കർണാടക ചിത്രദുർഗയില്‍ സ്ലീപ്പർ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് തീപിടിച്ച് പത്തിലധികം പേർ വെന്തുമരിച്ചു.വ്യാഴാഴ്ച പുലർച്ചെ രണ്ട് മണിയോടെ ദേശീയപാത 48 ല്‍ ഗോർലത്തു ഗ്രാമത്തിന് സമീപമാണ് വൻ അപകടമുണ്ടായത്.
ട്രക്ക് ഡ്രൈവറുടെ അശ്രദ്ധയാണ് അപകടകാരണം എന്നാണ് പ്രാഥമിക നിഗമനം. ട്രക്ക് ഡിവൈഡർ കടന്ന് ബസില്‍ ഇടിച്ചുകയറുകയായിരുന്നു. അപകടത്തില്‍ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ ഹിരിയൂരിലെയും ചിത്രദുർഗയിലെയും ആശുപത്രികളില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. പലരുടെയും നിലഗുരുതരമായതിനാല്‍ മരണസംഖ്യ ഇനിയും ഉയർന്നേക്കാം.
32 പേരുമായി ബെംഗളൂരുവില്‍ നിന്ന് ശിവമോഗയിലേക്ക് പോവുകയായിരുന്ന സീ ബേർഡ് എന്ന സ്വകാര്യ ബസാണ് അപകടത്തില്‍പ്പെട്ടത്. ട്രക്ക് ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകടകാരണമെന്ന് സംശയിക്കുന്നുവെന്ന് പൊലീസ് പറഞ്ഞു. നോർത്ത് ഈസ്റ്റേണ്‍ റേഞ്ച് ഐജിപി ബി.ആർ. രവികാന്തെ ഗൗഡ, ചിത്രദുർഗ എസ്പി രഞ്ജിത്ത് കുമാർ ബന്ദാരു എന്നിവരുള്‍പ്പെടെയുള്ള മുതിർന്ന ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയിട്ടുണ്ട്.
ചിത്രദുർഗയിലെ ജീവഹാനിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചനം രേഖപ്പെടുത്തി. മരിച്ചവരുടെ ബന്ധുക്കള്‍ക്ക് രണ്ട് ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50,000 രൂപയും ധനസഹായം പ്രഖ്യാപിച്ചു.





