മുംബൈയില്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി പെയ്ത കനത്ത മഴ നഗരത്തിലെങ്ങും ദുരിതം വിതച്ചിരിക്കുകയാണ്. ശക്തമായ മഴയില്‍ നഗരത്തിലെ വിവിധ പ്രദേശങ്ങളില്‍ വെള്ളക്കെട്ട് രൂപപ്പെട്ടു.താഴ്ന്ന സ്ഥലങ്ങള്‍ ഇപ്പോഴും വെള്ളത്തിനടിയിലാണ്. വെള്ളക്കെട്ടിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ നഗരത്തിന്റെ അടിസ്ഥാന സൗകര്യങ്ങളുടെ തകർച്ചയില്‍ വ്യാപക പ്രതിഷേധം ഉയരുകയാണ്.
ഇതിനിടെ, വെള്ളം കയറിയ നാടിനെ രക്ഷിക്കാനെത്തിയ സ്പൈഡർമാന്റെ ഒരു വീഡിയോയും സൈബറിടത്ത് വൈറലാവുകയാണ്. സ്പൈഡർമാന്റെ വേഷം ധരിച്ച യുവാവ് വെള്ളക്കെട്ട് ഒഴിവാക്കാനായി ശ്രമിക്കുന്നതാണ് വീഡിയോ. ടോയ്‌ലറ്റ് വൈപ്പറുമായെത്തിയ ഇയാള്‍ വെള്ളക്കെട്ടില്‍ നിന്ന് മാലിന്യ ചാക്ക് എടുത്തെറിയുന്നത് ദൃശ്യങ്ങളില്‍ കാണാം.
സ്പൈഡർമാന്റെ വേഷം ധരിച്ച് സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെടാറുള്ള “സ്‌പൈഡർ മാൻ ഓഫ് മുംബൈ” എന്നറിയപ്പെടുന്ന ആളാണ് വീഡിയോയിലുള്ളത്. “shaddyman98” എന്ന ഇയാളുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടില്‍ തന്നെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.
“സ്പൈഡി… മുംബൈ ഇപ്പോള്‍ നിങ്ങളെ ആശ്രയിച്ചിരിക്കുന്നു. ദയവായി രക്ഷിക്കൂ…” എന്നാണ് ഒരു ഉപയോക്താവ് തമാശയായി വീഡിയോയില്‍ കമന്റു ചെയ്തത്. “സ്പൈഡർമാൻ: നോ ക്ലീൻ ഹോം”, ‘മിഷൻ ഇംപോസിബിള്‍,” എന്നിങ്ങനെയാണ് മറ്റു കമന്റുകളില്‍ ചിലത്.






