മലയാളത്തിന് പുറമെ ഇതര ഭാഷാ സിനിമാ പ്രേമികള്‍ക്കും മോളിവുഡ് പടങ്ങള്‍ ഒരു ഹരമായി മാറിയിരിക്കുകയാണ്. മഞ്ഞുമ്മല്‍ ബോയ്സ്, പ്രേമലു തുടങ്ങിയ സിനിമകള്‍ക്ക് ലഭിച്ച വൻ വരവേല്‍പ്പ് ഇതിന് ഒരു വലിയ ഉദാഹണരമാണ്.ഇപ്പോഴിതാ മറ്റ് ഇന്റസ്ട്രികള്‍ക്ക് മാതൃകയാക്കാവുന്നൊരു സിനിമ കൂടി മലയാളത്തില്‍ റിലീസ് ചെയ്തു കഴിഞ്ഞു. ലോക: ചാപ്റ്റര്‍ 1 ചന്ദ്ര ആണ് ആ ചിത്രം.
കല്യാണി നായികയായി എത്തിയ ചിത്രം മലയാളികള്‍ക്ക് പുത്തൻ ദൃശ്യവിസ്മയം സമ്മാനിച്ച് മുന്നേറുകയാണ്. റിലീസ് ചെയ്ത് ആദ്യ ദിനം മുതല്‍ മികച്ച മൗത്ത് പബ്ലിസിറ്റി അടക്കം നേടിയ ചിത്രം ബോക്സ് ഓഫീസിലും മുന്നേറുന്ന കാഴ്ചയാണ് കാണുന്നത്. ഒപ്പം വന്ന പുത്തൻ റിലീസുകളെ എല്ലാം ലോക കടത്തിവെട്ടി കഴിഞ്ഞു. ബുക്കിംഗ് കണക്കുകള്‍ തന്നെ അതിന് വലിയ തെളിവാണ്.
ഇരുപത്തി നാല് മണിക്കൂറിലെ ബുക്ക് മൈ ഷോയിലെ കണക്ക് പ്രകാരം ഏറ്റവും കൂടുതല്‍ ടിക്കറ്റ് വിറ്റു പോയ സിനിമ ലോകയാണ്. അവധി ദിവസമായ ഞായറാഴ്ചത്തെ കണക്കാണിത്. 309,000 ടിക്കറ്റുകളാണ് ലോകയുടേതായി വിറ്റഴിഞ്ഞത്. ലോകയ്ക്ക് ഒപ്പം റിലീസ് ചെയ്ത മോഹൻലാല്‍ ചിത്രം ഹൃദയപൂർവ്വം എന്ന സിനിമയേക്കാള്‍ ഇരട്ടി ടിക്കറ്റുകളാണ് ലോകയുടേതായി വിറ്റു പോയിരിക്കുന്നത്.











