ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും വലിയ ചില്ലുപാലം എന്ന ഖ്യാതിയോടെ ടൂറിസം വകുപ്പ് മന്ത്രി പി. എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്ത വാഗമണ്ണിലെ ചില്ലുപാലം അടച്ചിട്ടിട്ട് മൂന്ന് മാസം പിന്നിടുന്നു.വാഗ്ദാനങ്ങള്‍ നല്‍കുന്നതില്‍ കാണിക്കുന്ന ആവേശം പ്രവൃത്തിയില്‍ കാട്ടാത്ത കേരള ടൂറിസം വകുപ്പിന്റെ അനാസ്ഥയ്‌ക്ക് ഉത്തമ ഉദാഹരണമായി മാറുകയാണ് വാഗമണ്ണിലെ ചില്ലുപാലം.

സുരക്ഷാ പരിശോധനയ്‌ക്കും അറ്റകുറ്റപ്പണികള്‍ക്കുമായി കഴിഞ്ഞ ഡിസംബറില്‍ താല്‍ക്കാലികമായി അടച്ച പാലം, മാസങ്ങള്‍ കഴിഞ്ഞിട്ടും തുറന്നു കൊടുക്കാൻ അധികൃതർക്ക് കഴിഞ്ഞിട്ടില്ല.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പാലത്തിന്റെ അറ്റകുറ്റപ്പണികള്‍ ഒരാഴ്ചയ്‌ക്കുള്ളില്‍ പൂർത്തിയാക്കി തുറന്നു കൊടുക്കുമെന്നായിരുന്നു അധികൃതർ ആദ്യം നല്‍കിയ അറിയിപ്പ്. എന്നാല്‍ ആ ഒരാഴ്ച ഇപ്പോള്‍ മൂന്ന് മാസമായി നീണ്ടിരിക്കുകയാണ്. ജർമ്മനിയില്‍ നിന്ന് ഇറക്കുമതി ചെയ്ത അതീവ സുരക്ഷയുള്ള പ്രത്യേക ഗ്ലാസുകള്‍ ഉപയോഗിച്ച്‌ മൂന്ന് കോടി രൂപ ചെലവിട്ടാണ് ഈ പാലം തീർത്തത്. 40 മീറ്റർ നീളമുള്ള ഈ കാന്റിലിവർ പാലം 2023 സെപ്റ്റംബറിലാണ് സഞ്ചാരികള്‍ക്കായി തുറന്നുകൊടുത്തത്. എന്നാല്‍ കൃത്യമായ പ്ലാനിംഗോ പരിപാലന സംവിധാനങ്ങളോ ഇല്ലാതെ ഇത്രയും വലിയ തുക മുടക്കി നിർമ്മിച്ച പദ്ധതി ഇപ്പോള്‍ തുരുമ്ബെടുക്കാൻ വിട്ടുകൊടുത്തിരിക്കുകയാണ് വകുപ്പ്.

പൈസ മുടക്കി ടിക്കറ്റെടുത്ത് എത്തുന്ന സഞ്ചാരികള്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിലോ പാലം കൃത്യസമയത്ത് അറ്റകുറ്റപ്പണി നടത്തുന്നതിലോ അധികൃതർ പരാജയപ്പെട്ടു. നിലവില്‍ വാഗമണ്ണിലെത്തുന്ന സഞ്ചാരികള്‍ ചില്ലുപാലം കാണാൻ കഴിയാതെ മടങ്ങേണ്ടി വരുന്ന സാഹചര്യം ടൂറിസം മേഖലയെ ആശ്രയിച്ച്‌ കഴിയുന്ന ചെറുകിട കച്ചവടക്കാരെയും ബാധിച്ചിട്ടുണ്ട്. ഈ അവസ്ഥയില്‍ പാലം, അധികൃതരുടെ അനാസ്ഥയുടെ സ്മാരകമായി മാറുമെന്നതില്‍ തർക്കമില്ല.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക