ബസ് നന്നാക്കുന്നതിനിടെ ജാക്കിതെന്നി വീണ് യുവാവിന് ദാരുണാന്ത്യം. കായംകുളം പട്ടോളി മാർക്കറ്റ് മീനത്തേല്‍ പുതുവല്‍ പ്രകാശിന്റേയും ലതികയുടേയും മകൻഗിരിപ്രകാശാണ് (23)മരിച്ചത്.സരോവരം ഗ്രൗണ്ടിലാണ് അതിദാരുണമായ അപകടം നടന്നത്. ഉച്ചയ്‌ക്ക് പന്ത്രണ്ടേകാലോടെയാണ് അപകടം നടക്കുന്നത്.കോഴിക്കോട് ദേവാല റൂട്ടില്‍ ഓടുന്ന സിഡബ്ലിയുഎംഎസ് എന്ന ബസിന്റെ അറ്റകുറ്റപ്പണിക്കിടെയാണ് അപകടം.
ബസിന്റെ അറ്റകുറ്റപണിക്കായാണ് ഗിരിപ്രകാശും കൂടെ അശ്വിനും എത്തിയത്. ബസില്‍ ജാക്കി വച്ച് ഉയര്‍ത്തി അറ്റകുറ്റപ്പണിക്കായി ഇവര്‍ മണ്ണില്‍ കിടന്ന് പണിയെടുക്കുകയായിരുന്നു.തുടര്‍ന്നാണ് ജാക്കി സ്ഥാനം തെറ്റി വീണ് ബസിന്റെ അടിഭാഗം ഇരുവരുടേയും മുകളിലേക്ക് പതിച്ചു. ഗിരിപ്രകാശിന്റെ നെഞ്ചിന്റെ ഭാഗത്തേക്കും മറുഭാഗത്ത് ഉണ്ടായിരുന്ന കണ്ണൂര്‍ സ്വദേശി അശ്വിന്റെ കാലിനു മുകളിലേക്കുമാണ് ബസ് വീണത്.
ബസിനടിയില്‍ കുടുങ്ങിയ ഗിരിപ്രകാശിനെ പുറത്തെടുക്കാന്‍ സമീപത്ത് ഉണ്ടായിരുന്ന തൊഴിലാളികള്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഫയര്‍ഫോഴ്സ് എത്തി ഹൈഡ്രോളിക് റെസ്‌ക്യു ഉപകരണം ഉപയോഗിച്ച് ബസ് ഉയര്‍ത്തിയാണ് ഗിരിപ്രസാദിനെ പുറത്തെടുത്തത്. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍.അശ്വിന്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. ഗിരിപ്രകാശിന്റെ മൂത്ത സഹോദരൻ ഹരി പ്രകാശ് 2013-ല്‍ കായംകുളം കായലില്‍ കക്കാ വാരുന്നതിനിടെ മുങ്ങി മരിച്ചിരുന്നു.





