പ്രമുഖ അവതാരക സുജയ പാർവതി വിട്ടുനിന്നിട്ടും റേറ്റിങ്ങില്‍ കാര്യമായ ഇളക്കം തട്ടാതെ റിപോർട്ടർ ടിവി. ഏഷ്യാനെറ്റ് ന്യൂസിന് പിന്നില്‍ രണ്ടാമതാണെങ്കിലും രാവിലെ 6-8 സമയത്ത് റിപ്പോർട്ടർ തന്നെയാണ് ഒന്നാമത്.നഷ്ടപ്പെട്ട ഒന്നാം സ്ഥാനം തിരികെ പിടിക്കാനായില്ലെങ്കിലും സുജയ പാർവതിയുടെ അഭാവത്തിലും റേറ്റിങ്ങ് പോയിൻറില്‍ കാര്യമായ നഷ്ടം സംഭവിക്കാതെ കാക്കാനായത് റിപോർട്ടറിന് നേട്ടമാണ്.

ഡോ.അരുണ്‍ കുമാർ അവതരിപ്പിക്കുന്ന കോഫി വിത്ത് അരുണ്‍കുമാർ പരിപാടിയുടെ ബലത്തിലാണ് റിപോർട്ടർ മൂന്നാം സ്ഥാനത്തുളള ട്വൻറി ഫോറിനേക്കാള്‍ വലിയ വ്യത്യാസത്തില്‍ രണ്ടാം സ്ഥാനത്ത് എത്തിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സുജയ പാർവതി അവതരിപ്പിച്ചുകൊണ്ടിരുന്ന ഗുഡ് ഈവനിങ്ങ് ഷോയിലും ഇതര ചാനലുകളേക്കാള്‍ റിപോർട്ടർ മുന്നിലാണ്. സുജയക്ക് പകരം വിനീതാ വേണുവാണ് ഇപ്പോള്‍ ഗുഡ് ഈവനിങ്ങ് ഷോ അവതരിപ്പിക്കുന്നത്. ഇതും റേറ്റിംഗില്‍ മുന്നില്‍ തന്നെയാണ്.

സുജയ ഇല്ലാതിരുന്നിട്ടും വലിയ പോയിൻറ് നഷ്ടമില്ലാതെ മുന്നില്‍ എത്താനായത് റിപോർട്ടറിന് ആത്മവിശ്വാസം പകരുന്നതാണ്. എന്നാല്‍ മലയാളം വാർത്താ ചാനലുകളിലെ ഒന്നാമനായ ഏഷ്യാനെറ്റ് ന്യൂസിന് വെല്ലുവിളി ഉയർത്താൻ പോലും റിപോർട്ടറിന് കഴിയുന്നില്ല.

ചാനലുകളുടെ റേറ്റിങ്ങ് ഏജൻസിയാ ബ്രോഡ് കാസ്റ്റ് ഓഡിയൻസ് റിസർച്ച്‌ കൌണ്‍സില്‍ അഥവാ ബാർക് ഇന്ന് പുറത്തുവിട്ട റേറ്റിങ്ങിലും ഏഷ്യാനെറ്റ് ന്യൂസാണ് ഒന്നാമത്.കേരള ഓള്‍ യൂണിവേഴ്സ് വിഭാഗത്തില്‍ 86 പോയിൻറ് നേടിയാണ് ഏഷ്യാനെറ്റ് ന്യൂസ് റേറ്റിങ്ങിലെ അജയ്യത ഉറപ്പിച്ചത്. രണ്ടാം സ്ഥാനക്കാരായ റിപോർട്ടറിന് 70 പോയിൻറ് മാത്രമേ ലഭിച്ചിട്ടുളളു.

ഒന്നാം സ്ഥാനത്തുളള ഏഷ്യാനെറ്റ് ന്യൂസുമായി 16 പോയിൻറിൻെറ വ്യത്യാസമാണ് ഉളളത്. എന്നാല്‍ പോയിൻറ് ഇടിവിൻെറ തോത് നോക്കുമ്പോള്‍ റിപോർട്ടറിന് ആശ്വസിക്കാവുന്ന ചില കാര്യങ്ങളുണ്ട്.തൊട്ടുമുൻപുളള ആഴ്ചയിലെ റേറ്റിങ്ങില്‍ യൂണിവേഴ്സ് വിഭാഗത്തില്‍ 97 ഉണ്ടായിരുന്ന ഏഷ്യാനെറ്റ് ന്യൂസിന് ഇന്ന് പുറത്തുവന്ന റേറ്റിങ്ങില്‍ 86 പോയിൻറാണുളളത്.11 പോയിൻറിൻെറ നഷ്മമാണ് ഒരാഴ്ച കൊണ്ട് സംഭവിച്ചത്. മുൻപത്തെ ആഴ്ചയില്‍ 72 പോയിൻറുണ്ടായിരുന്ന റിപോർട്ടർ ടിവിക്ക് ഇത്തവണ 70 പോയിൻറുണ്ട്.

രണ്ട് പോയിൻറിൻെറ നഷ്ടമേ സംഭവിച്ചിട്ടുളളു. നഷ്ടത്തിൻെറ തോത് നോക്കുമ്പോള്‍ റിപോർട്ടറിനാണ് മെച്ചം. വലിയ വാർത്താ മൂഹൂർത്തങ്ങളൊ സംഭവങ്ങളോ ഇല്ലാതിരുന്നതാണ് പോയിൻറ് നഷ്ടത്തിന് ചൂണ്ടിക്കാണിക്കാവുന്ന കാരണം.വലിയ സംഭവങ്ങളില്ലെങ്കില്‍ പ്രേക്ഷകർ ചാനലുകളിലേക്ക് വരുന്നില്ല എന്നതിൻെറ തെളിവുകൂടിയാണിത്.ഒന്നും രണ്ടും സ്ഥാനങ്ങളിലെ ചാനലുകള്‍ തമ്മിലുളള മത്സരത്തേക്കാള്‍ മൂന്നാമതും നാലാമതും നില്‍ക്കുന്ന ചാനലുകള്‍ തമ്മിലുളള കടുത്ത മത്സരമാണ് ഇത്തവണത്തെ റേറ്റിങ്ങ് ചാർട്ടിനെ ശ്രദ്ധേയമാക്കുന്നത്.

ആർ.ശ്രീകണ്ഠൻ നായരുടെ ട്വൻറിഫോറാണ് റേറ്റിങ്ങില്‍ ഈയാഴ്ചയും മൂന്നാം സ്ഥാനത്തുളളത്. എന്നാല്‍ തൊട്ടുപിന്നിലായി മനോരമ ന്യൂസുണ്ട്. യൂണിവേഴ്സ് വിഭാഗത്തില്‍ മാത്രമാണ് ട്വൻറി ഫോറിന് മൂന്നാം സ്ഥാനമുളളത്.മാർക്കറ്റിങ്ങ് വിഭാഗം ഏറെ ഗൌരവമായി പരിഗണിക്കുന്ന 15+, 22+ ABC തുടങ്ങിയ വിഭാഗങ്ങളില്‍ ട്വൻറി ഫോറിനെ വെട്ടി മനോരമാ ന്യൂസ് മൂന്നാം സ്ഥാനത്ത് എത്തിയിട്ടുണ്ട്.

ഇന്ന് പുറത്തുവന്ന റേറ്റിങ്ങില്‍ കേരള യൂണിവേഴ്സ് വിഭാഗത്തില്‍ 40 പോയിൻറാണ് ട്വൻറി ഫോറിൻെറ സമ്പാദ്യം. ട്വൻറി ഫോറിൻെറ സമീപകാലത്തെ ഏറ്റവും കുറഞ്ഞ പോയിൻറ് നിലയാണിത്. സ്റ്റാർ അവതാരകരുടെ കൊഴിഞ്ഞുപോക്ക് ട്വൻറി ഫോറിന് കനത്ത തിരിച്ചടിയായി.നാലാം സ്ഥാനക്കാരായ മനോരമ ന്യൂസിന് 38 പോയിൻറ് ഉണ്ട്. മൂന്നും നാലും സ്ഥാനക്കാർ തമ്മിലുളള പോയിൻറ് വ്യത്യാസം വെറും 2 പോയിൻറ് മാത്രം. വരാനിരിക്കുന്ന ആഴ്ചകളില്‍ ട്വൻറിഫോറിന് ആശങ്ക ഉണ്ടാക്കുന്ന സ്ഥിതിവിശേഷമാണിത്.

മാധ്യമ പ്രവർത്തകൻ അല്ലാത്ത, അവതാരകൻ മാത്രമായ ആർ. ശ്രീകണ്ഠൻ നായരുടെ സ്വന്തം വാർത്താ ഭാവുകത്വത്തിന് ഒപ്പിച്ച്‌ മാത്രം നീങ്ങുന്ന ട്വൻറിഫോറിന് കടുത്ത മത്സരം നടക്കുന്ന ഘട്ടത്തില്‍ ഒരുതരത്തിലുളള മേധാവിത്വവും പുലർത്താൻ ആകുന്നില്ല.ഗൌരവമുളള വാർത്തകള്‍ പരിഗണിക്കാത്ത ശ്രീകണ്ഠൻ നായരുടെ പ്രഭാത വാർത്താപരിപാടി ഇപ്പോള്‍ റേറ്റിങ്ങില്‍ ഏഷ്യാനെറ്റിനും റിപോർട്ടറിനും പിന്നിലാണ്.

യൂട്യൂബ് കമൻറ് വായനയും പഴയശൈലിയിലുളള തമാശയും ഒക്കെയായി നീങ്ങുന്ന ശ്രീകണ്ഠൻനായരുടെ മോണിങ്ങ് ഷോയ്ക്ക് വാർത്തകള്‍ കൈകാര്യം ചെയ്യാത്തത് കൊണ്ടുതന്നെ പ്രേക്ഷക പ്രീതി കുറവാണ്.മോണിങ്ങ് ഷോയില്‍ പിന്നിലായ മനോരമ ന്യൂസ്, ആ വിഭാഗത്തില്‍ കൂടി മുന്നേറ്റം നടത്തിയാല്‍ വാർത്താചാനലുകളിലെ മൂന്നാം സ്ഥാനക്കാർ എന്ന പഴയ പദവി അനായാസം തിരിച്ചുപിടിക്കാം.

ബിഗ് ടിവിയുടെ വരവ് ഉണ്ടാക്കിയ ഇളക്കത്തില്‍ വലിയ കൊഴിഞ്ഞു പോക്ക് നേരിടുന്ന ട്വൻറി ഫോർ ആളില്ലാതെ ഊർധ്വം വലിക്കുകയാണ്. ഈ അവസരം മുതലെടുത്ത് അവരെ വീഴ്ത്താനായാല്‍ മനോരമക്ക് എളുപ്പത്തില്‍ മുന്നിലെത്താവുന്നതേയുളളു.മനോരമ ന്യൂസ് മൂന്നാം സ്ഥാനത്തിന് തൊട്ടടുത്തെത്തിയപ്പോള്‍, ഇടക്കാലത്ത് മനോരമയ കടന്ന് നാലാം സ്ഥാനം നേടിയ മാതൃഭൂമി ന്യൂസിന് വൻ ഇടിവാണ്. യൂണിവേഴ്സ് വിഭാഗത്തില്‍ 29 പോയിൻറ് എന്ന നിലയിലേക്കാണ് മാതൃഭൂമി ന്യൂസിൻെറ കൂപ്പുകുത്തല്‍.

മാതൃഭൂമിയുടെ സമീപകാലത്തെ ഏറ്റവും വലിയ തകർച്ചയാണിത്. നാലാം സ്ഥാനക്കാരുമായുളള പോയിൻറ് വ്യത്യാസം 9 പോയിൻറാണെങ്കില്‍ മാതൃഭൂമിയുടെ അഞ്ചാം സ്ഥാനത്തിന് ഭീഷണിയുയർത്തി കൊണ്ട് ന്യൂസ് മലയാളം 24×7 തൊട്ടുപിന്നിലുണ്ട്.മാതൃഭൂമി ന്യൂസിന് 29 പോയിൻറാണ് ഉളളതെങ്കില്‍ ന്യൂസ് മലയാളത്തിന് 24 പോയിൻറുണ്ട്. മാതൃഭൂമിക്ക് പിന്നില്‍ ആറാം സ്ഥാനത്തുളള ന്യൂസ് മലയാളം ചാനലിന് അവരുമായുളള പോയിൻറ് വ്യത്യാസം വെറും 5 പോയിൻറ് മാത്രം.

രാജീവ് ദേവരാജ് എഡിറ്ററായ ശേഷം മാതൃഭൂമിക്ക് സംഭവിക്കുന്ന ഇടിവിൻെറ നേർക്കാഴ്ചയാണിത്. രാജീവിൻെറ നയങ്ങള്‍ മടുത്ത് മുൻനിര അവതാരകയായ ആര്യാ.പി.നായർ, സീനിയർ ഡെപ്യൂട്ടി എഡിറ്റർ വി. ഹരിലാല്‍ തുടങ്ങിയവർ ചാനല്‍ വിടുകയാണ്.മാതൃഭൂമി ഔട്ട്പുട്ട് ഡസ്കിൻെറ മേധാവിയായ ഹരിലാല്‍ പോകുന്നത് ചാനലിന് വലിയ നഷ്ടമാകും 21 പോയിൻറുമായി ജനം ടിവിയാണ് റേറ്റിങ്ങില്‍ ഏഴാം സ്ഥാനത്ത്.15 പോയിൻറ് നേട്ടവുമായി കൈരളി ന്യൂസ് എട്ടാം സ്ഥാനത്താണ്.10 പോയിൻറ് മാത്രമുളള ന്യൂസ് 18 കേരളമാണ് റേറ്റിങ്ങില്‍ ഏറ്റവും പിന്നില്‍.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക