ചെങ്ങന്നൂരിലെ പെട്രോള്‍ പമ്പ് ഉടമയെ കൊലപ്പെടുത്തിയ കേസില്‍ ശിക്ഷിക്കപ്പെട്ട ഒന്നാം പ്രതി അനൂപ് കുമാർ (ബോഞ്ചോ – 36) നീണ്ട നാല് വർഷത്തെ ഒളിവുജീവിതത്തിന് ശേഷം പോലീസ് പിടിയിലായി.ജീവപര്യന്തം തടവ് അനുഭവിക്കുന്നതിനിടെ പരോളിലിറങ്ങി മുങ്ങിയ ഇയാളെ പന്തളത്ത് വെച്ചാണ് പ്രത്യേക അന്വേഷണസംഘം പിടികൂടിയത്.

2016 ഫെബ്രുവരിയിലായിരുന്നു മുളക്കുഴയിലെ പമ്പ് ഉടമ എം.പി. മുരളീധരൻ നായർ കൊല്ലപ്പെട്ടത്. പമ്പിലെ ജീവനക്കാരെ അക്രമിച്ചത് ചോദ്യം ചെയ്തതിനെത്തുടർന്ന് പ്രതികള്‍ ഇദ്ദേഹത്തെ ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു. കേസില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയ അനൂപ് കുമാർ തിരുവനന്തപുരം സെൻട്രല്‍ ജയിലില്‍ ശിക്ഷ അനുഭവിച്ചു വരികയായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

2022 മെയ് മാസം 14 ദിവസത്തെ പരോളിന് ഇറങ്ങിയ പ്രതി പിന്നീട് ജയിലില്‍ തിരികെ പ്രവേശിക്കാതെ മുങ്ങുകയായിരുന്നു. ഇയാള്‍ വിദേശത്തേക്ക് കടന്നെന്ന തരത്തില്‍ വ്യാജ വാർത്തകള്‍ പ്രചരിച്ചെങ്കിലും പോലീസ് അന്വേഷണം തുടർന്നു. ഗുജറാത്ത്, മുംബൈ തുടങ്ങിയ സ്ഥലങ്ങളില്‍ വ്യാജ ഐഡന്റിറ്റിയില്‍ കഴിഞ്ഞ ഇയാള്‍ ഒടുവില്‍ ബംഗളൂരുവില്‍ ടിഷ്യൂ പേപ്പർ നിർമ്മാണ കമ്പനിയില്‍ ജോലിയില്‍ പ്രവേശിച്ചു.

ബംഗളൂരുവില്‍ വെച്ച്‌ പരിചയപ്പെട്ട പന്തളം സ്വദേശിനിയായ നഴ്സുമായുള്ള അടുപ്പമാണ് പ്രതിയെ പോലീസിന്റെ വലയിലാക്കിയത്. യുവതിയുടെ നീക്കങ്ങള്‍ നിരീക്ഷിച്ചുവന്ന പോലീസിന്, ഇവർ നാട്ടിലെത്തിയപ്പോള്‍ കാണാൻ അനൂപ് എത്തുമെന്ന സൂചന ലഭിച്ചു. പന്തളത്തെ ആളൊഴിഞ്ഞ വീട്ടില്‍ തങ്ങുകയായിരുന്ന ഇയാളെ പുലർച്ചെ നടത്തിയ മിന്നല്‍ പരിശോധനയിലൂടെയാണ് പോലീസ് കീഴ്പ്പെടുത്തിയത്.

ചെങ്ങന്നൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. നടപടിക്രമങ്ങള്‍ പൂർത്തിയാക്കിയ ശേഷം പ്രതിയെ പൂജപ്പുര സെൻട്രല്‍ ജയിലിലേക്ക് മാറ്റി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക