ഇന്ത്യക്കാരെ ജോലിക്കെടുക്കാറുണ്ടോ എന്ന് ഇന്ത്യൻ വംശജന്‍റെ ചോദ്യത്തിന് ഇറാൻ എംബസി നല്‍കിയ മറുപടിയാണ് സോഷ്യല്‍മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.മുംബൈയിലെ ഇറാൻ കോണ്‍സുലേറ്റ് ജനറലാണ് എക്സില്‍ മറുപടി നല്‍കിയത്.
നിങ്ങളുടെ മീഡിയ ടീമില്‍ ഇന്ത്യക്കാരെ നിയമിക്കാറുണ്ടോ എന്ന ചോദ്യത്തിന്, നിലവില്‍ ടീമില്‍ മുഴുവൻ ഇറാൻ സ്വദേശികളാണെന്നായിരുന്നു എംബസിയുടെ പ്രതികരണം. എന്നാല്‍ ഇന്ത്യൻ പ്രതിഭകളെ നിയമിക്കുന്നത് വളരെ നല്ലൊരു ആശയമാണെന്നും ഭാവിയില്‍ ഒഴിവുകള്‍ വരുന്ന മുറയ്ക്ക് അത് ഗൗരവമായി പരിഗണിക്കുമെന്നും കോണ്‍സുലേറ്റ് ജനറല്‍ അറിയിച്ചു. ഇന്ത്യയോടുള്ള തങ്ങളുടെ പ്രത്യേക താല്പര്യവും അദ്ദേഹം പ്രകടിപ്പിച്ചു.
നിരവധി പേരാണ് ഇതിനോട് പ്രതികരിച്ചത്. “ഒരു വെയ്റ്റിംഗ് ലിസ്റ്റ് തുടങ്ങിക്കൂടേ?” എന്നാണ് ഒരാള്‍ ചോദിച്ചത്. “എന്തെങ്കിലും ഒഴിവുകള്‍ ഉണ്ടെങ്കില്‍ എന്നെ അറിയിക്കണം. ഹിന്ദി, ഇംഗ്ലീഷ്, ഉറുദു ഭാഷകള്‍ എന്റെ അക്കാദമിക് കരിക്കുലത്തിന്‍റെ ഭാഗമാണ്. പഞ്ചാബി സംസാരിക്കാനും എനിക്കറിയാം. ഹിന്ദിയിലും ഉറുദുവിലും നല്ല അറിവുള്ളതുകൊണ്ട് എനിക്ക് സംസ്‌കൃതവും പേർഷ്യനും പഠിക്കുന്നത് എളുപ്പമായിരിക്കും. ഇറാൻ എംബസിക്ക് വേണ്ടി ജോലി ചെയ്യാൻ എനിക്ക് താല്പര്യമുണ്ട്” എന്നിങ്ങനെയായിരുന്നു മറ്റൊരു ഉദ്യോഗാർഥിയുടെ കമന്‍റ്.
“നിങ്ങള്‍ ഒരുപാട് ക്യൂട്ട് ആണ്. ഇത്തരത്തിലുള്ള പോസിറ്റീവ് വാർത്തകള്‍ വായിക്കുന്നത് സന്തോഷം നല്‍കുന്നു,” എന്നാണ് മൂന്നാമതൊരാള്‍ കുറിച്ചത്. “വളരെ മനോഹരമായ ഇടപെടല്‍, ഇതിനെ തീർത്തും പോസിറ്റീവ് ആയി തന്നെ കാണുന്നു,” എന്ന് നാലാമത്തെയാളും ചെയ്തു.





