ഇസ്രയേലുമായി സാങ്കേതിക സഹകരണം നടത്തുന്നു എന്ന ആരോപണത്തില്‍ ടാറ്റയുടെ (tata) സ്ഥാപനമായ സൂഡിയോ ഉള്‍പ്പെടെയുള്ള ബ്രാന്‍ഡുകള്‍ക്ക് എതിരെ ബഹിഷ്‌കരണ ക്യാംപയിന് ആഹ്വാനം ചെയ്ത ജമാഅത്തെ ഇസ്ലാമിയുടെ വിദ്യാര്‍ഥി സംഘടനയായ സ്റ്റുഡന്‍സ് ഇസ്ലാമിക് ഓര്‍ഗനൈസേഷന് (എസ്‌ഐഒ ) മറുപടിയായി സോഷ്യല്‍മീഡിയയില്‍ ‘സപ്പോര്‍ട്ട് ടാറ്റ’ ട്രെന്‍ഡിങ്ങാവുന്നു.ബഹിഷ്‌കരണാഹ്വാനത്തിനെതിരെ സൂഡിയോയില്‍ ഷോപ്പിങ് നടത്തി ബില്‍ സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത് നിരവധിപ്പേരാണ് ടാറ്റയ്ക്ക് പിന്തുണ പ്രഖ്യാപിച്ചത്.
‘സൂഡിയോയില്‍ പോയി,,, ടീ ഷര്‍ട്ട് ഒരു പാന്റ് പിന്നെ ഒരു ഷര്‍ട്ട് ഇത്രയും വാങ്ങി, ബക്രീദ് അവധിയും വെള്ളിയാഴ്ചയുമൊക്കെ ആയത് കൊണ്ടാകാം നല്ല തിരക്ക് ആയിരുന്നു…. ഞാന്‍ രണ്ടാഴ്ച മുമ്ബ് നാട്ടില്‍ ഉണ്ടായിരുന്നു , ഡ്രസ്സ് ഒന്നും കാര്യമായിട്ട് കൊണ്ടുവരാത്തത് കൊണ്ട് പുതിയ രണ്ടുമൂന്നു ജോഡി വാങ്ങിക്കാം എന്ന് കരുതി നേരെ കയറിയത് സുഡിയോയില്‍ …ടോപ് ഫാഷന്‍, വിലക്കുറവ്, നല്ല സെലക്ഷന്‍. ഇതൊക്കെയാണ് സുഡിയോ നല്‍കുന്ന ഓഫര്‍. എന്തായാലും സുഡാപ്പികള്‍ ഇത് ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ചിരിക്കുന്നു.. ഇതോടെ ഇവരുടെ നല്ലകാലം തുടങ്ങി.. സുഡാപ്പികളും സംഘികളും എന്ത് ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ചാലും എന്തിനെയാണോ അവര്‍ ബഹിഷ്‌കരിക്കുന്നത് അവര്‍ വിജയിക്കും. അതാണ് ഇന്ത്യയുടെ ഒരു രീതി. നമ്മള്‍ ഒരു മള്‍ട്ടി കള്‍ച്ചര്‍ സൊസൈറ്റി ആണ് , മിക്കവരും പരസ്പരം ആശ്രയിച്ച് ജീവിക്കുന്നവര്‍. അവിടെ ഈമാതിരി വിഘടന വാദവും, വര്‍ഗീയതയും ഇറക്കിയാല്‍ , ഇറക്കുന്നവന്റെ ചീട്ട് കീറും എന്നതാണ് വാസ്തവം.കാരണം ഇവരുടെ ബഹിഷ്‌കരണ തീരുമാനങ്ങള്‍ ഭൂരിഭാഗവും, അവരുടെ ഇന്‍സെക്യൂരിറ്റിയില്‍ നിന്നും വര്‍ഗീയതയില്‍ നിന്നും കുരുട്ടു ബുദ്ധിയില്‍ നിന്നും ഉണ്ടാകുന്നത് ആണ്. ഇതിനെതിരെ മുസ്ലിം സമൂഹം തന്നെ മുന്നോട്ടു വരണം എന്നാണ് ഞാന്‍ പറയുന്നത്.. കച്ചവടപരമായി ഐസൊലേഷന്‍ ഉണ്ടായാല്‍ നഷ്ടം കച്ചവടത്തില്‍ ഏര്‍പ്പെട്ട് ജീവിക്കുന്ന ന്യൂനപക്ഷങ്ങള്‍ക്ക് ആയിരിക്കും. അതുകൊണ്ട് ഈമാതിരി മണ്ടത്തരങ്ങള്‍ക്ക് മൗനം കൊണ്ടുപോലും സപ്പോര്‍ട്ട് കൊടുക്കരുത്..’- ഇത്തരത്തില്‍ ടാറ്റയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് നിരവധി പോസ്റ്റുകളാണ് സോഷ്യല്‍മീഡിയയില്‍ പ്രത്യക്ഷപ്പെടുന്നത്.
എസ്‌ഐഒയുടെ നീക്കത്തിനെതിരെ സംഘപരിവാര്‍ സംഘടനകളും രംഗത്തെത്തി. പശ്ചിമേഷ്യന്‍ വിഷയത്തില്‍ നടക്കുന്ന പ്രതീകാത്മക പ്രതിഷേധമെന്ന് എസ്‌ഐഒ പറയുമ്ബോള്‍ രാജ്യത്തിനകത്തു നടന്ന ഭീകരാക്രമണങ്ങളില്‍ എസ്‌ഐഒ നിശബ്ദത പാലിച്ചുവെന്നാണ് സംഘപരിവാര്‍ സംഘടനകളുടെ വാദം. രാജ്യത്ത് നടന്ന പഹല്‍ഗാം സംഭവത്തില്‍ നിശബ്ദത പാലിച്ചവര്‍, പശ്ചിമേഷ്യന്‍ വിഷയത്തില്‍ മാത്രം ശബ്ദമുയര്‍ത്തുന്നതിനെയാണ് ഇവര്‍ ചോദ്യം ചെയ്യുന്നത്.
പെരുന്നാള്‍ ഉള്‍പ്പെടെയുള്ള ആഘോഷങ്ങളുടെ പശ്ചാത്തത്തില്‍ പുതു വസ്ത്രങ്ങളെടുക്കുമ്ബോള്‍ സാറ, ടാറ്റ, സൂഡിയോ തുടങ്ങിയ ആഗോള ബ്രാന്റുകളെ ഒഴിവാക്കാനാണ് സ്റ്റുഡന്‍സ് ഇസ്ലാമിക് ഓര്‍ഗനൈസേഷന്റെ ആഹ്വാനം. ഇസ്രയേല്‍ സഹകരണം ചൂണ്ടിക്കാട്ടി കോഴിക്കോടുള്ള സൂഡിയോ ഔട്ട്ലറ്റിലേക്ക് എസ്‌ഐഒ കഴിഞ്ഞ ദിവസം ബഹിഷ്‌കരണ മാര്‍ച്ചും സംഘടിപ്പിച്ചിരിരുന്നു. കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആയിരുന്നു മാര്‍ച്ച്.
സൂഡിയോയ്ക്ക് പുറമെ സാറാ, സൂഡിയോ ബ്രാന്‍ഡുകള്‍ക്ക് പുറമെ അഡിഡാസ്, എച്ച് ആന്‍ എം, ടോമി ഹില്‍ഫിഗര്‍, കാല്‍വിന്‍ ക്ലെയിന്‍, വിക്ടോറിയ സീക്രട്ട്, ടോം ഫോര്‍ഡ്, സ്‌കേച്ചേഴ്‌സ്, പ്രാഡ, ഡിയോര്‍, ഷനേല്‍ തുടങ്ങി ആഗോളതലത്തില്‍ പ്രശസ്തമായ നിരവധി ബ്രാന്‍ഡുകളെ ഒഴിവാക്കാനാണ് സംഘടന ആഹ്വാനം ചെയ്തിരിക്കുന്നത്.
ഗാസയില്‍ ഇസ്രയേല്‍ നടത്തുന്ന ആക്രമണങ്ങള്‍ തുടരുന്നതിന്റെ കാരണം ആഗോള തലത്തില്‍ പ്രവര്‍ത്തിക്കുന്ന കോര്‍പ്പറേറ്റുകള്‍ നല്‍കുന്ന പിന്തുണയുടെ കരുത്തില്‍ കൂടിയാണ്. ഇത്തരത്തില്‍ ഇസ്രയേലിനെ പിന്തുണയ്ക്കുന്നവരില്‍ ഇന്ത്യയില്‍ നിന്നുള്ള ടാറ്റയുമുണ്ട്. ഈ സാഹചര്യത്തില്‍ മുസ്ലിം ലോകം ഈദുല്‍ അദ്ഹ (പെരുന്നാള്‍) ആഘോഷം പ്രതിഷേധത്തിന്റെ മാര്‍ഗം കൂടിയാക്കണം എന്നാണ് സാമൂഹിക മാധ്യമങ്ങളില്‍ ഉയരുന്ന ആഹ്വാനം. നമ്മുടെ പുത്തനുടുപ്പുകളിലും വര്‍ണ്ണങ്ങളിലും സൗന്ദര്യ ഉല്‍പന്നങ്ങളിലും ഭക്ഷണപാനീയങ്ങളിലും ഗാസയിലെ കുരുന്നുകളുടെ ചോരക്കറ പുരളുന്നില്ലെന്ന് ഉറപ്പു വരുത്തണം എന്നും ക്യാംപയിന്‍ ആവശ്യപ്പെടുന്നു.






