എസി റോഡിലെ വെള്ളക്കെട്ടിനു ശാശ്വത പരിഹാരമെന്നനിലയില്‍ സംസ്ഥാന സർക്കാരിന്റെ അഭിമാന പദ്ധതിയായി നടപ്പാക്കിയതാണ് എസി റോഡ് പുനരുദ്ധാരണം.വെള്ളംകയറില്ലന്ന അവകാശവാദവുമായാണ് റോഡു നിർമാണം തുടങ്ങിയത്.
എന്നാല്‍, റോഡില്‍ പദ്ധതി പൂർത്തിയാകുന്ന ഘട്ടത്തിലുണ്ടായ മഴയില്‍ത്തന്നെ വെള്ളംകയറിയതോടെ സർക്കാരിനെതിരേയും പദ്ധതി നടപ്പാക്കിയ ഊരാളുങ്കല്‍ സൊസൈറ്റിക്കെതിരേയും കടുത്ത വിമർശനമാണുയരുന്നത്.
റീ ബില്‍ഡ് കേരളയില്‍പ്പെടുത്തി 671 കോടിരൂപ അനുവദിച്ച് നിർമാണം തുടങ്ങിയ പദ്ധതി പൂർത്തിയാകുമ്ബോള്‍ 800 കോടിയിലധികം ചെലവ് വരുമെന്നാണ് പ്രതീക്ഷ. 24 കിലോമീറ്ററുള്ള റോഡില്‍ ഏറ്റവും താഴ്ന്ന അഞ്ചിടങ്ങളില്‍ ഉയരപ്പാതയും മറ്റിടങ്ങളില്‍ റോഡുയർത്തി നിർമിക്കുന്നതുമായിരുന്നു പദ്ധതി.പദ്ധതിയുടെ പ്രാഥമികഘട്ടത്തില്‍ത്തന്നെ ആക്ഷേപവും വിമർശവുമുയർന്നിരുന്നു. ശരിയായ സർവേ പ്രകാരമല്ല പദ്ധതി നിർവഹണമെന്നതായിരുന്നു ആക്ഷേപങ്ങളിലൊന്ന്.
പദ്ധതിരേഖയില്‍ ഏറ്റവും താഴ്ന്ന ഭാഗങ്ങളില്‍ ഉയരപ്പാത ഒഴിവാക്കിയതായും റോഡുയർത്തി നിർമിക്കുന്നിടത്ത് ജലനിരപ്പ് അനുസരിച്ചുള്ള ഉയരം നല്‍കിയിട്ടില്ലെന്നുമായിരുന്നു ആക്ഷേപം.ഇക്കാര്യം ചൂണ്ടിക്കാട്ടി പ്രതിഷേധങ്ങളും നടന്നിരുന്നു. ഇതെല്ലാം അവഗണിച്ചാണ് പിന്നീട് നിർമാണം നടന്നത്. ഒന്നാംകര, മങ്കൊമ്ബ്, നസ്രത്ത്, ജ്യോതി ജങ്ഷൻ, പണ്ടാരക്കളം എന്നീ അഞ്ചിടങ്ങളിലാണ് ഉയരപ്പാത പണിതത്. ഇതില്‍ മങ്കൊമ്ബിലെയും ഒന്നാംകരയിലെയും ഉയരപ്പാതകള്‍ക്കിടയില്‍ മങ്കൊമ്ബ് ബ്ലോക്ക് ജങ്ഷനിലാണ് ഏറ്റവും കൂടുതല്‍ വെള്ളക്കെട്ടുള്ളത്.
കൂടാതെ പൂവ്വംമുതല്‍ കിടങ്ങറവരെയുള്ള ഭാഗത്തും കോരവളവ്, പൂപ്പള്ളി എന്നിവിടങ്ങളിലും വെള്ളംകയറി. നേരത്തേ നാട്ടുകാരുയർത്തിയ ആക്ഷേപങ്ങള്‍ ശരിവെക്കുന്നതാണ് ഇപ്പോഴത്തെ സംഭവം. പ്രശ്നപരിഹാരത്തിനു സർക്കാർ നടപടിയെടുക്കുമെന്നാണ് നാട്ടുകാരുടെ പ്രതീക്ഷ.





