പൂരപ്പറമ്ബില്‍ പുരുഷന്മാർ മാത്രം കൊട്ടിക്കയറിയ ചെണ്ടയില്‍ മാറ്റത്തിന്റെ താളമിടാനായി രണ്ട് യുവതികളെത്തുന്നു. കണിമംഗലത്തിന്റെ വാദ്യസംഘത്തിലെ വലംതലയായിനിന്ന് അവർ ചരിത്രമെഴുതും. പൂങ്കുന്നം സ്വദേശികളായ അശ്വതി ജിതിനും അർച്ചനാ അനൂപുമാണ് പുതുവഴിവെട്ടുന്നത്.
കണിമംഗലം ശാസ്താവ് തെക്കേ ഗോപുരം വഴി ക്ഷേത്രത്തിനകത്തു പ്രവേശിച്ച് പടിഞ്ഞാറേ ഗോപുരം വഴി ഇറങ്ങിയ ശേഷം ശ്രീമൂലസ്ഥാത്ത് നടക്കുന്ന പാണ്ടിയില്‍ ഇരുവരും മുഴുവൻ സമയം പങ്കാളികളാകും. കഴിഞ്ഞ പൂരത്തില്‍ ഹൃദ്യയെന്ന പെണ്‍കുട്ടി കുറുങ്കുഴല്‍ വായിച്ചിട്ടുണ്ടെങ്കിലും മുഖ്യവാദ്യമായ ചെണ്ടയുമായി സ്ത്രീകള്‍ ആദ്യമായാണ് പൂരത്തിന്റെ ഭാഗമാകുന്നത്. കണിമംഗലം പൂരം ഏകോപനസമിതി സെക്രട്ടറിയായിരുന്ന അച്ഛൻ സി. നന്ദകുമാറിനൊപ്പമായിരുന്നു കുട്ടിക്കാലത്ത് പൂരപ്പറമ്ബിലേക്കുള്ള അശ്വതിയുടെ യാത്ര. വാദ്യകലാകാരൻ ജിതിൻ കല്ലാറ്റ് ജീവിതപങ്കാളിയായെത്തിയതോടെ ചെണ്ട പഠിക്കാൻ തുടങ്ങി. ചെണ്ടയില്‍ സാംസ്കാരികവകുപ്പിന്റെ സ്കോളർഷിപ്പ് നേടിയ ആദ്യവനിതയാണ് അശ്വതി.
ജിതിൻ പ്രാമാണികനാകുന്ന ഘടകപൂരത്തിൻറെ വാദ്യസംഘത്തിലാണ് അശ്വതിയുടെ അരങ്ങേറ്റം. ഇലത്താളവുമായി മകൻ അദ്വൈതുമുണ്ടെന്നത് ഇരട്ടി മധുരമാണ്. ജിതിന്റെത്തന്നെ ശിഷ്യയായ അർച്ചന, മകൻ ഉദ്ധവിന്റെ ചെണ്ടപഠനക്ലാസ് കണ്ട് ഹരം കയറിയാണ് ഈ രംഗത്തേക്ക് തിരിഞ്ഞത്. മർച്ചന്റ് നേവി ക്യാപ്റ്റൻ അനൂപ് മോഹനാണ് നർത്തകി കൂടിയായ അർച്ചനയുടെ ഭർത്താവ്. പൊങ്ങണംകാട് സ്വദേശിയും എംബിഎ വിദ്യാർഥിനിയുമായ ഹൃദ്യ ഇത്തവണയും അച്ഛനോടൊപ്പം കാരമുക്ക് ഭഗവതിയുടെ വാദ്യസംഘത്തില്‍ കുറുങ്കുഴലുമായി എത്തുന്നുണ്ട്.
പനമുക്ക് സ്വദേശി പി.വി. ദിവ്യകൃഷ്ണ കൊമ്ബുമായും കാരമുക്കിന്റെ സംഘത്തിലുണ്ടാകും. മച്ചാട് സ്വദേശികളായ അൻവിത (ആറാം ക്ലാസ്), അനുശ്രീ (എട്ടാംക്ലാസ്) എന്നീ കുട്ടികള്‍ കൊമ്ബുമായും കണിമംഗലം സ്വദേശി ലക്ഷ്മിനന്ദ(ഏഴാംക്ലാസ്)യും പനമുക്ക് സ്വദേശി രഹന രാജുവും കുഴലുമായും പനമുക്കുംപിള്ളി വാദ്യസംഘത്തിലുണ്ടാകും.










