നിയമസഭയില്‍ ആർഎസ്‌എസ് പ്രാർഥനാഗാനം ആലപിച്ച് കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. ആർഎസ്‌എസ് ശാഖകളില്‍ ചൊല്ലുന്ന ‘നമസ്തേ സദാ വത്സലേ മാതൃഭൂമേ..’എന്ന് തുടങ്ങുന്ന പ്രാർഥനാ ഗാനം ആലപിക്കുന്ന ശിവകുമാറിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വലിയ തോതില്‍ പ്രചരിക്കുന്നുണ്ട്. വ്യാഴാഴ്ച, കർണാടക നിയമസഭയുടെ മണ്‍സൂണ്‍ സമ്മേളനത്തിനിടെയാണ് മുതിർന്ന കോണ്‍ഗ്രസ് നേതാവ് ആർഎസ്‌എസിന്റെ പ്രാർഥനാഗാനം ചൊല്ലിയത്.
വിമർശനങ്ങള്‍ ഉയർന്നതോടെ, താൻ എക്കാലവും കോണ്‍ഗ്രസുകാരൻ ആയിരിക്കുമെന്ന് വ്യക്തമാക്കി ശിവകുമാർ രംഗത്തുവന്നു. സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ആർഎസ്‌എസിനെക്കുറിച്ച് പരാമർശിച്ചതിനെ കോണ്‍ഗ്രസ് വിമർശിച്ചിരുന്നു. എന്നാലിപ്പോള്‍ കർണാടകയിലെ കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയുമായി കൈകോർക്കാൻ ആലോചിക്കുകയാണോ എന്ന് ബിജെപി പരിഹസിച്ചു.
‘ചെങ്കോട്ടയുടെ മുകളില്‍ നിന്ന് പ്രധാനമന്ത്രി മോദി ആർഎസ്‌എസിന്റെ സംഭാവനകളെക്കുറിച്ച് സംസാരിച്ചതിന് ശേഷം, കോണ്‍ഗ്രസിലെ ഭൂരിഭാഗം നേതാക്കളും ഇപ്പോള്‍ ആർഎസ്‌എസിനെ പുകഴ്ത്തുകയാണ്. ശശി തരൂർ മുതല്‍ ഡി.കെ. ശിവകുമാർ വരെ കോണ്‍ഗ്രസില്‍ ആരും രാഹുലിനെ ഗൗരവമായി കാണുന്നില്ല!’ ബിജെപി ദേശീയ വക്താവ് പ്രദീപ് ഭണ്ഡാരി എക്സില്‍ കുറിച്ചു.
‘ജന്മനാ ഞാനൊരു കോണ്‍ഗ്രസുകാരനാണ്. ഒരു നേതാവെന്ന നിലയില്‍ എന്റെ എതിരാളികളെയും സുഹൃത്തുക്കളെയും ഞാൻ അറിയണം. അവരെക്കുറിച്ച് ഞാൻ പഠിച്ചിട്ടുണ്ട്. ബിജെപിയുമായി കൈകോർക്കുന്നതിനെക്കുറിച്ച് ചിന്തിക്കുകപോലും വേണ്ട. ഞാൻ കോണ്‍ഗ്രസിനെ നയിക്കും. ജനിച്ചകാലം മുതല്‍ ഞാൻ കോണ്‍ഗ്രസിനൊപ്പമാണ്.’ ശിവകുമാർ പറഞ്ഞു.
ഡി.കെ. ശിവകുമാർ ഒരുകാലത്ത് ആർഎസ്‌എസ് വേഷം ധരിച്ചിരുന്നു എന്ന പ്രതിപക്ഷ നേതാവ് ആർ. അശോകയുടെ ആരോപണത്തിന് മറുപടിയായാണ് അദ്ദേഹം തമാശരൂപേണ ആർഎസ്‌എസ് പ്രാർഥന ചൊല്ലിയത്.





