കേന്ദ്രസര്‍ക്കാരിന് നാണക്കേടുണ്ടാക്കിയ ചൈനീസ് റോബോട്ടിക് നായയെ എഐ ഉച്ചകോടിയില്‍ അവതരിപ്പിച്ച വനിത പ്രൊഫസര്‍ക്ക് സോഷ്യല്‍ മീഡിയയില്‍ ട്രോള്‍ മഴ. സോഷ്യല്‍ മീഡിയയില്‍ വൈറലാകാന്‍ ഗല്‍ഗോട്ടിയാസ് യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസറായ നേഹ സിങ് നടത്തിയ പ്രകടനമാണ് ഒടുവില്‍ സര്‍വ്വകലാശാലയ്ക്കും രാജ്യത്തിനും തന്നെ വലിയ നാണക്കേടായി മാറിയത്.ന്യൂഡല്‍ഹിയില്‍ നടന്ന എഐ ഇംപാക്റ്റ് ഉച്ചകോടിയിലാണ് യൂണിവേഴ്‌സിറ്റി നിര്‍മിച്ചതാണെന്നു പറഞ്ഞ് ചൈനീസ് നിര്‍മിത റോബോഡോഗിനെ പ്രദര്‍ശിപ്പിച്ചത്. റോബോഡോഗിനൊപ്പമുള്ള വീഡിയോ സമൂഹ മാധ്യമങ്ങളില്‍ നേഹ സിങ് പങ്കുവയ്ക്കുകയും ചെയ്തു.
യൂണിവേഴ്‌സിറ്റിയില്‍ വികസിപ്പിച്ചെടുത്ത നൂതന സാങ്കേതികവിദ്യയുടെ പ്രദര്‍ശനം എന്ന നിലയിലാണ് റോബോ നായയെ വീഡിയോയില്‍ നേഹ സിങ് അവതരിപ്പിക്കുന്നത്.എന്നാല്‍, ഈ റോബോട്ട് യഥാര്‍ത്ഥത്തില്‍ സര്‍വ്വകലാശാല വികസിപ്പിച്ചതാണോ എന്ന കാര്യത്തില്‍ സോഷ്യല്‍ മീഡിയയില്‍ വലിയ സംശയങ്ങള്‍ ഉയര്‍ന്നു. അന്വേഷണത്തില്‍, ഇത് ചൈനീസ് കമ്പനിയായ ‘യൂണിട്രീ’ നിര്‍മ്മിച്ച റോബോട്ടാണെന്നും വെറും 2-3 ലക്ഷം രൂപയ്ക്ക് വിപണിയില്‍ ലഭ്യമാണെന്നും കണ്ടെത്തി. സ്വന്തം കണ്ടുപിടുത്തമെന്ന രീതിയില്‍ ഇതിനെ അവതരിപ്പിച്ചതാണ് പ്രൊഫസറെ ‘എയറിലാക്കിയത്’.
ആദ്യഘട്ടത്തില്‍ നേഹ സിങ്ങിനെ പിന്തുണച്ചും തങ്ങളുടെ സാങ്കേതിക നേട്ടമായി ഇതിനെ ഉയര്‍ത്തിക്കാട്ടിയും സര്‍വ്വകലാശാല രംഗത്തെത്തിയിരുന്നു. എന്നാല്‍ സൈബര്‍ ലോകം തെളിവുകള്‍ സഹിതം പരിഹാസം തുടര്‍ന്നതോടെ മാനേജ്മെന്റ് വെട്ടിലായി. ഏറ്റവും ഒടുവില്‍ പുറത്തിറക്കിയ വിശദീകരണത്തില്‍, നേഹ സിംഗ് സര്‍വ്വകലാശാലയുടെ ഔദ്യോഗിക വക്താവല്ലെന്നും അവരുടെ പ്രസ്താവനകള്‍ വ്യക്തിപരമാണെന്നും പറഞ്ഞ് കൈകഴുകിയിരിക്കുകയാണ് അധികൃതര്‍.നേഹ സിങ് ഗാല്‍ഗോട്ടിയാസ് സര്‍വകലാശാലയില്‍ സ്‌കൂള്‍ ഓഫ് ബിസിനസില്‍ വകുപ്പ് മേധാവി (കമ്മ്യൂണിക്കേഷന്‍സ്) ആയി സേവനമനുഷ്ഠിക്കുന്നു. 2023-ലാണ് സര്‍വകലാശാലയില്‍ ചേര്‍ന്നത്.
പ്രൊഫസര്‍ക്ക് കൃത്യമായ വിവരങ്ങള്‍ ഉണ്ടായിരുന്നില്ലെന്നും ഇത്തരം തെറ്റായ പ്രചാരണങ്ങള്‍ സ്ഥാപനത്തിന്റെ സല്‍പ്പേരിന് കളങ്കമുണ്ടാക്കിയെന്നും പുതിയ പ്രസ്താവനയില്‍ പറയുന്നു. സര്‍വകലാശാലയ്‌ക്കെതിരായി നടക്കുന്ന പ്രചാരണ കാമ്പെയ്‌നില്‍ അധ്യാപകരും വിദ്യാര്‍ത്ഥികളും കടുത്ത വേദന അനുഭവിക്കുന്നുണ്ടെന്നും സര്‍വകലാശാല പറഞ്ഞു. വിദേശ മാധ്യമങ്ങളില്‍ ഉള്‍പ്പെടെ ഇതു വലിയ വാര്‍ത്തയാവുകയും ചെയ്തത് രാജ്യത്തിനും നാണക്കേടായി മാറി. ഗല്‍ഗോട്ടിയാസ് യൂണിവേഴ്‌സിറ്റിയെ ഉച്ചകോടിയില്‍ നിന്ന് പുറത്താക്കുകയും ചെയ്തു.
പ്രൊഫസറുടെ പ്രശസ്തയാകാനുള്ള മോഹം ഒടുവില്‍ സര്‍വ്വകലാശാലയുടെ വിശ്വാസ്യത തന്നെ ചോദ്യം ചെയ്യുന്ന രീതിയിലേക്ക് വളര്‍ന്നിരിക്കുകയാണ്. ‘അടുത്ത തവണ ഗൂഗിളില്‍ സെര്‍ച്ച് ചെയ്തിട്ട് തള്ളണം ടീച്ചറേ’ എന്നും ‘ചൈനീസ് പടക്കത്തെ ആറ്റം ബോംബാക്കി മാറ്റിയ പ്രൊഫസര്‍’ എന്നും തുടങ്ങി രസകരമായ കമന്റുകള്‍ കൊണ്ട് നിറയുകയാണ് സോഷ്യല്‍ മീഡിയ.






