യുകെയില്‍ യുവതിയെ പീഡിപ്പിച്ച മലയാളിക്ക് 12 വർഷം തടവുശിക്ഷ വിധിച്ച്‌ കോടതി. സോമർസെറ്റിലെ ടോണ്ടനില്‍ താമസിക്കുന്ന തിരുവനന്തപുരം സ്വദേശി മനോജ് ചിന്താതിര (29)യ്ക്ക് ആണ് ശിക്ഷ ലഭിച്ചത്.കേസില്‍ ഇയാള്‍ കുറ്റം സമ്മതിച്ചിരുന്നു. ടോണ്ടൻ ക്രൗണ്‍ കോടതിയാണ് പന്ത്രണ്ട് വർഷം തടവ് ശിക്ഷ വിധിച്ചത്. ശിക്ഷാ കാലാവധിയുടെ പകുതി (ആറ് വർഷം) കഴിയുമ്ബോള്‍ ഇയാളെ യുകെയില്‍ നിന്ന് നാടുകടത്താനും കോടതി ഉത്തരവിട്ടു.

2025 ഒക്ടോബർ 11-ന് രാത്രി 11 മണിക്കും പുലർച്ചെ 5 മണിക്കും ഇടയില്‍ ടോണ്ടനിലെ വിക്ടോറിയ പാർക്കിലാണ് സംഭവം നടന്നത്. മാനസികമായി തളർന്നിരുന്ന യുവതിയെ ആശ്വസിപ്പിക്കാനെന്ന വ്യാജേന സമീപിച്ച ശേഷം ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു. റോഡരികില്‍ വിഷമിച്ചിരിക്കുകയായിരുന്ന മുപ്പതുകാരിയായ യുവതിയെ അപരിചിതനായ മനോജ് സമീപിച്ചു. സൗഹൃദം സ്ഥാപിച്ച ഇയാള്‍ അടുത്തുള്ള കടയില്‍ നിന്ന് മദ്യം വാങ്ങി നല്‍കുകയും തുടർന്ന് പാർക്കിലെ ആളൊഴിഞ്ഞ ബെഞ്ചിലേക്ക് യുവതിയെ കൂട്ടിക്കൊണ്ടുപോവുകയും ചെയ്തു. ഇയാള്‍ യുവതിയെ പീഡിപ്പിക്കാൻ പോകുകയാണെന്ന് പറയുന്നതും, ‘ദയവുചെയ്ത് എന്നെ ഉപദ്രവിക്കരുത്’ എന്ന് യുവതി ആവർത്തിച്ച്‌ അപേക്ഷിക്കുന്നതും പാർക്കിലെ സിസിടിവി ക്യാമറകളില്‍ പതിഞ്ഞിട്ടുണ്ട്. തന്‍റെ ജീവൻ അപകടത്തിലാണെന്ന ഭയത്തിലാണ് യുവതി ആ സമയം കഴിഞ്ഞതെന്ന് പൊലീസ് പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

തുടക്കത്തില്‍ കുറ്റം നിഷേധിച്ച മനോജ്, ശാസ്ത്രീയമായ തെളിവുകളും സിസിടിവി ദൃശ്യങ്ങളും നിരത്തിയതോടെ കോടതിയില്‍ കുറ്റസമ്മതം നടത്തുകയായിരുന്നു. ഇത് ആസൂത്രിതമായിരുന്നെന്ന് ജഡ്ജി സ്റ്റീഫൻ ക്ലൈമി നിരീക്ഷിച്ചു. നിസ്സഹായയായ ഒരു സ്ത്രീയെയാണ് പ്രതി ലക്ഷ്യമിട്ടതെന്ന് ഡിറ്റക്ടീവ് കോണ്‍സ്റ്റബിള്‍ അമൻഡ ജോണ്‍സണ്‍ പറഞ്ഞു. സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും സുരക്ഷയ്ക്ക് ഭീഷണിയായ ഒരാളെ പുറത്താക്കാൻ സാധിച്ചതില്‍ അവർ അന്വേഷണ സംഘത്തെയും യുവതിയെ സഹായിച്ച നാട്ടുകാരെയും അഭിനന്ദിച്ചു. ശിക്ഷാ കാലാവധിക്ക് ശേഷം ഇയാള്‍ക്ക് പിന്നീട് യുകെയിലേക്ക് മടങ്ങിവരാൻ സാധിക്കാത്ത വിധത്തിലാണ് നാടുകടത്തല്‍ ഉത്തരവ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക