകുപ്പ് ഡയറക്ടർ. അത്യാഹിത വിഭാഗത്തില്‍ എത്തുന്ന കേസുകളില്‍ പാമ്ബ് കടിയേല്‍ക്കാനുള്ള സാധ്യത കൂടി പരിശോധിക്കണമെന്ന് ഡി.എം.ഒമാരുടെ യോഗത്തില്‍ അദ്ദേഹം നിർദ്ദേശിച്ചു.

തിരിച്ചറിയാതെ പോകുന്ന പാമ്ബ് കടി

സംസ്ഥാനത്ത് അടുത്തിടെ റിപ്പോർട്ട് ചെയ്ത മൂന്ന് മരണങ്ങളിലും പാമ്ബ് കടിയേറ്റ കാര്യം ആദ്യഘട്ടത്തില്‍ സ്ഥിരീകരിച്ചിരുന്നില്ല എന്നത് ഗൗരവകരമായി കാണുന്നു. രോഗി മരിച്ച ശേഷമാണ് പാമ്ബ് കടിയാണെന്ന് വ്യക്തമായത്. ഈ സാഹചര്യം ഒഴിവാക്കാൻ വിവിധ തരം പാമ്ബുകളുടെ ആക്രമണം തിരിച്ചറിയാൻ ജീവനക്കാർക്ക് ആവശ്യമെങ്കില്‍ പ്രത്യേക പരിശീലനം നല്‍കാനും നിർദ്ദേശമുണ്ട്.

ആന്റി വെനം ലഭ്യതയും ചികിത്സയും

ആന്റി വെനം നല്‍കുന്നതില്‍ യാതൊരു കാലതാമസവും ഉണ്ടാകരുത്. നിലവില്‍ സംസ്ഥാനത്ത് ആന്റി വെനം ലഭ്യതയില്‍ കുറവില്ലെന്നും ആവശ്യത്തിന് സ്റ്റോക്ക് ഉണ്ടെന്നും ആരോഗ്യവകുപ്പ് വിലയിരുത്തി. ആശുപത്രികളില്‍ പ്രത്യേക ജാഗ്രത പുലർത്താൻ എല്ലാ ജില്ലാ മെഡിക്കല്‍ ഓഫീസർമാർക്കും നിർദ്ദേശം നല്‍കിയിട്ടുണ്ട്. പാമ്ബുകടിയേല്‍ക്കുന്ന സാഹചര്യമുണ്ടായാല്‍, ആന്റിവെനം ഉള്ള ആശുപത്രികള്‍ തേടി അലയേണ്ടതില്ലെന്നും, 108 ആംബുലൻശില്‍ വിളിച്ചാല്‍ കൃത്യമായി ആശുപത്രിയിലെത്തിക്കുമെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.

സംസ്ഥാനത്ത് അടുത്തിടെ മൂന്ന് മരണങ്ങളാണ് പാമ്ബ് കടിയേറ്റ് റിപ്പോർട്ട് ചെയ്തത്. ചിറയിൻകീഴില്‍ ഉറക്കത്തിനിടയില്‍ മൂർഖൻ പാമ്ബിന്റെ കടിയേറ്റ് എട്ട് വയസ്സുകാരൻ മരിച്ചു. കോടാലിയില്‍ ഉറങ്ങിക്കിടന്ന സഹോദരങ്ങള്‍ക്ക് പാമ്ബുകടിയേല്‍ക്കുകയും ഒരാള്‍ മരിക്കുകയും ചെയ്തു. വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുത്തു കൊണ്ടിരുന്ന യുവതിക്ക് പാമ്ബുകടിയേറ്റ് മരണം സംഭവിച്ചു. ഇത് കൂടാതെ പാമ്ബുകടിയേറ്റ് രണ്ട് മരണങ്ങള്‍ കൂടി കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക