മലബാർ ഗോള്‍ഡ് ആൻഡ് ഡയമണ്ട്സ് എക്സിക്യൂട്ടിവ് ഡയറക്ടർ ഫൈസല്‍ എകെ മലബാറിൻ്റെ ഫേസ്ബുക്ക് കുറിപ്പാണ് ഇപ്പോല്‍ സോഷ്യല്‍മീഡിയയിലെ ചർച്ചാവിഷയം. ഫൈസല്‍ എകെ മലബാറിൻ്റെ വീടിന്റെ പാലുകാച്ചലിന് സ്വവർഗ കമിതാക്കളായ ആദിലയും നൂറയും എത്തിയിരുന്നു. ഇവരുടെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയും ചെയ്തു. എന്നാല്‍, ഇവർ വന്നത് തൻ്റെ അറിവോടെയല്ലെന്ന ഫൈസല്‍ എകെ മലബാറിൻ്റെ നിലപാടാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്.
തൻ്റെ ഫേസ്ബുക്ക് പേജിലൂടെയാണ് അദ്ദേഹം നിലപാടറിയിച്ചത്. ഗൃഹപ്രവേശന ചടങ്ങുകളില്‍ നിരവധി പ്രമുഖ വ്യക്തികള്‍ പങ്കെടുത്തെന്നും ബിസിനസ് രംഗത്ത് പ്രവർത്തിക്കുന്ന തങ്ങളെ സംബന്ധിച്ച് സൗഹൃദങ്ങള്‍ കാത്തുസൂക്ഷിക്കേണ്ടതുണ്ടെന്നും അദ്ദേഹം കുറിച്ചു. എന്നാല്‍, രണ്ട് പെണ്‍കുട്ടികള്‍ ഈ പരിപാടിയില്‍ പങ്കെടുത്തത് തൻ്റെ അറിവോടെയല്ലെന്നും പൊതു സമൂഹത്തിൻ്റെ സദാചാരമൂല്യങ്ങളെ വെല്ലുവിളിച്ചും മാതാപിതാക്കളെ ധിക്കരിച്ചും സമൂഹമധ്യത്തില്‍ താറടിച്ചും പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന അവരെ സ്വീകരിച്ചതിലൂടെ പുതുതലമുറക്ക് തെറ്റായ സന്ദേശം നല്‍കി എന്ന ആരോപണത്തെ മുഖവിലക്കെടുക്കുകയാണെന്നും വിഷയത്തില്‍ ആത്മാർത്ഥമായ ഖേദം അറിയിക്കുകയും സമൂഹത്തോട് ക്ഷമ ചോദിക്കുകയും ചെയ്യുന്നു എന്നും അദ്ദേഹം കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം:
എൻ്റെ ഗൃഹപ്രവേശന ചടങ്ങുകളില്‍ സമൂഹത്തിലെ വ്യത്യസ്ത മേഖലകളില്‍ നിന്നുള്ള നിരവധി പ്രമുഖ വ്യക്തികള്‍ പങ്കെടുത്തു. ആഗോള തലത്തില്‍ ബിസിനസ് രംഗത്ത് പ്രവർത്തിക്കുന്ന ഞങ്ങളെ സംബന്ധിച്ചിടത്തോളം എല്ലാത്തരം സൗഹൃദങ്ങളും കാത്തുസൂക്ഷിക്കേണ്ടതുണ്ട്.എന്നാല്‍, എൻ്റെ പരിപാടിയില്‍ രണ്ട് പെണ്‍കുട്ടികള്‍ പങ്കെടുത്തത് എനിക്ക് മുൻകൂട്ടി അറിവുണ്ടായിട്ടല്ല. പൊതു സമൂഹത്തിൻ്റെ സദാചാരമൂല്യങ്ങളെ വെല്ലു വിളിച്ചും സ്വന്തം മാതാപിതാക്കളെ തന്നെ ധിക്കരിച്ചും സമൂഹ മധ്യത്തില്‍ താറടിച്ചും പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന അവരെ സ്വീകരിച്ചതിലൂടെ പുതു തലമുറക്ക് തെറ്റായ സന്ദേശം നല്‍കി എന്ന ആരോപണത്തെ മുഖവിലക്കെടുക്കുന്നു. മൂല്യങ്ങള്‍ സംരക്ഷിക്കുന്നതില്‍ ഒരു വിട്ടുവീഴ്ചയും പാടില്ല എന്ന് തിരിച്ചറിഞ്ഞു കൊണ്ട് എൻ്റെ ആത്മാർത്ഥമായ ഖേദം അറിയിക്കുകയും സമൂഹത്തോട് ക്ഷമ ചോദിക്കുകയും ചെയ്യുന്നു.ആദില, നൂറ എന്നിവരില്‍ നിന്ന് വിട്ടു നില്‍ക്കുന്ന ഫോട്ടോയോട് കൂടിയാണ് ഫൈസല്‍ പോസ്റ്റ് പങ്കുവെച്ചത്. എന്നാല്‍ പോസ്റ്റിന് താഴെ പലരും വിമർശനമുയർത്തിയതോടെ പോസ്റ്റ് പിൻവലിക്കുകയായിരുന്നു. എന്നാല്‍ ഇതിനോടകം പോസ്റ്റിന്റെ സ്ക്രീൻഷോട്ട് വൈറലായി. സമൂഹം ചേർത്ത് പിടിക്കുന്ന രണ്ട് വ്യക്തികളെ ഇങ്ങനെ അപമാനിക്കരുതെന്ന് പറഞ്ഞുകൊണ്ട് ധാരാളം ആളുകള്‍ ഇതിനോടകം രംഗത്തെത്തിയിരിക്കുകയാണ്.







