ഇന്ത്യയില്‍ വ്യാജ റാബിസ് വാക്സിൻ ബാച്ചുകളുടെ വില്പനയെ കുറിച്ച്‌ സഞ്ചാരികള്‍ക്ക് മുന്നറിയിപ്പ് നല്‍കി ഓസ്‌ട്രേലിയൻ ആരോഗ്യ അധികൃതർ.2023 നവംബർ 1 മുതല്‍ റാബിസ് വാക്സിൻ അഭയ്‌റാബിന്‍റെ വ്യാജ മരുന്നുകള്‍ പ്രചാരത്തിലുണ്ടെന്ന് ഓസ്‌ട്രേലിയൻ ടെക്‌നിക്കല്‍ അഡ്വൈസറി ഗ്രൂപ്പ് ഓണ്‍ ഇമ്മ്യൂണൈസേഷനെ ( ATAGI) അറിയിച്ചു.

അഭയ്‌റാബിന് ഓസ്‌ട്രേലിയയില്‍ അംഗീകാരമോ വിതരണമോ ഇല്ല. ഇന്ത്യ സന്ദർശിക്കുമ്ബോള്‍ ഈ വാക്സിൻ സ്വീകരിച്ച വ്യക്തികള്‍ക്ക് റാബിസിനെതിരെ മതിയായ സംരക്ഷണം ലഭിച്ചേക്കില്ലെന്ന് മുന്നറിയിപ്പില്‍ പറയുന്നു. കൂടാതെ സഞ്ചാരികള്‍ തിരിച്ചെത്തുമ്ബോള്‍ കൂടുതല്‍ വൈദ്യസഹായം വേണ്ടിവന്നേക്കാമെന്നും മുന്നയിപ്പില്‍ പറയുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

റാബിസ് എന്ന അപകടകാരി

റാബിസ് എന്നത് കേന്ദ്ര നാഡീവ്യവസ്ഥയെ ബാധിക്കുന്ന ഒരു വൈറല്‍ രോഗമാണ്, ലക്ഷണങ്ങള്‍ കണ്ടുതുടങ്ങുമ്ബോള്‍ തന്നെ അത് മാരകമായിരിക്കും. ഓസ്ട്രേലിയ റാബിസില്‍ നിന്ന് മുക്തമാണ്. എന്നാല്‍, ഇന്ത്യ ഉള്‍പ്പെടെ ലോകമെമ്ബാടുമുള്ള നിരവധി രാജ്യങ്ങളില്‍ ഇപ്പോഴും വൈറസ് സാന്നിധ്യമുണ്ട്. സാധാരണയായി രോഗബാധിതരായ മൃഗങ്ങള്‍, പ്രത്യേകിച്ചും നായകളുടെ കടികള്‍, പോറലുകള്‍, അല്ലെങ്കില്‍ ഉമിനീരുമായുള്ള സമ്ബർക്കം എന്നിവയിലൂടെയാണ് മനുഷ്യരിലേക്ക് രോഗം പകരുന്നത്, വ്യാജ വാക്സിനുകള്‍ റാബിസ് ബാധിതർക്ക് ചികിത്സ പരാജയപ്പെടാനുള്ള സാധ്യത വർദ്ധിപ്പിക്കുമെന്ന് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നല്‍കുന്നു. . 2023 നവംബർ ഒന്നിനോ അതിന് ശേഷമോ ഇന്ത്യയില്‍ നിന്നും റാബിസ് വാക്സിൻ എടുത്തിട്ടുള്ള ഓസ്ട്രേലിയക്കാർ എത്രയും വേഗം ഒരു ജനറല്‍ പ്രാക്ടീഷണറെയോ ട്രാവല്‍ ഹെല്‍ത്ത് സ്പെഷ്യലിസ്റ്റിനെയോ സമീപിക്കാനും ആരോഗ്യവകുപ്പ് കഴഞ്ഞ 19 -ാം തിയതി ഇറക്കിയ പത്രക്കുറിപ്പില്‍ നിർദ്ദേശിക്കുന്നു.

സഞ്ചാരികള്‍ക്ക് മുന്നറിയിപ്പ്

റാബിസ് ബാധിത രാജ്യങ്ങളിലേക്കുള്ള യാത്രക്കാർക്ക് ഓസ്ട്രേലിയൻ ആരോഗ്യവകുപ്പ് പ്രത്യേക മുൻകരുതല്‍ നിർദ്ദേശങ്ങളും മുന്നോട്ട് വയ്ക്കുന്നു. യാത്രയ്ക്ക് മുമ്ബ് വിദഗ്ദ വൈദ്യോപദേശം തേടുകയും ശുപാർശ ചെയ്യുന്ന വാക്സിനേഷനുകളെക്കുറിച്ച്‌ അറിഞ്ഞിരിക്കുക. കാട്ടുമൃഗങ്ങളുമായോ വളർത്തുമൃഗങ്ങളുമായോ, പ്രത്യേകിച്ച്‌ നായ്ക്കള്‍, പൂച്ചകള്‍, കുരങ്ങുകള്‍ എന്നിവയുമായോ അടുത്ത സമ്ബർക്കം ഒഴിവാക്കുക. ഏതെങ്കിലും മൃഗങ്ങളില്‍ നിന്നും കടിയോ പോറലോ ഉണ്ടായാല്‍ ഉടൻ തന്നെ നന്നായി കഴുകുക, അടിയന്തിര വൈദ്യസഹായം തേടുക. വിദേശത്ത് ലഭിച്ച എല്ലാ വാക്സിനുകളുടെയും വിശദമായ രേഖകള്‍ സൂക്ഷിക്കുക, തീയതികള്‍, വാക്സിൻ പേരുകള്‍, ബാച്ച്‌ നമ്ബറുകള്‍ എന്നിവ രേഖപ്പെടുത്തുക. സാധ്യമാകുമ്ബോഴെല്ലാം വാക്സിൻ പാക്കേജിംഗിന്‍റെയോ ലേബലുകളുടെയോ ഫോട്ടോ എടുത്ത് സൂക്ഷിക്കുക തുടങ്ങിയ നിർദ്ദേശങ്ങളും ആരോഗ്യവകുപ്പ് സഞ്ചാരികള്‍ക്ക് നല്‍കുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക