ലോറിയില്‍ നിന്നു സ്വന്തമായി തറയോട് ഇറക്കി, അമിത കൂലി ചോദിച്ച സിഐടിയുകാരോട് പ്രതിഷേധിച്ച വീട്ടുടമസ്ഥയ്ക്കെതിരെ പരാതിയുമായി സിപിഎം പഞ്ചായത്തംഗം.പാത കയ്യേറി മതില്‍ നിർമിച്ചെന്ന് ആരോപിച്ച് വീട്ടുടമസ്ഥ കുമ്മിള്‍ തച്ചോണം പ്രിയ നിവാസില്‍ പ്രിയ വിനോദിനെതിരെയാണ് പഞ്ചായത്തംഗം രജികുമാരി കുമ്മിള്‍, പാങ്ങോട് പഞ്ചായത്തുകളില്‍ പരാതി നല്‍കിയത്.
പ്രിയ വിനോദിന്റെ വീട് നിർമാണം നടക്കുന്നത് കുമ്മിള്‍ പഞ്ചായത്തിലും പാത തിരുവനന്തപുരം ജില്ലയിലെ പാങ്ങോട് പഞ്ചായത്തിലുമായതിനാലാണ് രണ്ട് പഞ്ചായത്തുകളിലും പരാതിനല്‍കിയത്. തുടർന്ന് പഞ്ചായത്ത് അധികൃതരെത്തി പരിശോധന നടത്തി. പാതയില്‍നിന്ന് ഒന്നര അടി ഉള്ളിലേയ്ക്ക് മാറ്റിയാണ് മതില്‍ നിർമിച്ചിരിക്കുന്നതെന്ന് വ്യക്തമായതോടെ രണ്ട് പരാതികളും അധികൃതർ തള്ളി.
തനിക്കെതിരെ കള്ള പരാതികള്‍ നല്‍കി വീട് നിർമാണം തടസപ്പെടുത്താനാണ് സിഐടിയു-സിപിഎം ശ്രമമെന്ന് പ്രിയ വിനോദ് ആരോപിച്ചു. ആറ് മീറ്റർ വീതിയുള്ള പാതയില്‍നിന്ന് ഒന്നരയടി മാറിയാണ് മതില്‍ നിർമിച്ചത്. ഇത് വ്യക്തമായിരുന്നിട്ടും കള്ള പരാതി നല്‍കുകയായിരുന്നു. പ്രതികാര നടപടികള്‍ തുടരുകയാണെങ്കില്‍ പ്രതികരിക്കുകതന്നെ ചെയ്യും. പേടിച്ച് പിന്മാറാനില്ലെന്നും അവർ പറഞ്ഞു.
കഴിഞ്ഞ 18-ന് രാത്രിയാണ് വീട് നിർമാണത്തിന് ലോറിയില്‍ എത്തിച്ച തറയോട് ഇറക്കുന്നതിന് അമിത കൂലി ചോദിച്ചതിനേച്ചൊല്ലി പ്രിയയും സിഐടിയു തൊഴിലാളികളുമായി തർക്കമുണ്ടായത്. തുടർന്ന് പ്രിയ സ്വന്തമായി ലോഡ് ഇറക്കിയത് വാർത്തയായിരുന്നു.





