കൊല്ലൂരില്‍ സൗപർണിക നദിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത് പ്രശസ്ത വന്യജീവി ഫോട്ടോഗ്രഫറെ. ബെംഗളൂരു സ്വദേശിനിയായ വസുധ ചക്രവർത്തി(45)യുടെ മൃതദേഹമാണ് കഴിഞ്ഞദിവസം സൗപർണിക നദിയില്‍നിന്ന് കണ്ടെടുത്തത്.ഓഗസ്റ്റ് 27-ന് ബെംഗളൂരുവില്‍നിന്ന് കാറില്‍ കൊല്ലൂരിലെത്തിയ വസുധയെ പിന്നീട് കാണാതാവുകയായിരുന്നു.
പോലീസ് നടത്തിയ അന്വേഷണത്തിലാണ് പുഴയില്‍ ചാടിയെന്ന മൊഴി ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ പുഴയില്‍ നടത്തിയ തിരച്ചിലിലാണ് കഴിഞ്ഞദിവസം മൃതദേഹം കണ്ടെടുത്തത്.വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫിയില്‍ തന്റെതായ വ്യക്തിമുദ്ര പതിപ്പിച്ച ഫോട്ടോഗ്രാഫറായിരുന്നു വസുധ ചക്രവർത്തി. കാടുമായി ഇഴുകിച്ചേർന്നുള്ള അവരുടെ ജീവിതവും ഏറെ വ്യത്യസ്തമായിരുന്നു. 2012-ല്‍ ‘ യാത്ര’ മാസികയിലും ‘കാട്ടിലെ പെണ്‍കുട്ടി’ എന്ന തലക്കെട്ടില്‍ വസുധ ചക്രവർത്തിയുടെ ജീവിതത്തെക്കുറിച്ചും വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫി രംഗത്തെ മികവിനെക്കുറിച്ചും ലേഖനം പ്രസിദ്ധീകരിച്ചിരുന്നു.
മാണ്ഡ്യയിലെ അയ്യങ്കാർ കുടുംബാംഗമായ വസുധ സ്വയം തിരഞ്ഞെടുത്തതായിരുന്നു കാട്ടിലെ ഏകാന്തവാസവും വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫിയും. വമ്ബൻ കോർപ്പറേറ്റ് ബാങ്കിലെ വലിയ ജോലി ഉപേക്ഷിച്ച് ബെംഗളൂരുവിലെ സുഖസൗകര്യങ്ങളില്‍നിന്ന് വിട്ടൊഴിഞ്ഞ് തമിഴ്നാട്ടിലെ നീലഗിരിയിലേക്കാണ് വസുധ ജീവിതം പറിച്ചുനട്ടത്. മൈസൂർ-ഊട്ടി റോഡില്‍നിന്ന് ഉള്ളോട്ടുള്ള കല്ലട്ടിക്കുന്നിലെ ഏക്കറുകണക്കിനുള്ള കാടിന് നടുവിലുള്ള ഒരു എസ്റ്റേറ്റിലായിരുന്നു വസുധ ദീർഘകാലം താമസിച്ചിരുന്നത്. കിക്ക് ബോക്സിങ് താരമായ വസുധ കരാട്ടെ ബ്ലാക്ക് ബെല്‍റ്റും നേടിയിരുന്നു.
ക്ലൗഡഡ് ലെപ്പേഡ്സിനെ പറ്റി കൊല്‍ക്കത്തയില്‍വെച്ച് കണ്ട ഒരു ഡോക്യുമെന്ററിയാണ് വസുധയുടെ ജീവിതം മാറ്റിമറിച്ചത്. അന്യമായിക്കൊണ്ടിരിക്കുന്ന ഒരു ജീവിവർഗ്ഗത്തിന്റെ അതിജീവനത്തിനുള്ള ശ്രമത്തിന്റെയും അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന അതിന്റെ ആവാസവ്യവസ്ഥയുടേയും ചിത്രീകരണം അവരെ പിടിച്ചുലച്ചു. ബന്നാർഘട്ട ഉദ്യാനത്തിന്റെ ശില്‍പ്പിയുമായ കൃഷ്ണ നാരായണനും വസുധയുടെ ജീവിതത്തില്‍ വലിയ സ്വാധീനംചെലുത്തി. അങ്ങനെയാണ് ഊട്ടിയിലെ ലൈറ്റ് ആൻഡ് ഫോട്ടോഗ്രാഫിയിലെ പഠനശേഷം കാടാണ് തന്റെ വഴിയെന്ന് വസുധ ഉറപ്പിച്ചത്. കാട്ടില്‍ ഒറ്റയ്ക്ക് ജീവിക്കാനുള്ള തീരുമാനത്തിന് കുടുംബത്തില്‍നിന്ന് ആദ്യം ഞെട്ടലും എതിർപ്പും ഉണ്ടായി. പക്ഷേ, ആ പെണ്‍കുട്ടിയുടെ തീരുമാനം മാറിയില്ല. അങ്ങനെ വസുധ നീലഗിരിയിലെ കല്ലട്ടിക്കുന്നിലെ എസ്റ്റേറ്റില്‍ താമസം ആരംഭിച്ചു.
ജീപ്പിലും മോട്ടോർസൈക്കിളിലും ക്യാമറയും തൂക്കിയെത്തുന്ന വസുധ, ഊട്ടിയിലും മസിനഗുഡിയിലും മുതുമലയിലും ബന്ദിപ്പൂരിലുമുള്ള ആദിവാസികള്‍ക്കിടയില്‍ പ്രിയങ്കരിയായിരുന്നു. ഫോട്ടോഗ്രാഫിക്കൊപ്പം ആദിവാസികള്‍ക്കുവേണ്ടിയും അവർ പ്രവർത്തനങ്ങള്‍ നടത്തി. ആദിവാസികളില്‍നിന്നുള്ള ഓരോ അറിവുകളും വസുധ മനസില്‍ സൂക്ഷിച്ചു.
കൊച്ചി രാജകുടുംബാംഗത്തിന്റെ ഉടമസ്ഥതയിലുള്ള എസ്റ്റേറ്റിലാണ് വസുധ കല്ലട്ടിക്കുന്നില്‍ താമസിച്ചിരുന്നത്. പണത്തിന് ബുദ്ധിമുട്ടുണ്ടാകുമ്ബോള്‍ ഊട്ടിയില്‍ പോയി ടാക്സി ഓടിച്ചും മോഡലിങ് ഫോട്ടോഗ്രാഫി അസൈൻമെന്റുകള്‍ ഏറ്റെടുത്തും വസുധ പണം കണ്ടെത്തി. വി.കെ. പ്രകാശ് അടക്കമുള്ളവർക്കൊപ്പവും വസുധ പ്രവർത്തിച്ചിട്ടുണ്ട്.
നാലുഭാഗത്തുനിന്നും ഓടിയെത്തുന്ന കാട്ടാനകള്‍, ഇരകാത്തിരിക്കുന്ന പുള്ളിപ്പുലി, കടുവ, വിഷപ്പാമ്ബുകള്‍, കരടികള്‍ അങ്ങനെ കാട്ടിലെ മിക്ക വന്യജീവികളും വസുധയുടെ ക്യാമറയില്‍ പതിഞ്ഞിരുന്നു. ടെലിലെൻസ് ഇല്ലാതെ റിസ്കുള്ള ക്ലോസ് എൻകൗണ്ടേഴ്സായിരുന്നു വസുധയുടെ പതിവ്. ആനക്കൂട്ടങ്ങളുടെ അടുത്തേക്ക് പോകുമ്ബോള്‍ ഉണങ്ങിയ ആനപ്പിണ്ഡം ദേഹത്താകെ വാരിത്തേച്ചാണ് പോയിരുന്നത്. പ്രത്യേകതരം ഇലച്ചാറ് ദേഹത്ത് തേച്ചാല്‍ വന്യമൃഗങ്ങള്‍ ആക്രമിക്കില്ലെന്നും വസുധ പറഞ്ഞിരുന്നു.
ഓഗസ്റ്റ് 27-നാണ് വസുധ ബെംഗളൂരുവില്‍നിന്ന് കാറില്‍ കൊല്ലൂരിലെത്തിയത്. തുടർന്ന് കാർ ഗസ്റ്റ് ഹൗസിന് മുൻപില്‍ വാഹനം പാർക്ക് ചെയ്ത് ക്ഷേത്രത്തില്‍ പ്രവേശിച്ചു. ക്ഷേത്രത്തില്‍ യുവതിയുടെ അസ്വാഭാവിക പെരുമാറ്റം മറ്റുള്ളവർ ശ്രദ്ധിച്ചിരുന്നു. പിന്നാലെ യുവതി ക്ഷേത്രത്തില്‍നിന്ന് പുറത്തേക്ക് ഓടിപ്പോവുകയും ചെയ്തു. ഇതിനിടെ വസുധയെ ഫോണില്‍ വിളിച്ച് കിട്ടാതായതോടെ അമ്മ വിമല പിറ്റേദിവസം കൊല്ലൂരിലെത്തി. തുടർന്ന് തിരച്ചില്‍ നടത്തിയെങ്കിലും മകളേക്കുറിച്ച് വിവരം ലഭിച്ചില്ല. ഇതോടെ പോലീസില്‍ പരാതി നല്‍കി. പോലീസ് നടത്തിയ അന്വേഷണത്തിലാണ് യുവതി പുഴയില്‍ ചാടുന്നത് കണ്ടതായി ചിലർ മൊഴിനല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ശനിയാഴ്ച മുതല്‍ പോലീസും അഗ്നിരക്ഷാസേനയും മുങ്ങല്‍ വിദഗ്ധനായ ഈശ്വർ മാല്‍പെയും അടക്കമുള്ളവർ പുഴയില്‍ തിരച്ചില്‍ ആരംഭിച്ചത്. തുടർന്ന് യുവതി ചാടിയതെന്ന് പറഞ്ഞ സ്ഥലത്തുനിന്ന് മൂന്നുകിലോമീറ്റർ അകലെ പുഴയില്‍നിന്ന് മൃതദേഹം കണ്ടെടുത്തത്. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.





