പതിനാറ് വർഷങ്ങള്‍ക്ക് മുമ്ബ് ഓർഡർ ചെയ്ത ഫോണുകള്‍ ഇപ്പോള്‍ കൈയ്യില്‍ കിട്ടിയാലുള്ള അവസ്ഥ ഒന്ന് ആലോചിച്ചു നോക്കൂ!ലിബിയയിലെ ഒരു കടയുടമയ്ക്കാണ് ഈ വിചിത്രമായ അനുഭവമുണ്ടായത്. 2010 -ല്‍ അദ്ദേഹം ഓർഡർ ചെയ്ത നോക്കിയ ഫോണുകള്‍ നീണ്ട 16 വർഷങ്ങള്‍ക്ക് ശേഷം ഇപ്പോള്‍ അദ്ദേഹത്തിന്‍റെ കടയിലെത്തിയിരിക്കുകയാണ്.

ഓർഡർ ചെയ്തത് 2010 -ല്‍

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ദീർഘകാലമായി ലിബിയയിലുള്ള രാഷ്ട്രീയ അസ്ഥിരതയുടെ ഒരു പ്രതിഫലനമായി വേണം ഈ സംഭവത്തെ വിശേഷിപ്പിക്കാൻ. ട്രിപ്പോളിയിലെ ഒരു മൊബൈല്‍ ഫോണ്‍ ഡീലർക്കാണ് 2010 -ല്‍ ഓർഡർ ചെയ്ത നോക്കിയ ഫോണുകളുടെ ഒരു ശേഖരം ഈയിടെ ലഭിച്ചത്. 2011 -ല്‍ പൊട്ടിപ്പുറപ്പെട്ട ആഭ്യന്തര യുദ്ധവും രാജ്യത്തെ അടിസ്ഥാന സൗകര്യങ്ങളുടെ തകർച്ചയും കാരണം, ഈ ഫോണുകള്‍ 16 വർഷത്തോളം വെയർഹൗസുകളില്‍ കുടുങ്ങിക്കിടക്കുകയായിരുന്നു. ഇപ്പോള്‍ വിസ്മൃതിയില്‍ ആണ്ടു പോയെങ്കിലും ഒരുകാലത്ത് വിപണി ഭരിച്ചിരുന്ന ബട്ടണുകളോട് കൂടിയ നോക്കിയ ഫോണുകളാണ് പതിറ്റാണ്ടുകള്‍ക്കിപ്പുറം കടയുടമയെ തേടി എത്തിയിരിക്കുന്നത്.

കടയുടമ തന്നെ തേടിയെത്തിയ ബോക്സുകള്‍ തുറന്ന് മൊബൈല്‍ ഫോണുകള്‍ പുറത്തെടുക്കുന്ന വീഡിയോ ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്. നഷ്ടപ്പെട്ടുവെന്ന് കരുതിയ സാധനങ്ങള്‍ ഒടുവില്‍ എത്തിയപ്പോള്‍, വലിയ സന്തോഷത്തോടെയാണ് അദ്ദേഹം അത് തുറക്കുന്നത്. ഫോണുകള്‍ പുറത്തെടുത്ത് ഇത് ഫോണുകളോ അതോ ചരിത്രപരമായ വസ്തുക്കളോയെന്ന് ചെറു ചിരിയോടെ അദ്ദേഹം ചോദിക്കുന്നതും വീഡിയോയില്‍ കാണാം. ആ കാലഘട്ടത്തിലെ ഉയർന്ന നിലവാരമുള്ള മോഡലുകളായ “മ്യൂസിക്-എഡിഷൻ” ഫോണുകളും നോക്കിയ കമ്മ്യൂണിക്കേറ്ററുകളുമാണ് പെട്ടിയില്‍ ഉണ്ടായിരുന്നത്. ഒരുകാലത്ത് എലൈറ്റ് സ്റ്റാറ്റസിന്‍റെ പ്രതീകങ്ങളായിരുന്ന ഇവ ഇപ്പോള്‍ സാങ്കേതികമായി കാലഹരണപ്പെട്ടിരിക്കുന്നു.

നല്ല വില കിട്ടുമെന്ന് നെറ്റിസെന്‍സ്

ഈ സംഭവത്തിലെ മറ്റൊരു കൗതുകകരമായ കാര്യം നോക്കിയ ഫോണുകള്‍ അയച്ചയാളും അത് ലഭിക്കേണ്ടയാളും ട്രിപ്പോളിയില്‍ തന്നെ ഏതാനും കിലോമീറ്ററുകള്‍ മാത്രം അകലെയായിരുന്നു താമസിച്ചിരുന്നത്. ഇത്രയും കുറഞ്ഞ ദൂരമായിരുന്നിട്ടും, ആ പാഴ്സല്‍ ലക്ഷ്യസ്ഥാനത്ത് എത്താൻ 16 വർഷമെടുത്തു! ആഭ്യന്തര യുദ്ധകാലത്തെ അടിസ്ഥാന സൗകര്യങ്ങളുടെ തകർച്ചയാണ് ഈ വമ്ബിച്ച കാലതാമസത്തിന് കാരണമായി പലരും ചൂണ്ടിക്കാണിക്കുന്നത്. അതേസമയം നിലവിലെ ഭൗമരാഷ്ട്രീയ സാഹചര്യങ്ങള്‍ കണക്കിലെടുക്കുമ്ബോള്‍, ഈ ഫോണുകള്‍ തികച്ചും മൂല്യമുള്ളതാണ്. ഇവയില്‍ ട്രാക്കറുകള്‍ ഒന്നുമില്ലെന്നാണ് ഒരു ഉപയോക്താവ് വീഡിയോയ്ക്ക് താഴെ കുറിച്ചത്. മറ്റൊരാള്‍ അഭിപ്രായപ്പെട്ടത് “അവ നഷ്ടപ്പെട്ടുപോയ ഒരു മഹത്തായ കാലഘട്ടത്തിന്‍റെ വിലപ്പെട്ട സ്മരണികകളാണ്, അന്നത്തേക്കാള്‍ വലിയ മൂല്യം ഇന്ന് അവയ്ക്കുണ്ട്.” എന്നാണ്. മൂന്നാമതൊരാള്‍ പറഞ്ഞത്, “അമേരിക്കയിലെ അപൂർവ്വ വസ്തുക്കള്‍ ശേഖരിക്കുന്ന രീതി വെച്ച്‌ നോക്കിയാല്‍, ഓർഡർ ചെയ്ത സമയത്ത് കിട്ടിയിരുന്നതിനേക്കാള്‍ ഇരട്ടി ലാഭത്തിന് അദ്ദേഹത്തിന് ഈ ഫോണുകള്‍ അവിടെ വില്‍ക്കാൻ സാധിച്ചേക്കും.” എന്നാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക