ഓണ്‍ലൈന്‍ ട്രേഡിങ്ങ് ഇടപാടിലൂടെ എരുമേലി ചേനപ്പാടി സ്വദേശിയില്‍നിന്ന് 18 ലക്ഷം രൂപ തട്ടിയെടുക്കാൻ കൂട്ടുനിന്നതിന് രണ്ടുപ്രതികള്‍ അറസ്റ്റില്‍. കേസിലെ മൂന്നാംപ്രതി കാസര്‍കോട് മിയാപ്പദവ് സ്വദേശി ബി. റസിയ(40), ഇവരുടെ സഹോദരന്‍ അബ്ദുള്‍ റഷീദ്(38) എന്നിവരെയാണ് എരുമേലി പോലീസ് പിടികൂടിയത്.

2024 സെപ്റ്റംബറിലാണ് എരുമേലി ചേനപ്പാടി സ്വദേശിയുടെ പരാതിയില്‍ ഓണ്‍ലൈന്‍ ട്രേഡിങ് തട്ടിപ്പില്‍ പോലീസ് കേസെടുത്തത്. ‘ഒറിജിനല്‍ കാപ്പിറ്റല്‍ ഇന്‍ക്രീസ് പ്ലാന്‍’ എന്ന പേരിലുള്ള വാട്‌സാപ്പ് ഗ്രൂപ്പ് വഴിയായിരുന്നു തട്ടിപ്പ്. വാട്‌സാപ്പ് ഗ്രൂപ്പിലൂടെ പരാതിക്കാരനുമായി ബന്ധം സ്ഥാപിച്ച തട്ടിപ്പുകാര്‍ പലതവണകളായി വിവിധ ബാങ്ക് അക്കൗണ്ടുകളിലൂടെ 18.24 ലക്ഷം രൂപ കൈക്കലാക്കുകയായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കേസിലെ ഒന്നും രണ്ടുംപ്രതികളുടെ അക്കൗണ്ടില്‍നിന്ന് പണം സ്വീകരിച്ച്‌ തട്ടിപ്പിന് കൂട്ടുനിന്നതിനാണ് റസിയയും അബ്ദുള്‍ റഷീദും പിടിയിലായത്. പലതവണകളായി ഇരുവരുടെയും അക്കൗണ്ടുകളിലേക്ക് 5.20 ലക്ഷം രൂപ വീതമാണ് തട്ടിപ്പുസംഘം അയച്ചുനല്‍കിയിരുന്നത്. കേസിലെ ഒന്നും രണ്ടുംപ്രതികളില്‍നിന്ന് പ്രതിഫലം സ്വീകരിച്ചാണ് സഹോദരങ്ങള്‍ തട്ടിപ്പിന് കൂട്ടുനിന്നിരുന്നതെന്നും പോലീസ് പറഞ്ഞു.

എരുമേലി പോലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടര്‍ രാജേഷ്, അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍മാരായ വനീത്, റോഷ്‌ന, സിവില്‍ പോലീസ് ഓഫീസര്‍മാരായ ശ്രീരാജ്, ബോബി എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക