തമിഴ്നാട്ടില്‍ നിന്നും തത്തകളെ എത്തിച്ച് ഇടുക്കിയില്‍ വില്‍പ്പന നടത്താൻ ശ്രമിച്ച് മൂന്ന് സത്രീകളെ കാഞ്ചിയാർ വനപാലകർ പിടികൂടി.തമിഴ്നാട് സ്വദേശികളായ സ്ത്രീകളുടെ പക്കല്‍ നിന്നും 139 തത്തകളെ പിടിച്ചെടുത്തു. ഇടുക്കിയിലെ പ്രകാശില്‍ തമിഴ് സ്ത്രീകള്‍ തത്തകളെ വില്‍പ്പന നടത്തുന്നതായി ഇടുക്കി ഫ്ലയിംഗ് സ്ക്വാഡ് ഡിഎഫ്‌ഒ ക്കാണ് വിവരം ലഭിച്ചത്.
ഇതിൻറെ അടിസ്ഥാനത്തില്‍ കാഞ്ചിയാർ സെക്ഷനിലെ വനപാലകർ നടത്തിയ പരിശോധനയിലാണ് തത്തകളെ വില്‍പ്പന നടത്താനെത്തിച്ച സത്രീകളെ പിടികൂടിയത്. തമിഴ്നാട് കോട്ടൂർ പുതുതെരുവ് സ്വദേശികളായ ജയാ വീരൻ, ഇലവഞ്ചി, കരൂർ, ഗാന്ധിഗ്രാം സ്വദേശി ഉഷ ചന്ദ്രശേഖരൻ എന്നിവരാണ് പിടിയിലായത്. തമിഴ് നാട്ടിലെ പൊള്ളാച്ചി ഭാഗത്തുള്ള നരിക്കുറവൻമാരില്‍ നിന്നും പലതവണയായി ശേഖരിച്ചതാണ് തത്തകളെയെന്നാണ് ഇവർ മൊഴി നല്‍കിയിരിക്കുന്നത്.
ജോഡിക്ക് നാനൂറ് മുതല്‍ അറുനൂറ് രൂപവരെ ഈടാക്കി വില്‍പ്പന നടത്താനായിരുന്നു ലക്ഷ്യം. ഇത്തരത്തില്‍ പായ്ക്ക് ചെയ്തു നല്‍കുന്നതിനുള്ള സാധനങ്ങളും കണ്ടെടുത്തു. ഇന്ത്യൻ വൈല്‍ഡ് ലൈഫ് ആക്‌ട് പ്രകാരം ഷെഡ്യൂള്‍ രണ്ടില്‍ ഉള്‍പ്പെട്ട സംരക്ഷിത പക്ഷിയാണ് തത്ത.
തത്തകളെ വില്‍ക്കുകയും വളർത്തുകയും ചെയ്യുന്ന കുറ്റത്തിന് മൂന്ന് മുതല്‍ ഏഴ് വർഷം വരെ തടവ് ശിക്ഷയും ലഭിക്കാം. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു. തത്തകളില്‍ ആറെണ്ണം ചത്ത് പോയിരുന്നു. പിടികൂടിയതില്‍ ബാക്കിയുള്ള 133 തത്തകളെ അടുത്ത ദിവസം വനത്തില്‍ തുറന്നു വിടുമെന്ന് വനപാലകർ പറഞ്ഞു.





