ബംഗ്ലാദേശ് പൊതു തെരഞ്ഞെടുപ്പില്‍ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി വൻ വിജയം നേടി ഭരണം ഉറപ്പിച്ചിരിക്കുകയാണ്.മറ്റ് അപ്രതീക്ഷിതമായ സംഭവങ്ങളൊന്നും ഉണ്ടായില്ലെങ്കില്‍ പാർട്ടി തലവൻ താരിഖ് റഹ്മാൻ തന്നെയായിരിക്കും പ്രധാനമന്ത്രിയാകാൻ പോകുന്നത്. തെരഞ്ഞെടുപ്പിന് തൊട്ട് മുൻപാണ് താരിഖ് റഹ്മാൻ 17 വർഷത്തെ പ്രവാസം അവസാനിപ്പിച്ച് ലണ്ടനില്‍ നിന്നും തിരിച്ചെത്തിയത്.
ആരാണ് താരിഖ് റഹ്മാൻ?
മുൻ പ്രധാനമന്ത്രി ഖാലിദ സിയയുടെയും മുൻ പ്രസിഡന്റ് സിയാവുർ റഹ്‌മാന്റെയും മകനാണ് താരിഖ് റഹ്മാൻ. ബിഎൻപി ആക്ടിംഗ് ചെയർമാനായ താരിഖ് റഹ്മാൻ കഴിഞ്ഞ 17 വർഷമായി ലണ്ടനിലായിരുന്നു താമസം.
ഷേയ്ഖ് ഹസീന ഭരണകൂടത്തിന്റെ കാലത്താണ് ധാക്ക വിട്ടത്. ആ സമയത്ത് അദ്ദേഹത്തിന് 18 മാസം തടവുശിക്ഷ അനുഭവിക്കേണ്ടിവന്നു 2008ല്‍ ജയില്‍ മോചിതനായ ഉടൻ തന്നെ ചികിത്സയ്‌ക്കായി ലണ്ടനിലേക്ക് പോയ അദ്ദേഹം പിന്നീട് മടങ്ങി വന്നില്ല. 2016-ല്‍ ഖാലിദ സിദയെ ശിക്ഷിച്ചപ്പോഴാണ് താരിഖ് റഹ്മാൻ ആക്ടിംഗ് ചെയർമാനായി നിയമിതനായത്. 2024 ല്‍ ഷെയ്ഖ് ഹസീനയുടെ സർക്കാരിന്റെ പതനത്തിന് പിന്നാലെ താരിഖ് റഹ്മാന്റെ ശിക്ഷകള്‍ അസാധുവാക്കി. ഇതോടെ 2025 ഡിസംബർ അവസാന വാരം അദ്ദേഹം ധാക്കയില്‍ തിരിച്ചെത്തി.
താരിഖ് റഹ്‌മാന്റെ പ്രധാനമന്ത്രിയാകുന്നത് ഇന്ത്യയും ഉറ്റുനോക്കുന്നുണ്ട്. ഇടക്കാല സർക്കാരിന്റെ ഭരണത്തില്‍ ഇന്ത്യയും ധാക്കയും തമ്മിലുള്ള ബന്ധം അങ്ങേയറ്റം വഷളായിരുന്നു. ഒപ്പം ഹിന്ദു വംശഹത്യയും ഇതിനുള്ള കാരണമായി. റഹ്മാൻ ബംഗ്ലാദേശിന്റെ ദേശീയ താല്‍പ്പര്യങ്ങള്‍ ഉറപ്പാക്കുന്നതിനൊപ്പം ഇന്ത്യയുമായും മറ്റ് പങ്കാളികളുമായും ബന്ധം ശക്തിപ്പെടുത്തുമെന്നും സന്തുലിതമായ വിദേശനയം പിന്തുടരുമെന്നുമാണ് വിശകലന വിദഗ്ധർ പ്രതീക്ഷിക്കുന്നത്. എന്നാല്‍, മുഹമ്മദ് യൂനുസിനെ പോലെ റഹ്മനും ചൈന- പാകിസ്ഥാൻ അച്ചുതണ്ടുമായി അടുക്കാനുള്ള സാധ്യതയും തള്ളിക്കളാനാകില്ല.
എന്തായാവും ബിഎൻപിയെയും താരിഖ് റഹ്മാനും പ്രധാനമന്ത്രി നരേന്ദ്രമോദി അഭിനന്ദിച്ചിട്ടുണ്ട്. ജനാധിപത്യപരവും പുരോഗമനപരവുമായ ബംഗ്ലാദേശിനെ ഇന്ത്യ എല്ലായ്പ്പോഴും പിന്തുണയ്‌ക്കുമെന്ന് പ്രധാനമന്ത്രി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ആശംസ സന്ദേശത്തില്‍ പറഞ്ഞു.





