കേരളത്തില്‍ സോളാർ പദ്ധതിയെ തുരങ്കം വയ്ക്കാൻ ഇലക്‌ട്രിസിറ്റി ബോർഡും റഗുലേറ്ററി കമ്മീഷനും ആവുന്നത്ര ശ്രമിക്കുമ്ബോള്‍ നമ്മുടെ അയല്‍ സംസ്ഥാനമായ കർണാടകത്തില്‍ സോളാർ പാനല്‍ സ്ഥാപിക്കുന്നവർക്ക് അധികൃതർ ആനുകൂല്യങ്ങള്‍ വാരിക്കോരി നല്‍കുന്നു.പലകാരണങ്ങളാല്‍ പുരപ്പുറ സോളാർ പാനലുകള്‍ സ്ഥാപിക്കുന്നതില്‍ നിന്ന് വിട്ടുനിന്നവരെ ആകർഷിക്കാൻ പദ്ധതി മൊത്തത്തില്‍ ഉടച്ചുവാർക്കുകയും ചെയ്തു. ഡിസ്‌ട്രിബ്യൂട്ടഡ് സോളാർ പിവി പ്ലാൻറുകള്‍ (ഡി എസ് പി വി) എന്നാണ് പദ്ധതിയുടെ പുതിയ പേര്.

ഇതുപ്രകാരം മേല്‍ക്കൂരകളില്‍ മാത്രമല്ല കെട്ടിടങ്ങളുടെയും അപ്പാർട്ടുമെന്റുകളുടെയും ചുമരുകളിലും, കാർപോർച്ചുകളിലും, നിലത്ത് തുറസായ സ്ഥലങ്ങളിലും വരെ പാനലുകള്‍ സ്ഥാപിക്കാൻ കഴിയും. സൂര്യപ്രകാശം തടസമില്ലാതെ വീഴണം എന്നുമാത്രമേയുള്ളൂ. ഇതിനൊപ്പം വെർച്വല്‍ നെറ്റ് മീറ്ററിംഗ്, ഗ്രൂപ്പ് നെറ്റ് മീറ്ററിംഗ് എന്നിവയിലൂടെ ലാഭകരമായ താരിഫുകള്‍ ഉപഭോക്താക്കള്‍ക്ക വാഗ്ദാനം ചെയ്യുകയും ചെയ്യുന്നു. ഈവർഷം ജൂലായ് ഒന്നുമുതല്‍ കമ്മീഷൻ ചെയ്ത എല്ലാ പ്രോജക്ടുകള്‍ക്കും ഇത് ബാധകരമായിരിക്കും. അടുത്ത് ഇരുപത്തഞ്ചുവർഷത്തേക്ക് ഇതിന് സാധുത ഉണ്ടായിരിക്കുകയും ചെയ്യും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സ്വന്തം വീട്ടിലോ, വസ്തുവിലോ സോളാർ പാനല്‍ സ്ഥാപിക്കാൻ കഴിയാത്തവർക്ക് മറ്റിടങ്ങളില്‍ സ്ഥാപിച്ച പാനലുകളില്‍ നിന്നുള്ള വൈദ്യുതി പങ്കിടാനുളള അനുവാദവും നല്‍കിയിട്ടുണ്ട്. ഇരുവർക്കും പ്രയോജനകരമായ രീതിയിലായിരിക്കും ബില്‍തുക നിശ്ചയിക്കുന്നത്. അഞ്ച് കിലോവാട്ട് ഉല്‍പാദനക്ഷമതയുള്ള സോളാർ പ്ലാന്റ് സ്ഥാപിച്ചവർക്ക് മാത്രമേ ഈ ആനുകൂല്യം ലഭിക്കൂ. പ്ലാന്റ് പങ്കിടുന്നത് രണ്ട് ഉപഭോക്താക്കളാണെങ്കില്‍ അവരുടെ മൊത്തം ഊർജ ഉപയോഗം പ്ലാന്റിന്റെ മൊത്തം ഉല്‍പാദനത്തെക്കാള്‍ കൂടരുതെന്നും നിബന്ധനയുണ്ട്.

അതുപോലെ ഒന്നിലധികം അക്കൗണ്ടുകളുള്ള ഒരു ഉപഭോക്താവിന് അയാളുടെ അക്കൗണ്ടുകള്‍ക്ക് കീഴിലുള്ള പ്ലാന്റുകളില്‍ നിന്ന് ഉല്‍പ്പാദിപ്പിക്കുന്ന വൈദ്യുതി സംയോജിപ്പിക്കാനും ആ ഉപഭോക്താവിന്റെ മുഴുവൻ വൈദ്യുത ബില്ലുകളുമായി ഇതിനെ ബന്ധപ്പെടുത്താനും കഴിയും.ഉപഭോക്താക്കള്‍ക്ക് 10 കിലോവാട്ട് വരെ യൂണിറ്റിന് 3.86 രൂപയും 10 കിലോവാട്ടിന് മുകളില്‍ ഉല്‍പ്പാദിപ്പിക്കുന്ന വൈദ്യുതിക്ക് യൂണിറ്റിന് 3.8 രൂപയും ലഭിക്കും. സൗരോർജ പദ്ധതികള്‍ക്ക് നിലവിലുള്ള താരിഫ് ഘടന കണക്കിലെടുക്കുമ്ബോള്‍ ഇത് വളരെ മാന്യമായ താരിഫ് ആണെന്നാണ് വിലയിരുത്തുന്നത്.

കേരളത്തില്‍ ഇങ്ങനെ

മറ്റുളള സംസ്ഥാനങ്ങള്‍ സൗരോർജത്തെ കഴിവിന്റെ പരമാവധി പ്രോത്സാഹിക്കുമ്ബോള്‍ എങ്ങനെ പദ്ധതി ഇല്ലാതാക്കാം എന്ന ആലോചനയിലാണ് കേരളത്തിലെ വൈദ്യുതിബോർഡും സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മിഷനും. സാധാരണക്കാർക്ക് മനസിലാകാത്ത കണക്കുകള്‍ നിരത്തിയാണ് സോളാർ വലിയ പ്രശ്നമാണെന്ന് അവർ സ്ഥാപിക്കുന്നത്. മറ്റുസംസ്ഥാനങ്ങള്‍ക്ക് ഇത് ബാധകമല്ലേ എന്ന് ചോദിച്ചാല്‍ വ്യക്തമായ മറുപടി ഇല്ല. സോളാർ വൈദ്യുതി ചട്ടങ്ങളില്‍ സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മിഷൻ കൊണ്ടുവരാൻ ആലോചിക്കുന്ന രണ്ട് മാറ്റങ്ങള്‍ പുരപ്പുറ സോളാർ ഉപഭോക്താക്കള്‍ക്ക് തിരിച്ചടിയാകും എന്നാണ് കണക്കാക്കുന്നത്.

പുതിയ ചട്ടം വന്നാല്‍ സോളാർ ഉപഭോക്താക്കള്‍ പകല്‍ സമയം ഉല്‍പാദിപ്പിച്ച്‌ കെ.എസ്.ഇ.ബി. ഗ്രിഡിലേക്ക് നല്‍കുന്ന വൈദ്യുതിക്ക് പകരം ഗ്രിഡില്‍ നിന്ന് വൈദ്യുതി തിരിച്ചെടുക്കുന്നതിന് ഒരു ദിവസത്തെ മൂന്നായി തരം തിരിച്ച്‌ വ്യവസ്ഥ കൊണ്ടുവരും. അതോടെ വൈകിട്ട് 6 മുതല്‍ രാത്രി 10വരെയുള്ള സമയങ്ങളില്‍ 67ശതമാനവും രാത്രി 10 മുതല്‍ രാവിലെ 6വരെയുള്ള സമയത്ത് 85ശതമാനവും മാത്രമാണ് തിരിച്ചെടുക്കാനാകുക.

അതില്‍ കൂടുതലുള്ള ഉപയോഗത്തിന് നിലവിലെ ഗാർഹികവൈദ്യുതി താരിഫ് പ്രകാരമുള്ള വില നല്‍കേണ്ടിവരും.ഇതുമൂലം മൂന്ന് കിലോവാട്ട് സോളാർ പ്ലാന്റ് സ്ഥാപിച്ച്‌ ദിവസം ശരാശരി നാല് യൂണിറ്റ് ഉല്‍പാദിപ്പിക്കുന്നവർക്ക് 177രൂപയും 4കിലോവാട്ട് പ്ളാന്റിന് 254രൂപയും 5കിലോവാട്ട് പ്ളാന്റിന് 329രൂപയും 10കിലോവാട്ട് പ്ളാന്റിന് 801രൂപയും 20കിലോവാട്ട് പ്ളാന്റിന് 2694രൂപയും നല്‍കേണ്ടിവരും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക