താമരശ്ശേരി ചുരത്തില്‍ കണ്ടയ്നർ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു. ചുരമിറങ്ങുകയായിരുന്ന കണ്ടെയ്നർ ലോറി ഒമ്ബതാം വളവില്‍ റോഡരികിലെ സംരക്ഷണ വേലി ഇടിച്ചു തകർത്തു.താഴ്ചയിലേക്ക് മറിയാതിരുന്നതിനാല്‍ വൻ ദുരന്തം ഒഴിവായി. രാജസ്ഥാൻ സ്വദേശിയായ ഡ്രൈവറെ ഫയർഫോഴ്സ് അതിസാഹസികമായി രക്ഷപ്പെടുത്തി.
അപകടത്തെ തുടർന്ന് ചുരത്തില്‍ മണിക്കൂറുകളോളം ഗതാഗത തടസമുണ്ടായി. ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു അപകടം.കർണാടകയില്‍ നിന്നും കോഴിക്കോട്ടേക്ക് ബൈക്കുകള്‍ കയറ്റിവന്ന കണ്ടെയ്നറാണ് ഒമ്ബതാം വളവില്‍ നിയന്ത്രണം വിട്ടത്.
റോഡരികിലെ സംരക്ഷണഭിത്തി ഇടിച്ചു തകർത്ത ലോറിയുടെ മുൻ ഭാഗം താഴ്ചയുള്ള ഭാഗത്തെ വായുവില്‍ നിലകൊണ്ടതിനാല്‍ പുറത്തിറങ്ങാനാകാതെ ഡ്രൈവർ ലോറിക്കുള്ളില്‍കുടുങ്ങി. അപകടവിവരം അറിഞ്ഞ് കല്‍പ്പറ്റയില്‍ നിന്നുള്ള ഫയർഫോഴ്സ് ഉദ്യോഗസ്ഥർ ആദ്യമെത്തി. പിന്നാലെ താമരശ്ശേരി പൊലീസുമെത്തി. തുടർന്ന് ഫയർഫോഴ്സ് വടംകെട്ടി ഡ്രൈവറെ സാഹസികമായി രക്ഷപ്പെടുത്തി.ഗതാഗത തടസമുണ്ടായതോടെ ഒറ്റവരിയായി വാഹനങ്ങള്‍ കടത്തിവിട്ടു. വൈകിട്ട് ആറുമണിയോടെ രണ്ട് ക്രെയിനുകള്‍ ഉപയോഗിച്ച് കണ്ടയ്നർ ലോറി വലിച്ചുകയറ്റി.
വാഹനം മാറ്റിയിട്ടും ഗതാഗതതടസം ഏറെ നേരം തുടർന്നു. ചുരത്തില്‍ മള്‍ട്ടി ആക്സില്‍ വാഹനങ്ങള്‍ക്കടക്കം പ്രവേശനാനുമതി നല്‍കി മണിക്കൂറുകള്‍ക്കകമായിരുന്നു അപകടം.






